എസ്.എസ്.എൽ.സി.പരീക്ഷയും സോഷ്യൽ മീഡിയയിലുടനീളം പരിഹാസങ്ങളും...**_വിജയത്തിൻ്റെ തിളക്കത്തെ കെടുത്തിക്കളയുന്ന സമൂഹത്തിൻ്റെ മനോഭാവത്തിന് എന്നാണ് മാറ്റം വരുക?_*

*എസ്.എസ്.എൽ.സി.പരീക്ഷയും സോഷ്യൽ മീഡിയയിലുടനീളം പരിഹാസങ്ങളും...*

*_വിജയത്തിൻ്റെ തിളക്കത്തെ കെടുത്തിക്കളയുന്ന സമൂഹത്തിൻ്റെ മനോഭാവത്തിന് എന്നാണ് മാറ്റം വരുക?_*

ഇത്തവണത്തെ എസ്.എസ്.എൽ.സി.പരീക്ഷയിൽ 99.47% പേർ വിജയിച്ചു... ഫുൾ എ പ്ലസ് മൂന്ന് മടങ്ങായി വർധിച്ചിട്ടുണ്ട്....കേരളം കോവിഡിനെ പഠിച്ചു തോൽപിച്ചു എന്നതാണ് മാധ്യമങ്ങളുടെ ഭാഷ...
ഇതിനു തൊട്ടുപുറകെ തന്നെ സോഷ്യൽ മീഡിയയിലുടനീളം പരിഹാസങ്ങളും ട്രോളുകളും നിറഞ്ഞു കൊണ്ടിരിക്കുന്നു..... ''പരീക്ഷയെഴുതിയ എല്ലാവർക്കും ഫുൾ എ പ്ലസ് ആണല്ലോ.... " എന്നും പറഞ്ഞ് പുച്ഛിക്കുമ്പോൾ കുറേയേറെ വിജയങ്ങൾക്ക് മങ്ങലേൽക്കുന്നു എന്നു പറയാതിരിക്കാൻ വയ്യ...ശരിക്കും ഇത്തവണത്തെ പരീക്ഷയെ ഒരുപാടു പ്രതിസന്ധികളോടെ നേരിട്ടു വിജയം കൈവരിച്ച കുട്ടികൾ ഇത്രയേറെ അവജ്ഞ അർഹിക്കുന്നവരാണോ? എന്തായാലും വെറുതേ പോയി എക്സാം ഹാളിലിരുന്നവർക്ക് ഫുൾ എ പ്ലസ് കിട്ടില്ലല്ലോ?

അധ്യയന വർഷം മുഴുവൻ സ്കൂളുകൾ അടച്ചിട്ട് ഓൺലൈനായി പഠിച്ച് സാധാരണ രീതിയിൽ ഒരു പൊതു പരീക്ഷയെ ആദ്യമായി അഭിമുഖീകരിക്കേണ്ടി വന്ന പതിനഞ്ചു വയസു മാത്രം പ്രായമുള്ളവരാണ്... അവസാനത്തെ ഒന്നോ രണ്ടോ മാസം മാത്രമാണ് അവർക്ക് അധ്യാപകരിൽ നിന്നും നേരിട്ടുള്ള പഠനം സാധ്യമായിട്ടുള്ളത്.... അതും നിയന്ത്രണങ്ങൾക്കു വിധേയമായി... പതിനഞ്ചാം വയസിൽ ജീവിതത്തിലെ ആദ്യത്തെ പൊതു പരീക്ഷ എന്നു പറയപ്പെടുന്ന എസ്.എസ്.എൽ.സി.പരീക്ഷ എത്രയേറെ ആശങ്കകളോടെയും വ്യാകുലതകളോടെയുമാണ് ഇത്തവണ കുട്ടികൾ നേരിട്ടിട്ടുണ്ടാവുക.....

മാറിയ പഠനരീതിയുമായി ഒന്നു യോജിച്ചു വരുന്നതിനു മുമ്പേ ആണ് പത്താം ക്ലാസിലെ കുട്ടികൾക്ക് ഒരു പൊതുപരീക്ഷയെ നേരിടേണ്ട അവസ്ഥയുണ്ടായത്... ഓൺലൈൻ പഠനത്തിൻ്റെ പോരായ്മ എത്രയൊക്കെ ബാധിച്ചെന്നു പറഞ്ഞാലും അതേ ഓൺലൈൻ പഠനത്തിൻ്റെ അനന്ത സാധ്യതകൾ ഉപയോഗിച്ചുകൊണ്ടാണ് പഠന പ്രക്രിയ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്.....ഡിജിറ്റൽ ഡിവൈസുകളുടെ ലഭ്യതക്കുറവുള്ളവരും നെറ്റ് വർക്ക് പ്രശ്നമുള്ളവരും എല്ലാം ഒരു വർഷത്തിലുടനീളം കടന്നു പോയ വിഷമതകൾക്കും മാനസികവ്യഥകൾക്കും യാതൊരു വിലയുമില്ലേ?

പരീക്ഷയെഴുതിയ കുട്ടികളിൽ കോവിഡ് ബാധിതരുണ്ടായിരുന്നു... പി.പി.ഇ .കിറ്റ് ധരിച്ച് പരീക്ഷ എഴുതിയ എത്ര കുട്ടികളുണ്ടായിരുന്നു... ക്വാറൻ്റൈനിൽ കഴിയുന്നവർ എത്രയുണ്ടായിരുന്നു... പ്രത്യേക മുറികളിലാക്കിയിട്ടാണ് അവർക്ക് പരീക്ഷ നടത്തിയത്... കുടുംബാംഗങ്ങൾ മരിച്ച ദിവസം പോലും സ്കൂളിലെത്തി പരീക്ഷയ്ക്ക് ഹാജരായവരുണ്ടായിരുന്നു..

മിക്ക സംസ്ഥാനങ്ങളും കോവിഡിൻ്റെ പശ്ചാത്തലത്തിൽ പരീക്ഷ പോലും നടത്താതിരുന്നപ്പോഴാണ്കൃത്യമായ മാർഗനിർദേശങ്ങളോടെയും മാനദണ്ഡങ്ങൾ പാലിച്ചും കേരളത്തിലെ വിദ്യാലയങ്ങളിൽ എസ്.എസ്.എൽ.സി. പരീക്ഷ നടന്നതും സമയബന്ധിതമായി പരീക്ഷാ ഫലം പ്രഖ്യാപിച്ചതും....

ഇതു വരെ കുട്ടികളുടെ പഠനത്തിൽ യാതൊരു ശ്രദ്ധയും പിന്തുണയും കൊടുക്കാത്തവരാണ് ഇപ്പോൾ വിമർശനവുമായി വന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്... നിർധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വാങ്ങിക്കൊടുക്കാനും പഠിക്കാനുള്ള സാഹചര്യങ്ങൾ ഒരുക്കിക്കൊടുക്കാനും പൊതു സമൂഹത്തിൻ്റെ ഒരു കൈത്താങ്ങുകൂടി ഉണ്ടായിരുന്നു എന്നത് സ്പഷ്ടമാണ്.. അവരൊന്നും ഇത്തരം ട്രോളുകളിലൂടെ മാനസികോല്ലാസം നേടുന്നവരാണെന്ന് തോന്നുന്നില്ല...

ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തിൽ വിദ്യാർത്ഥികളോട് കുറച്ച് ഉദാരമായ സമീപനം കാണിച്ചു എന്നു വച്ച് അതുകൊണ്ട് മാത്രമാണ് ഫുൾ എ പ്ലസ് ലഭിച്ചത് എന്നു പറഞ്ഞ് കുട്ടികളുടെ തയ്യാറെടുപ്പുകളെയും പ്രയത്നങ്ങളെയും കുറച്ചു കാണാതിരിക്കുക... അവരുടെ വളരുന്ന ആത്മവിശ്വാസത്തെ തകർക്കാതിരിക്കുക... ഇക്കുറി ഗ്രേസ് മാർക്കുകളോ മോഡറേഷനോ ഉണ്ടായിരുന്നില്ല എന്നതു കൂടി ചേർത്തു വായിക്കേണ്ടതുണ്ട്... പ്രതികൂല സാഹചര്യത്തെ സധൈര്യം നേരിട്ട് ഭയാശങ്കകൾക്കിടയിൽ പരീക്ഷയ്ക്ക് ഹാജരായി മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികൾ ഓരോരുത്തരും അഭിനന്ദനമർഹിക്കുന്നു...അവരുടെ വിജയത്തെ അംഗീകരിച്ചില്ലെങ്കിലും കുട്ടികളുടെ മനോധൈര്യം തകർക്കുന്ന രീതിയിൽ അവരോടുള്ള പെരുമാറ്റം അവസാനിപ്പിക്കുക..
വിജയങ്ങളുണ്ടാവുമ്പോൾ അതിലെ പോസിറ്റീവ് ഘടകങ്ങളൊന്നും കാണാതെ നേരിയ കുറവുകളെ മാത്രം ഹൈലൈറ്റ് ചെയ്ത് വിജയത്തിൻ്റെ തിളക്കത്തെ കെടുത്തിക്കളയുന്ന സമൂഹത്തിൻ്റെ മനോഭാവത്തിന് എന്നാണ് മാറ്റം വരുക?

✍️ കടപ്പാട് *സബാഹ്. കെ. പി*