Pages

ഓണക്കിറ്റില്‍ സേമിയയും ചോക്‌ളേറ്റും ഉള്‍പ്പെടെ 13 ഇനങ്ങള്‍; കിറ്റ് ഒന്നിന് 469.70 രൂപ

ഓണക്കിറ്റില്‍ സേമിയയും ചോക്‌ളേറ്റും ഉള്‍പ്പെടെ 13 ഇനങ്ങള്‍; കിറ്റ് ഒന്നിന് 469.70 രൂപ

എല്ലാ കാര്‍ഡുടമകള്‍ക്കും ഓണക്കിറ്റ് നല്‍കാന്‍ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. ഓണത്തിന് മുന്നോടിയായി നല്‍കുന്ന സ്‌പെഷ്യല്‍ ഭക്ഷ്യക്കിറ്റില്‍ 13 ഇനം സാധനങ്ങള്‍ ഉള്‍പ്പെടുത്തുമെന്ന് കിറ്റ് വിതരണത്തിന്റെ ചുമതലയുള്ള സപ്ലൈക്കോ സര്‍ക്കാരിനെ അറിയിച്ചു. പഞ്ചസാര, വെളിച്ചെണ്ണ, സേമിയ മുതലായവയക്കുപുറമേ കുട്ടികള്‍ക്കായി ചോക്‌ളേറ്റുകളും ഓണക്കിറ്റിലുണ്ടാകും. ഒരു കിറ്റിന് 469.70 രൂപയാണ് വിലയാകുക.

86 ലക്ഷം റേഷന്‍കാര്‍ഡുടമകള്‍ക്കാണ് കിറ്റ് നല്‍കുന്നത്. എല്ലാവര്‍ക്കും സ്‌പെഷ്യല്‍ കിറ്റ് നല്‍കുന്നതിനായി ആകെ 469.70 രൂപ ചെലവ് വരുമെന്നാണ് സപ്ലൈകോ കണക്കുകൂട്ടുന്നത്. റേഷന്‍ വ്യാപാരികള്‍ക്ക് ഏഴര ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്‌.നാല്‍പതോളം റേഷന്‍ വ്യാപാരികളാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

തിരുവനന്തപുരം മൃഗശാലയില്‍ പാമ്പു കടിയേറ്റ് മരിച്ച ഹര്‍ഷാദിന്റെ കുടുംബത്തിന് 20 ലക്ഷം രൂപയുടെ ധനസഹായം നല്‍കും. ഇതില്‍ പത്തു ലക്ഷം വീടും സ്ഥലവും വാങ്ങാനാണ്. പത്ത് ലക്ഷം രൂപ സ്ഥിര നിക്ഷേപമായി മാറും. കുട്ടികളുടെ പഠനച്ചെലവ് 18 വയസ്സുവരെ സര്‍ക്കാര്‍ ഏറ്റെടുക്കും. ഒപ്പം ഹര്‍ഷാദിന്റെ കുടുംബത്തിന്റെ ആശ്രിതരിലൊരാള്‍ക്ക് ജോലി നല്‍കാനും തീരുമാനമായി. ഈ മാസം 21 മുതല്‍ നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.