1950നും1980 നും ഇടയിൽ ജനിച്ചവർ ഭാഗ്യശാലികളാണ്... കാരണം,

1950നും1980 നും ഇടയിൽ ജനിച്ചവർ ഭാഗ്യശാലികളാണ്... കാരണം,

കാളവണ്ടി യുഗം, റോക്കറ്റ് യുഗത്തിലേക്ക് കുതിക്കുന്നത് കണ്ടവരാണവർ.... 

സൈക്കിൾ യാത്ര ചെയ്തിരുന്നവർക്ക് കാർ യാത്രയിലേക്ക് മാറാൻ ഭാഗ്യം
ചെയ്തവർ....... 

ഇല്ലായ്മയുടെ പരിമതികളിൽ നിന്ന് സമൃദ്ധിയുടെ പടവുകളിലേക്ക് കയറിയവർ...... 

ചെറ്റക്കുടിലുകളിൽ നിന്ന് മണിമാളികകളിലേക്ക് കുടിയേറിയവർ.......... 

പക്ഷെ........... 

ആ ഇല്ലായ്മകളുടെ പരിമതികളുടെ ഇടയിൽ കിട്ടിയിരുന്ന സന്തോഷം ഇപ്പോഴുണ്ടോ?

പലരുടേയും ബാല്ല്യകാലത്തിലൂടെയുള്ള ഒരു സഞ്ചാരം....... 

സ്ക്കൂൾ ജീവിതം ഇന്നത്തേപ്പോലെ പിരിമുറുക്കം ഉള്ളതായിരുന്നില്ല.
പകർത്തെഴുത്തായിരുന്നു മെയിൻ ഹോം വർക്ക്.  പിന്നെ ചിലപ്പോൾ ഒരു കണക്കും. ആകെയുള്ള പേടി എന്നും കിട്ടുന്ന അടിയായിരുന്നു. അടി കിട്ടിയത് വീട്ടിൽ അറിഞ്ഞാൽ വീട്ടിൽ നിന്നും കിട്ടിയിരുന്നു വേണ്ടത് പോലെ!

പഴയ പാഠപുസ്തകങ്ങൾ പകുതി വിലയ്ക്ക് വിറ്റിരുന്നു ഞങ്ങൾ. അതുപോലെ പോയ കൊല്ലത്തെ ബുക്കുകളിലെ ഉപയോഗിക്കാത്ത പേജുകൾ തുന്നിക്കെട്ടി പലരും ബുക്കുകൾ ഉണ്ടാക്കി പുതിയ സ്കൂൾ വർഷം ഉപയോഗിച്ചിരുന്നു. 

മയിൽപ്പീലിത്തുണ്ട് മാനം കാണാതെ പുസ്തകത്താളിൽ ഒളിപ്പിച്ചു വച്ച് പ്രസവിക്കുന്നത് കാത്തിരുന്നിട്ടുണ്ട് ഞങ്ങൾ. കുന്നിക്കുരുവും  തീപ്പെട്ടി പടങ്ങളും പൊന്നുപോലെ സൂക്ഷിച്ചിരുന്നു!

കുളത്തിലും പുഴയിലും  മുങ്ങാംകുഴിയിട്ട് കൂടുതൽ നേരം മുങ്ങിക്കിടന്നവനെന്ന പേരു കിട്ടാൻ നെഞ്ചുംകൂട് പൊട്ടുംവരെ ശ്വാസം പിടിച്ച് മുങ്ങിക്കിടന്നത്.... അന്നെല്ലാവർക്കും തന്നെ നീന്തൽ അറിയാമായിരുന്നു. 

വക്കു പൊട്ടിയ സ്റ്റേറ്റിൽ ഒടിഞ്ഞ പെൻസിൽകഷ്ണം കൊണ്ടെഴുതിയത് മായ്ക്കാൻ മഷിത്തണ്ടും , ബബ്ലൂസ് നാരങ്ങയുടെ തൊണ്ടും ഉപയോഗിച്ചിരുന്നത്.... പ്രകൃതിയിൽ നിന്ന് എന്തും നിർമ്മിക്കാൻ ഞങ്ങൾക്കറിയാമായിരുന്നു. 

മൂടു കീറിയ നിക്കറും ബട്ടൻസു പോയ നിക്കർ പിന്നു കുത്തിയും ഏച്ചു കുത്തിയും ഉപയോഗിച്ചത്. ഇല്ലായ്മ ഒരു കുറവായി ആരും കണ്ടിരുന്നില്ല. 

സ്‌ക്കൂളുകളിൽ ആണ്ടോടാണ്ടു വരുന്ന അച്ചുകുത്തുകാർ ഒരു പേടി സ്വപ്നമായിരുന്നു. 

മഷിപ്പേനയിൽ വെള്ളം ചേർത്ത് അളവു കൂട്ടി എഴുതിയിരുന്നു. മഷി ലീക്കു ചെയ്തുണ്ടായ മഷിപ്പാടുകൾ കൈവിരലുകളിലും ഷർട്ടിലും കാണുക പതിവായിരുന്നു.  മഷിത്തുള്ളികൾ  കടം വാങ്ങാറുമുണ്ടായിരുന്നു. 

വാച്ചും ക്ലോക്കും ഇല്ലാതിരുന്നിട്ടും സൂര്യന്റെ നിഴലു നോക്കി സമയം കണക്കുകൂട്ടി മൈലുകൾ നടന്ന് കൃത്യസമയത്തു തന്നെ സ്കൂളിൽ എത്തിയിരുന്നു... പ്രകൃതിയെ നിരീക്ഷിച്ച്  കാര്യങ്ങൾ നടത്താൻ അന്നേ ഞങ്ങൾ അറിവു നേടി. 

മുഖത്ത് ഒരു ലോഡ് പൗഡറിട്ട് പള്ളിയിലും സ്ക്കൂളിലും പോയിരുന്നു . അതു മാത്രമായിരുന്നു പലരുടേയും മേക്കപ്പ് വസ്തു. 

സ്കൂള് വിട്ടു വന്നശേഷം സന്ധ്യയാകുംവരെ പറമ്പിലും, മൈതാനത്തും, വയലേലകളിലും കൂട്ടുകാർക്കൊപ്പം കളിക്കുമായിരുന്നു.അന്നൊക്കെ ഞങ്ങൾ യാഥാർത്ഥ സ്നേഹിതന്മാർക്കൊപ്പമായിരുന്നു കളിച്ചിരുന്നത്. പിന്നെ,
Net friendsഉം ഊരിയെടുക്കാൻ പറ്റാത്ത വണ്ണം തല കുടുങ്ങികിടക്കാൻ ഫേസ്ബുക്കും അന്ന് ഇല്ലായിരുന്നു. 

ഒരു തുണ്ട് കരിമ്പിൽ നിന്ന് കൂട്ടുകാരെല്ലാം കടിച്ചു തിന്നിരുന്നു. അതുപോലെ തന്നെയായിരുന്നു പല ഭക്ഷണ സാധനങ്ങളും. ആർക്കും ഒരു അസുഖവും പിടിപെട്ടില്ല. 

ഞങ്ങൾ വയറുനിറയെ മൂന്നു നാലുനേരം ആഹാരം കഴിച്ചിട്ടും ആരും പൊണ്ണത്തടിയന്മാർ ആയിട്ടില്ല.
ചെരുപ്പിടാതെ ഊരെല്ലാം ചുറ്റിയിട്ടും ഞങ്ങൾക്ക് അസുഖം ഒന്നും വന്നിട്ടില്ല.
ഞങ്ങൾ ദിനചര്യകൾ തെറ്റിച്ചാലും ആരോഗ്യവാന്മാർ ആയിരുന്നു.

ക്ലാസ് കട്ട് ചെയ്ത് ടൈം ടേബിൾ ബുക്കു വരെ വാങ്ങിക്കാനെന്ന് കളവു പറഞ്ഞ് പൈസ വാങ്ങി സിനിമക്ക് പോയിരുന്നു. പോക്കറ്റു മണിയെന്ന വാക്ക് തന്നെ ആർക്കും  അറിയില്ലായിരുന്നു. 

അതിഥികൾ വരാൻ കാത്തിരുന്ന് അവർ വന്നാൽ എത്ര സ്ഥലമില്ലെങ്കിലും എല്ലാവരും കൂടി ഒരു മുറിയിൽ സന്തോഷമായി കഴിഞ്ഞിരുന്നു......

അക്കാലത്തു ഹൈസ്കൂളിൽ പഠിക്കുമ്പോൾ പോലും ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ച് പുഴയിലും തോട്ടിലും ചാടിയിരുന്നു. അന്നൊന്നും ആർക്കും ഒരശുദ്ധവിചാരവും തോന്നിയിരുന്നില്ല.....!

ഉറുമ്പിൻ തുള വീണ , മൂടു വെട്ടിയിട്ട കമ്പികളിൽ നിന്ന് കുത്തു പറിഞ്ഞു പോയ കുടകൾ ചൂടി നനഞ്ഞൊലിച്ച് സ്ക്കൂളിൽ പോയിരുന്നത്.....ഒരു പനിയും ഞങ്ങൾക്കു പിടിച്ചിട്ടില്ല. 

റേഷനരിചോറിൽ നിന്നും അരിയേക്കാൾ കൂടുതൽ കല്ല് പെറുക്കിക്കളഞ്ഞിരുന്നു.
ആരും ആരോടും പരാതി പറഞ്ഞിരുന്നില്ല......

അന്ന് ഗൃഹനാഥന്മാരെല്ലാവരും തന്നെ ഒരു പേടിയും കൂടാതെ പുറത്താണ് ഉറങ്ങിയിരുന്നത്. ഒരു കള്ളനും അവരുടെ ജീവനെടുത്തില്ല.....

ഓണക്കാലത്തും ക്രിസ്മസ് കാലത്തും പൂവു തേടി കാടും മലയും കയറിയത്...
എത്ര കാൽമുട്ടു പൊട്ടിയാലും പെരുവിരൽ കല്ലിൽ തട്ടി നഖം പോയാലും ആരും കാര്യമാക്കിയില്ല . കമ്യൂണിസ്റ്റു പച്ചയില എല്ലാ മുറിവിന്റേയും ഒറ്റമൂലിയായിരുന്നു...... 

റേഡിയോയിൽ ചലച്ചിത്ര ശബ്ദരേഖയും, നാടകവാരവും, രഞ്ജിനിയും കാത്തിരുന്ന് കേട്ടിരുന്നു. 

മൂന്നരയുടെ ശ്രീലങ്കാ പ്രക്ഷേപണ നിലയത്തിൽ നിന്നുള്ള സരോജിനി ശിവലിംഗത്തിന്റെ മലയാളം പ്രക്ഷേപണവും വാനമുദവും, പിന്നെ വിവിധ-ഭാരതിയും എല്ലാവർക്കും ഹരമായിരുന്നു...പക്ഷെ, ഇതൊന്നും ഒരു കാര്യത്തിനും തടസ്സമായിരുന്നിട്ടില്ല. 

...

ഒക്ടോബർ ആദ്യവാരം സ്കുളുകളിൽ നടത്തുന്ന തൊഴിൽ വാരത്തിന് വീട്ടിൽ നിന്നും കുട്ടയും, തൂമ്പയുമായി സ്കൂളിലേക്ക് പോയിരുന്നു. ഏത് തൊഴിലും ചെയ്യാൻ ആർക്കും ഒരു മടിയില്ലായിരുന്നു. 

ഒരു ബീഡി വലിച്ചാൽ, വലിക്കുന്നത് ആരെങ്കിലും പരിചയക്കാർ കണ്ടാൽ അവർ എത്ര അകലെയാണെങ്കിലും (രണ്ടു മൂന്നു മൈൽ ചുറ്റളവിലുള്ള എല്ലാവരുടേയും ജോഗ്രഫിയും, ബയോഗ്രഫിയും എല്ലാവർക്കും അറിയാമായിരുന്നു) ആ ന്യൂസ് വീട്ടിൽ എത്തിച്ചിരുന്നു. കുട്ടികൾ വഴി തെറ്റാതിരിക്കാൻ " എല്ലാവരും എല്ലാവരേയും " നിരീക്ഷിക്കുന്ന ചാരന്മാരായിരുന്നു. 

കോളേജിൽ പഠിക്കുമ്പോൾ ഒരു സിഗരറ്റിൽ നിന്ന് കൂട്ടുകാരെല്ലാവരും ഓരോ പഫ് മാറി മാറി എടുത്തിരുന്ന കാലം.. ആർക്കും ഒരു ഇൻഫെക്ഷനും വന്നിരുന്നില്ല. 

സ്കൂളിൽ പോകുമ്പോൾ വഴിയിലുള്ള എല്ലാ പുരയിടത്തിലും കയറി മാങ്ങയും  പുളിയും,നെല്ലിക്കയും എറിഞ്ഞു വീഴ്ത്തിയ കാലം... നെല്ലിക്ക വായിലിട്ട് ചവച്ച് വഴിക്കുള്ള ഏതെങ്കിലും കിണറ്റിൽ നിന്ന് വെള്ളം കുടിച്ച് വായിലെ മധുരം ആസ്വദിച്ച കാലം. കുപ്പിവെള്ളം ഞങ്ങൾക്കജ്ഞാതമായിരുന്നു...... 

ഇന്നത്തെ കുട്ടികൾ ആവേശത്തോടെ കഴിക്കുന്ന ന്യൂഡിൽസിനേക്കാളും രുചികരമായിരുന്നു അന്ന് സ്കൂളിൽ കിട്ടിയിരുന്ന മഞ്ഞപ്പൊടിയും, അമേരിക്കൻ ഗോതമ്പും. ഇല്ലായ്മയുടെ  വേദന എല്ലാവർക്കും അറിയാമായിരുന്നു. 

ഓർക്കാപ്പുറത്തു് ആരു കയറി വന്നാലും കൊടുക്കാനായി ഒരു നേരത്തെ ഭക്ഷണം എല്ലാവരും വീട്ടിൽ കരുതിയിരുന്നു. ആരുമെത്തിയില്ലെങ്കിൽ അത് പഴം കഞ്ഞി രൂപത്തിൽ പിറ്റേന്ന് രാവിലെ അവതരിച്ചിരുന്നു. ഇതു കഴിച്ച് അവർ ആര്യോഗ്യം കാത്തു സൂക്ഷിച്ചു. 

അഥിതികൾ വരാൻ കാത്തിരുന്നു ഞങ്ങൾ. ഓർക്കാപ്പുറത്ത് അവർ വന്നാൽ അവർക്കു വെച്ചു കൊടുക്കാൻ അടുത്ത കടയിൽ നിന്നും വാങ്ങിയ റസ്ക്കും
ബിസ്ക്കറ്റും അവർ കാണാതെ അടുക്കള വാതിലിലൂടെ കടത്താൻ എടുത്ത റിസ്ക് ഇന്നത്തെ നെടുമ്പാശ്ശേരിയിലൂടെ സ്വർണ്ണം കടത്തുന്നവർ എടുത്തിട്ടുണ്ടാവില്ല..... 

അങ്ങനെ എത്രയെത്ര ഓർമ്മപ്പൊട്ടുകൾ............ 

ഓർമ്മകൾ മറക്കുമോ......
ഓളങ്ങൾ നിലക്കുമോ......