Pages

//സ്വകാര്യ ആശുപത്രിയിലെ ചികിത്സാ രേഖകൾ രോഗിക്ക് അവകാശപ്പെട്ടതാണോ?//

//സ്വകാര്യ ആശുപത്രിയിലെ ചികിത്സാ രേഖകൾ രോഗിക്ക് അവകാശപ്പെട്ടതാണോ?//

കൂടുതൽ മെച്ചപ്പെട്ട സേവനം ലഭിക്കുമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് പലരും സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടുന്നത്. എന്നാൽ ചികിത്സയ്ക്കുശേഷം, ചികിത്സാ രേഖകൾ രോഗിയോ, രോഗിയുടെ അടുത്ത ബന്ധുക്കളോ ആവശ്യപ്പെടുമ്പോൾ ചില സ്വകാര്യ ആശുപത്രികൾ ഒഴിവുകഴിവുകൾ നിരത്തി അവ നിഷേധിക്കുകയാണ് പതിവ്. ഇതുമൂലം സാധാരണക്കാരായ രോഗികൾക്ക് മറ്റ് ആശുപത്രികളിൽ തുടർ ചികിത്സയ്ക്ക് പോകുവാൻ സാധിക്കാതെ വരുന്നു.

നിയമത്തിലുള്ള അജ്ഞത മൂലം പല രോഗികൾക്കും ഇത്തരത്തിലുള്ള പ്രവണതകളെ ചോദ്യം ചെയ്യുവാൻ കഴിയാതെ വരുന്നുണ്ട്. എന്നാൽ 10 രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പും, ഒരു വെള്ളക്കടലാസും ഉണ്ടെങ്കിൽ ഈ പ്രശ്നം വിവരകാശ നിയമപ്രകാരം പരിഹരിക്കാവുന്നതാണ്.

ഒരു വ്യക്തിയുടെ ജീവനെ ബാധിക്കുന്ന വിവരമാണ് വിവരാവകാശ നിയമപ്രകാരം ചോദിച്ചിട്ടുള്ളതെങ്കിൽ, പ്രസ്തുത വിവരം 48 മണിക്കൂറിനുള്ളിൽ അപേക്ഷകന് ലഭ്യമാക്കേണ്ടതാണ്.
അപേക്ഷ പൊതു അധികാരിയായ ജില്ലാ മെഡിക്കൽ ഓഫീസർക്കാണ് സമർപ്പിക്കേണ്ടത്. രോഗിയുടെ ജീവനെ ബാധിക്കുന്ന അത്യാവശ്യ രേഖകളാണെങ്കിൽ DMO ഓഫീസിൽ നേരിട്ട് അപേക്ഷ സമർപ്പിച്ചു രസീത് വാങ്ങുകയാണ് അഭികാമ്യം.

വിവരാവകാശ നിയമം സെക്ഷൻ 2(J) പ്രകാരം, ജില്ലാ മെഡിക്കൽ ഓഫീസർ തന്റെ നിയന്ത്രണത്തിലുള്ള, സ്വകാര്യ ആശുപത്രിയിൽ നിന്നും വിവരങ്ങൾ ശേഖരിച്ച് അപേക്ഷകന് 48 മണിക്കൂറിനുള്ളിൽ ലഭ്യമാക്കേണ്ടതുണ്ട്. ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ ടെസ്റ്റ് റിപ്പോർട്ടുകളും അപേക്ഷകന് കൊടുക്കേണ്ടതുണ്ട്. 

മറ്റ് നിയമങ്ങളായ ഉപഭോക്ത സംരക്ഷണനിയമം 1986, റൈറ്റ് ടു ഇൻഫർമേഷൻ അണ്ടർ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ റെഗുലേഷൻ എന്നിവ പ്രകാരവും ചികിത്സാ രേഖകൾ രോഗിയുടെ മൗലിക അവകാശമാണ്.

രോഗിയോ, രോഗി അംഗീകാരപ്പെടുത്തിയ മറ്റ് ആളുകളോ ആവശ്യപ്പെട്ടാൽ അപേക്ഷ സ്വീകരിച്ച് രസീത് നൽകുകയും, തുടർന്ന് ചികിത്സാ രേഖകൾ 72 മണിക്കൂറിനുള്ളിൽ ലഭ്യമാക്കണമെന്നാണ് Rajappan V/s Sree Chithirathirunnal Institute of Medical Science and Technology എന്ന കേസിൽ കേരള ഹൈക്കോടതി വ്യക്തമാക്കിയിട്ടുള്ളത്. മേൽനിർദേശം മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ എല്ലാ ആശുപത്രികൾക്കും കൈമാറിയിട്ടുള്ളതു മാണ്.

സർക്കാർ ആശുപത്രിയാണെങ്കിൽ സൂപ്രണ്ട് വഴിയും, ക്ലിനിക്കുകൾ, ഏക ഡോക്ടർ സംവിധാനം എന്നിവിടങ്ങളിലാണെങ്കിൽ മേൽനടപടി പ്രകാരവും രേഖകൾ ശേഖരിക്കുവാൻ സാധിക്കുന്നതാണ്.