🔓
സംസ്ഥാനത്ത് ഇന്ന് മുതൽ കൂടുതൽ ഇളവുകൾ
18-July-2021
ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് ഇന്ന് മുതൽ കൂടുതൽ ഇളവുകൾ. വാരാന്ത്യ ലോകഡൗണിലും ഇളവ് അനുവദിച്ചിട്ടുണ്ട്. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് പുറമേ മറ്റു വ്യാപാര സ്ഥാപനങ്ങൾക്കും പ്രവർത്തനാനുമതിയുണ്ട്.
പെരുന്നാൾ പ്രമാണിച്ച് കൂടുതൽ ഇളവുകൾ വേണമെന്ന വ്യാപാരികളുടെ ആവശ്യം കൂടി കണക്കിലെടുത്താണ് വാരാന്ത്യ ലോക്‌ഡൌണിൽ ഇന്ന് ഇളവ് അനുവദിച്ചത്. ഇന്നും നാളെയും മറ്റന്നാളും കൂടുതൽ വ്യാപാരസ്ഥാപനങ്ങൾക്ക് തുറന്നു പ്രവർത്തിക്കാം. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് പുറമേ തുണിക്കട, ചെരുപ്പ്കട, ഇലക്ട്രോണിക് ഷോപ്പുകൾ, ഫാൻസി ഷോപ്പുകൾ, സ്വർണ്ണക്കട എന്നിവയ്ക്കും പ്രവർത്തനാനുമതി ഉണ്ടാകും. രാത്രി എട്ടുവരെയാണ് അനുമതി. എ,ബി,സി കാറ്റഗറിയിൽപ്പെടുന്ന തദ്ദേശഭരണസ്ഥാപന പരിധികളിലാണ് ഇളവുകൾ ബാധകമാവുക. ഡി കാറ്റഗറിയിൽപ്പെടുന്ന തദ്ദേശഭരണ സ്ഥാപന പരിധികളിൽ നാളെ ഒരു ദിവസത്തേക്ക് പെരുന്നാൾ പ്രമാണിച്ച് ഇളവ് അനുവദിച്ചിട്ടുണ്ട്.
എ, ബി വിഭാഗത്തിൽപ്പെടുന്ന പ്രദേശങ്ങളിൽ നാളെ മുതൽ കൂടുതൽ ഇളവുകൾ നിലവിൽ വരും. തിങ്കൾ മുതൽ വെള്ളി വരെ ഇലക്ട്രോണിക് ഷോപ്പുകളും ഇലക്ട്രോണിക് റിപ്പയർ ഷോപ്പുകളും വീട്ടുപകരണങ്ങൾ വിൽക്കുന്ന കടകളും തുറന്നു പ്രവർത്തിക്കും. രാവിലെ 7 മുതൽ രാത്രി 8 വരെയാണ് പ്രവർത്തനാനുമതി.
അതേസമയം, ഇളവുകൾ സംബന്ധിച്ച സർക്കാർ ഉത്തരവിൽ വ്യക്തതയില്ലാത്തതിനാൽ സംസ്ഥാനത്ത് ഇന്ന് മദ്യശാലകൾ തുറക്കില്ല