*ഓൺലൈൻ ക്ലാസ്സ്‌ ; ഓരോ കുട്ടിക്കും ഡിജിറ്റൽ പഠനോപകരണം ; നടപടി ആരംഭിച്ച് വിദ്യാഭ്യാസ വകുപ്പ്*

*ഓൺലൈൻ ക്ലാസ്സ്‌ ; ഓരോ കുട്ടിക്കും ഡിജിറ്റൽ പഠനോപകരണം ; നടപടി ആരംഭിച്ച് വിദ്യാഭ്യാസ വകുപ്പ്*
15-07-2021


ഒരു വീട്ടില്‍ ഒരു ഡിജിറ്റല്‍ പഠനോപകരണം ഉറപ്പാക്കുകയെന്ന നയത്തില്‍ മാറ്റവുമായി വിദ്യാഭ്യാസ വകുപ്പ്. ഓരോ വിദ്യാര്‍ഥിക്കും ഒരു സ്മാര്‍ട്ട് ഫോണോ ടാബോ വീതം ഉറപ്പാക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ ലക്ഷ്യം. ഇതിനായുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. രക്ഷിതാക്കള്‍ ജോലിക്ക് പോകുമ്പോൾ ഫോണ്‍ കൊണ്ടുപോകുന്നത് കുട്ടികളുടെ ഡിജിറ്റല്‍ പഠനത്തെ ബാധിക്കുന്നതായി വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തിയിരുന്നു. രണ്ടോ മൂന്നോ കുട്ടികളുള്ള വീട്ടില്‍ എല്ലാ കുട്ടികള്‍ക്കും ഫോണ്‍ ലഭ്യമാവാത്ത അവസ്ഥയുമുണ്ടെന്നും ബോധ്യപ്പെട്ടിരുന്നു. ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് ഓരോ കുട്ടിക്കും ഡിജിറ്റല്‍ ഉപകരണം ഉറപ്പാക്കാന്‍ തീരുമാനിച്ചത്. വിദ്യാര്‍ത്ഥികള്‍ക്ക് ഡിജിറ്റല്‍ ഉപകരണങ്ങള്‍ ലഭ്യമായോ എന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്വം ക്ലാസ് ടീച്ചര്‍ക്കാണ്. ഓരോ സ്‌കൂളിലെയും മുഴുവന്‍ കുട്ടികളെയും 4 ഗ്രൂപ്പായി തിരിക്കും.

വീട്ടില്‍ നിന്ന് രണ്ടാമത്തെ കുട്ടിക്കും ഡിജിറ്റല്‍ പഠനോപകരണം വാങ്ങി നല്‍കാന്‍ രക്ഷിതാക്കള്‍ക്ക് ശേഷിയുണ്ടെങ്കില്‍ അവര്‍ ആദ്യ ഗ്രൂപ്പില്‍പെടും. വായ്പ കിട്ടിയാല്‍ വാങ്ങാന്‍ കഴിവുള്ള രക്ഷിതാക്കളുടെ കുട്ടികളെയാണ് രണ്ടാമത്തെ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പകുതി പണം മറ്റാരെങ്കിലും നല്‍കിയാല്‍ ഉപകരണം വാങ്ങാന്‍ ശേഷിയുള്ളവരെ മൂന്നാം ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തും. പൂര്‍ണമായും പൊതുസമൂഹത്തിന്റെ സഹായത്തോടെ മാത്രം ഉപകരണം ലഭ്യമാക്കേണ്ടവരെയാണ് നാലാം ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തുന്നത്. സ്‌കൂള്‍ തലത്തിലെ കണക്കുകള്‍ നാളെയോടെ തദ്ദേശ സ്ഥാപനങ്ങളിലെത്തിക്കണമെന്നാണ് അധികൃതര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ജില്ലാതല ക്രോഡീകരണം പൂര്‍ത്തിയാക്കി ജൂലൈ 21ന് കണക്കുകള്‍ സംസ്ഥാനതലത്തിലേക്കു കൈമാറാനും നിര്‍ദേശമുണ്ട്.