Pages

സഹകരണ സംഘങ്ങൾക്ക് ആദയനികുതി വകുപ്പ് പ്രകാരം ഇളവനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധി വന്നു

സഹകരണ സംഘങ്ങൾക്ക് ആദയനികുതി വകുപ്പ് പ്രകാരം ഇളവനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധി വന്നു


സഹകരണ സംഘങ്ങൾക്ക് ആധായ നികുതി വകുപ്പ് പ്രകാരം ആശ്വാസമായി ഉന്നത നീതി പീഠം.ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ സാധാരണ ജനങ്ങളുടെ ആശ്രയമായ സഹകരണ സംഘങ്ങൾക്ക് ആദായ നികുതി 80P വകുപ്പ് പ്രകാരം ഇളവനുവദിച്ചുകൊണ്ടുള്ള സുപ്രധാന വിധിക്ക് രാജ്യം സാക്ഷിയായി. ജസ്റ്റിസ് ആർ.എഫ് നരിമാൻ, നവിൻ സിൻഹ, കെ.എം. ജോസഫ് അടങ്ങിയ മുന്നംഗ ബെഞ്ചാണ് വിധി പ്രസ്ഥാവിച്ചത്.

സഹകരണ സംഘങ്ങൾക്ക് നികുതി ഇളവുകൾ നഷ്ടപ്പെടാൻ കാരണമായ കേരള ഹൈക്കോടതിയുടെ ഫുൾ ബെഞ്ച് വിധി സുപ്രീം കോടതി റദാക്കി. നിലവിലെ കേരള ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് കിട്ടാനാണ് മാവിലായി സർവീസ് ഹകരണ ബാങ്ക് സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ ദീർഘ നാൾ നീണ്ട ആദായ നികുതി വകുപ്പിന്റെയും സഹകരണ അഭിഭാഷകരുടെയും വാദപ്രതിവാദങ്ങൾക്ക് ഒടുവിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി പൂർണമായും തള്ളിക്കൊണ്ടാണ് ബഹു.സുപ്രീം കോടതി ചരിത്ര വിധി പുറപ്പെടുവിച്ചത്. സഹകരണ സംഘങ്ങൾക്ക് നികുതിയില്‍ അനുവദിച്ച് കൊടുക്കുന്ന വിവിധ തരം കിഴിവുകളാണ് ആദായ നികുതി വകുപ്പ് 80P യില്‍ പ്രതിപാദിക്കുന്നത്.

ഈ കിഴിവുകള്‍ അനുവദിക്കാതിരിക്കാന്‍ കേരളത്തിലെ സർവീസ് സഹകരണ ബാങ്കുകൾ ഉൾപ്പെടെ പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളും മറ്റ് സംഘങ്ങളും ബാങ്കിങ്ങ് ഇടപാടുകളാണ് നടത്തുന്നത് എന്ന വാദമാണ് ആദായനികുതി വകുപ്പ് വർഷങ്ങളായി ഉന്നയിച്ചുകൊണ്ടിരുന്നത്. ഈ വാദങ്ങളെല്ലാം തള്ളി കൊണ്ടാണ് എല്ലാ കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾക്കും നികുതി ഇളവ് ലഭിക്കുന്ന സുപ്രധാന വിധി വന്നിട്ടുള്ളത്. വിധിയുടെ പരിസമാപ്തിയിലെ പ്രസക്തമായ വാക്കുകൾ ഇങ്ങനെയാണ്: "Full Bench Judgement is set aside.These appeals are directed to be placed before the appropriate benches of Kerala High Court for disposal on merit in the light of this judgment". മാത്രമല്ല സഹകരണ മേഖലയുടെ വളര്‍ച്ചയ്ക്കുള്ള വകുപ്പായി 80P യെ കാണണമെന്നും അതിന്റെ മാനുഷിക മുഖം വിശാല മനസ്സോടെ വിവേക പൂർവ്വം വ്യാഖ്യാനിക്കണമെന്നും കോടതി കൂട്ടിച്ചേർത്തു.

വിധിയിലെ പ്രസക്ത ഭാഗങ്ങൾ:

1.കേരള സഹകരണ സംഘം നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്ത എല്ലാ സഹകരണ സംഘങ്ങളെയും കോ-ഓപ്പറേറ്റീവ് സൊസൈറ്റിയായി കണക്കാക്കണം.

2. അപ്രകാരമുള്ള സ്ഥാപനങ്ങളുടെ മേൽ കൂടുതല്‍ പരിശോധനകള്‍ ആദായനികുതി വകുപ്പ് നടത്തേണ്ടതില്ല.

3.റിസര്‍വ് ബാങ്കിന്‍റെ ലൈസന്‍സ് ഉള്ള സഹകരണ സംഘങ്ങളെ മാത്രമേ സഹകരണ ബാങ്കുകളായി കണക്കാക്കാൻ പാടൊള്ളു. അല്ലാത്തവ സഹകരണ സംഘങ്ങളായി കണ്ടാൽ മതി.

4.കാര്‍ഷിക വായ്പ, കാര്‍ഷികേതര വായ്പ എന്ന വ്യത്യാസമില്ലാതെ നികുതി ഇളവിന് അർഹതയുണ്ടായിരിക്കും.

5. മെമ്പർമാർക്കണോ പൊതുജനങ്ങൾക്കാണോ വായ്പകള്‍ നല്‍കിയിരിക്കുന്നത് എന്ന കാര്യത്തിൽ മാത്രമേ ആദായനികുതി വകുപ്പിന് പരിശോധിക്കാൻ അവകാശമൊള്ളൂ.

6. വോട്ടവകാശമുള്ള അംഗങ്ങളെപ്പോലെ (എ ക്ലാസ്സ്‌ അംഗങ്ങൾ) നാമമാത്ര അംഗങ്ങളെയും മെമ്പര്‍മാരായി കാണണം.

7.എതെങ്കിലും തരത്തിൽ ആദായ നികുതി വകുപ്പിന് സംശയം ഉൽഭവിച്ചാൽ അക്കാര്യംകൂടി സഹകരണ സംഘങ്ങൾക്ക് അനുകൂലമായിട്ടായിരിക്കണം തീരുമാനിക്കേണ്ടത്.

ഓരോ സാമ്പത്തിക വർഷത്തിലും സഹകരണ സംഘത്തിന് അസെസ്സ്മെന്റ് നടത്തി കോടികൾ നികുതി അടക്കുന്നതിന് നോട്ടീസ് നൽകുകയും അപ്പീൽ നിലനിൽക്കുമ്പോൾത്തന്നെ നികുതി അടച്ചില്ല എന്ന കാരണം പറഞ്ഞ് എക്കൗണ്ടുകൾ മരവിപ്പിക്കുക,എക്കൗണ്ടിൽ നിന്നും തുക പിടിച്ചെടുക്കുക, പിഴ ചുമത്തി പ്രതികാരം ചെയ്യുക തുടങ്ങിയ ആദായ നികുതി വകുപ്പിന്റെ പ്രവർത്തികൾക്ക് ഇതോടെ അന്ത്യമായി.

മാവിലായി കേസിന്റെ വിധിയനുസരിച്ഛ് എല്ലാ സഹകരണ സംഘങ്ങൾക്കും 80P വകുപ്പ് പ്രകാരം നികുതി ആനുകൂല്യങ്ങൾക്ക് അർഹതയുള്ളതിനാൽ ആദായ നികുതി വകുപ്പ് അസ്സസ്മെന്റ് നടത്തി സംഘങ്ങളിൽനിന്നും പിടിച്ചെടുത്ത വൻതുക തിരിച്ചുപിടിക്കാൻ ഇനി നിയമ പോരാട്ടം നടത്തേണ്ടിവരും.

കേരള കോ-ഓപ്പറേറ്റീവ്സൊസൈറ്റിസ് ആക്ട് അനുസരിച്ച് റജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന സർവീസ് സഹകരണ ബാങ്കുകളെ ബാങ്കുകളായി കാണാനാവില്ലന്നും, പ്രാഥമിക കാർഷിക വായ്‌പ സഹകരണ സംഘങ്ങളായി കാണണമെന്ന വാദം ശരിവെച്ചിരിക്കുന്നു. ഇക്കാര്യം ഉയർത്തിപ്പിടിച്ച് ആദായ നികുതി വകുപ്പ് സംഘങ്ങൾക്ക് മേൽ മറ്റൊരു പോർമുഖം തുറക്കാനുള്ള സാധ്യത തള്ളിക്കളയാവാനില്ല. എന്തായാലും സഹകരണ സ്ഥാപനങ്ങളുടെ മാനുഷിക മുഖം ഉയർത്തിപ്പിടിച്ച ബഹു: സുപ്രീം കോടതി മൂന്നംഗം ബെഞ്ചിന്റെ വിധി അഭിമാനപ്പൂർവം നാടിന് സ്വാഗതം ചെയ്യാം. ജനകീയ സ്ഥാപങ്ങളായ സഹകരണ സംഘങ്ങൾക്കും പൊതുസമൂഹത്തിനും ബഹു:സുപ്രീം കോടതിയുടെ ചരിത്ര വിധി ഊർജ്ജം പകരുകതന്നെ ചെയ്യും.