*പരീക്ഷാ വിജയത്തെക്കാൾ വലുതാണ് ജീവിത വിജയം ; വിദ്യാഭ്യാസ മന്ത്രി*
14-07-2021
പൂര്‍ണമായും ഓണ്‍ലൈനായി പൂര്‍ത്തിയാക്കിയ ഒരു അധ്യയന വര്‍ഷത്തിലെ എസ്‌എസ്‌എല്‍സി പരീക്ഷയുടെ ഫലം പ്രഖ്യാപിക്കാനിരിക്കെ വിദ്യാര്‍ത്ഥികള്‍ക്ക് ആശംസയുമായി പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. ആധുനിക സാങ്കേതികവിദ്യാ സംവിധാനങ്ങളും ആശയവിനിമയ സംവിധാനങ്ങളും ഫലപ്രദമായി പ്രയോജനപ്പെടുത്തി പ്രതിസന്ധികളെ ആത്മവിശ്വാസത്തോടെ മറികടന്ന വിദ്യാര്‍ത്ഥികളെ ഓരോരുത്തരേയും അഭിനന്ദിക്കുന്നു. കഠിനമായ പ്രയത്‌നത്തിലൂടെ പത്താം തരം പരീക്ഷയ്ക്ക് സ്വയം സജ്ജമാകുകയും പരീക്ഷ വിജകരമായി എഴുതുകയും ചെയ്ത കുട്ടികള്‍ കേരള സമൂഹത്തിന് നല്‍കിയ ആത്മവിശ്വാസവും ലോകത്തിന് നല്‍കിയ ശുഭകരമായ സന്ദേശവും മഹത്തരമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
പരീക്ഷാഫലം വരുന്ന ഘട്ടത്തിലും ഇതേ ആത്മവിശ്വാസം കുട്ടികള്‍ക്ക് നിലനിര്‍ത്താന്‍ കഴിയണം. ഉപരിപഠനത്തിന് അര്‍ഹരായവരെല്ലാം ഉപരിപഠന സാധ്യതകള്‍ പ്രയോജനപ്പെടുത്തണം. ഏതെങ്കിലും കാരണവശാല്‍ ഉപരിപഠനത്തിന് അര്‍ഹരാകാത്തവര്‍ നിരാശരാകരുത്. നിങ്ങള്‍ക്കായി സേ പരീക്ഷ ഒരുക്കിയിട്ടുണ്ട്. അത് പ്രയോജനപ്പെടുത്തണം. അമിതമായി ആഹ്ലാദിക്കുകയോ നിരാശപ്പെടുകയോ ചെയ്യരുത്. ജീവിത വഴിയിലുള്ള ചില പടവുകള്‍ എന്ന നിലയില്‍ പരീക്ഷാഫലത്തെ കാണണം. പരീക്ഷാ വിജയത്തേക്കാള്‍ പ്രധാനം ജീവിത വിജയമാണ്. അതിനുള്ള നിതാന്തമായ പരിശ്രമം തുടര്‍ന്നുകൊണ്ടേയിരിക്കണം. അന്തിമ വിജയം നമ്മുടെ പക്ഷത്ത് തന്നെയാണെന്നും വിദ്യാഭ്യാസ മന്ത്രി ചൂണ്ടിക്കാട്ടുന്നു.
*വിദ്യാഭ്യാസ മന്ത്രിയുടെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം*
എന്റെ പ്രിയപ്പെട്ട കുട്ടികളെ.... SSLC പരീക്ഷാ ഫലം ഇന്ന് ഉച്ചയ്ക്ക് പ്രഖ്യാപിക്കുകയാണ്. പരീക്ഷ എഴുതിയ കുട്ടികളുടേയും രക്ഷകര്‍ത്താക്കളുടേയും ആകാംക്ഷ മനസ്സിലാക്കുന്നു. വല്ലാത്ത ഒരു കാലത്തിലൂടെ നാം കടന്നു പോവുകയാണ്. കോവിഡ് നമ്മുടെ സ്വാഭാവികതകളെയെല്ലാം മാറ്റിമറിച്ചു. രോഗവാഹകര്‍ മനുഷ്യര്‍ തന്നെയായതിനാല്‍ നമുക്ക് ഒരുമിച്ച് ചേരാന്‍ കഴിയുന്നില്ല. കഴിഞ്ഞ വര്‍ഷം മുഴുവന്‍ സ്‌കൂളുകള്‍ അടച്ചിടേണ്ടി വന്നു. എങ്കിലും കുട്ടികളെ പഠനവഴിയില്‍ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ ബദ്ധശ്രദ്ധരായിരുന്നു.
ഈ കാലവും കടന്നുപോകും. കോവിഡിനെ മാനവരാശി മറികടക്കും. പക്ഷെ കാലം നമുക്കായി കാത്തുനില്‍ക്കില്ല. കോവിഡ്മൂലം ഒരു കുട്ടിക്കും പഠനകാര്യത്തില്‍ നഷ്ടം വരരുത് എന്നതിനാലാണ് 2020 ജൂണ്‍ ഒന്നിന് തന്നെ ഡിജിറ്റല്‍ ക്ലാസുകള്‍ തുടങ്ങിയത്. സാധാരണ അധ്യാപകര്‍ നേരില്‍ പഠിപ്പിക്കുന്നതുപോലെയാകില്ലല്ലോ ഡിജിറ്റല്‍ ക്ലാസുകള്‍. കൂട്ടുകാരുമായി ചേര്‍ന്ന് നിങ്ങള്‍ക്ക് മനസ്സിലാക്കുന്ന ഒട്ടേറെ ജീവിത പാഠങ്ങളുണ്ട്. അവ ഒരു പക്ഷെ നിങ്ങള്‍ക്ക് വേണ്ടത്ര അനുഭവവേദ്യമായിക്കാണില്ല. എന്നിരുന്നാലും ആധുനിക സാങ്കേതികവിദ്യാ സംവിധാനങ്ങളും ആശയവിനിമയ സംവിധാനങ്ങളും ഫലപ്രദമായി പ്രയോജനപ്പെടുത്തി പ്രതിസന്ധികളെ ആത്മവിശ്വാസത്തോടെ മറികടന്ന നിങ്ങളെ ഓരോരുത്തരേയും അഭിനന്ദിക്കുന്നു.
ഈ പരിമിതിക്കുള്ളിലും ഡിജിറ്റല്‍ ക്ലാസുകളില്‍ പങ്കെടുത്തും അധ്യാപകര്‍ നല്‍കിയ തുടര്‍ പഠന പിന്തുണ പ്രയോജനപ്പെടുത്തിയും സംശയനിവാരണത്തിനായി സ്‌ക്കൂളുകളിലെത്തിച്ചേര്‍ന്ന് അധ്യാപകരുടെ സേവനം പ്രയോജനപ്പെടുത്തിയും കഠിനമായ പ്രയത്‌നത്തിലൂടെ പത്താം തരം പരീക്ഷയ്ക്ക് സ്വയം സജ്ജമാകുകയും പരീക്ഷ വിജകരമായി എഴുതുകയും ചെയ്ത നിങ്ങള്‍ കേരളീയ സമൂഹത്തിന് നല്‍കിയ ആത്മവിശ്വാസവും ലോകത്തിന് നല്‍കിയ ശുഭകരമായ സന്ദേശവും മഹത്തരമാണ്.
പരീക്ഷാഫലം വരുന്ന ഘട്ടത്തിലും ഇതേ ആത്മവിശ്വാസം നിലനിര്‍ത്താന്‍ കഴിയണം. ഉപരിപഠനത്തിന് അര്‍ഹരായവരെല്ലാം ഉപരിപഠന സാധ്യതകള്‍ പ്രയോജനപ്പെടുത്തണം. ഏതെങ്കിലും കാരണവശാല്‍ ഉപരിപഠനത്തിന് അര്‍ഹരാകാത്തവര്‍ നിരാശരാകരുത്. നിങ്ങള്‍ക്കായി സേ പരീക്ഷ ഒരുക്കിയിട്ടുണ്ട്. അത് പ്രയോജനപ്പെടുത്തണം.
അമിതമായി ആഹ്ലാദിക്കുകയോ നിരാശപ്പെടുകയോ ചെയ്യരുത്. ജീവിത വഴിയിലുള്ള ചില പടവുകള്‍ എന്ന നിലയില്‍ പരീക്ഷാഫലത്തെ കാണണം. പരീക്ഷാ വിജയത്തേക്കാള്‍ പ്രധാനം ജീവിത വിജയമാണ്. അതിനുള്ള നിതാന്തമായ പരിശ്രമം നമ്മള്‍ തുടര്‍ന്നുകൊണ്ടേയിരിക്കണം. അന്തിമ വിജയം നമ്മുടെ പക്ഷത്താകും.
ഈ സമയത്ത് നിങ്ങളെ ഓരോരുത്തരേയും സജ്ജരാക്കിയ അധ്യാപകരെ ഓര്‍ക്കാതെവയ്യ. യഥാസമയം ക്യാമ്പുകള്‍ സംഘടിപ്പിച്ചും മൂല്യനിര്‍ണയം നടത്തിയും സമയബന്ധിതമായി ഫലം പ്രഖ്യാപിക്കാന്‍ ആയത് അധ്യാപകരുടെ ആത്മാര്‍ത്ഥമായ ഇടപെടല്‍ മൂലമാണ്. എല്ലാ അധ്യാപകര്‍ക്കും അഭിനന്ദനം അറിയിക്കുന്നുവെന്നും
എല്ലാവര്‍ക്കും ആശംസകള്‍ നേരുന്നതായും വിദ്യാഭ്യാസ മന്ത്രി വി.ശിവൻ കുട്ടി പറഞ്ഞു.