//ത്യാഗസ്മരണകൾ വിളിച്ചോതി ഇന്ന് കേരളത്തിൽ ബലിപെരുന്നാൾ//
21-07-2021
ത്യാഗ സ്മരണകൾ വിളിച്ചോതി കേരളത്തിൽ ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കുന്നു. ബലിപെരുന്നാൾ എന്നാല്‍ ത്യാഗത്തിന്റെ ഈദ് എന്നാണ് അര്‍ത്ഥമാക്കുന്നത്. ഇതിനെ ഇദ്-ഉല്‍-അസ്ഹ എന്നും വിളിക്കുന്നു. ത്യാഗത്തിന്റെ ചൈതന്യം അതിന്റെ കടമയ്ക്കായി അറിയിക്കുന്ന ഒരു ആഘോഷമാണിത്. പ്രവാചകനായ ഇബ്രാഹിം നബി തന്റെ ആദ്യ മകന്‍ ഇസ്മാഈലിനെ ദൈവ കല്പന മാനിച്ച് ബലിയറുക്കാന്‍ ശ്രമിച്ചതിന്റെ ഓര്‍മ്മ പുതുക്കലാണ് ബലിപെരുന്നാള്‍. ഈ സംഭവവുമായി ബന്ധപ്പെട്ടാണ് ഈ പെരുന്നാളിനെ ബലിപെരുന്നാള്‍ എന്ന് വിശേഷിപ്പിച്ചു തുടങ്ങിയത്. ഈ ദിവസം അറവുമാടുകളെ ബലികൊടുക്കുന്നത് പെരുന്നാളിന്റെ പ്രധാനപ്പെട്ട ആചാരമാണ്.
ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് പ്രവാചകനായ ഇബ്രാഹിം നബിക്ക് പുത്രന്‍ പിറന്നത്. ആ പുത്രന്റെ പേര് ഇസ്മാഇല്‍ എന്നായിരുന്നു. ഒരിക്കല്‍ അള്ളാഹു സ്വപ്നത്തില്‍ വന്ന് നിനക്ക് ഏറ്റവും പ്രിയങ്കരമായത് എന്താണോ അത് ത്വജിക്കാന്‍ ഇബ്രാഹിമിനോട് പറഞ്ഞു. ദൈവ കല്പന അനുസരിച്ച് തന്റെ പ്രിയപുത്രനെ ബലികൊടുക്കാന്‍ ഇബ്രാഹിം തീരുമാനിച്ചു. ഇക്കാര്യം അറിഞ്ഞ മകനും എതിര്‍വാക്ക് പറഞ്ഞില്ല. എന്നാല്‍ പരീക്ഷണത്തില്‍ ഇബ്രാഹിമിന്റെ ഭക്തിയില്‍ അള്ളാഹു സംപ്രീതനായി. ബലിനല്‍കുന്ന സമയത്ത് ദൈവദൂതന്‍ എത്തുകയും ഇസ്മാഈലിനെ മാറ്റി ആടിനെ വയ്ക്കുകയും ചെയ്തു.
ഈ ദിനത്തിന്റെ ഓര്‍മ്മപുതുക്കലാണ് ബലിപെരുന്നാളായി ആചരിക്കുന്നത്. അള്ളാഹുവിന്റെ കൃപയാല്‍ ഇബ്രാഹിമിന് ഇസ്ഹാഖ് എന്നൊരു പുത്രിനും കൂടി ജനിച്ചു. ദൈവപ്രീതിക്കായി മനുഷ്യനെ ബലിനല്‍കരുതെന്ന സന്ദേശവും ബലിപെരുന്നാള്‍ നല്‍കുന്നു. ബലിപെരുന്നാൾ ആഘോഷം മൂന്ന് ഘട്ടങ്ങളിലായാണ് നടക്കുന്നത്. തനിക്കുള്ളത് ഉപേക്ഷിക്കുക, തനിക്കുള്ളത് സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും നല്‍കുക, പാവങ്ങള്‍ക്ക് ദാനം നല്‍കുക എന്നീ മൂന്ന് പുണ്യകരമായ പ്രവര്‍ത്തിയാണ് ബലിപെരുന്നാള്‍ ദിനം അനുഷ്ഠിക്കുന്നത്. ഈ ദിവസം ബലി കഴിച്ച ആടിനെ മൂന്നായി ഭാഗിച്ച് ഒരു വിഹിതം ബലിനല്‍കിയവര്‍ക്കും മറ്റൊരു ഭാഗം ബന്ധുമിത്രാദികള്‍ക്കും ഒരു ഭാഗം പാവപ്പെട്ടവര്‍ക്കും നല്‍കുന്നു. 400 ഗ്രാം സ്വര്‍ണ്ണത്തേക്കാള്‍ കൂടുതല്‍ സമ്പത്തുള്ള ഓരോ മുസ്ലിമും ബലി നല്‍കണമെന്നാണ് നിയമം.
ഒരു വര്‍ഷത്തില്‍ രണ്ട് പ്രാവശം ഈദ് ആഘോഷിക്കും. ആദ്യം ചെറിയ പെരുന്നാളും (ഈദ് ഉല്‍ ഫിത്വര്‍) പിന്നീട് വലിയ പെരുന്നാൾ (ബക്രീദ് ) എന്നിങ്ങനെയാണ്. ചന്ദ്രനെ നിരീക്ഷിച്ചാണ് പെരുന്നാള്‍ തീയതി കണക്കാക്കുന്നത്. ദുല്‍ഹജ്ജ് മാസത്തിലാണ് വലിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. എന്നാല്‍ റമദാല്‍ മാസത്തിലാണ് ചെറിയ പെരുന്നാള്‍ ആഘോഷിക്കപ്പെടുന്നത്. ചെറിയ പെരുന്നാള്‍ ലോകത്ത് സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശമാണ് വിളിച്ചറിയിക്കുന്നത്. വലിയ പെരുന്നാള്‍ ത്യാഗത്തിന്റെയും സഹനത്തിന്റെയും മഹത്വവും നല്‍കുന്നു.