//പെട്രോള് പമ്പില്‍ പണം നല്‍കാനും ഇനി ഫാസ്‍ടാഗ് മതി!//

//പെട്രോള് പമ്പില്‍ പണം നല്‍കാനും ഇനി ഫാസ്‍ടാഗ് മതി!//
20-July-2021

പെട്രോള്‍ പമ്പുകളില്‍ നിന്ന് ഇന്ധനം നിറച്ച ശേഷം പണം അടയ്ക്കാനും ഇനി വാഹനത്തിലെ ഫാസ്‍ടാഗ് ഉപയോഗിക്കാം. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പെട്രോള്‍ പമ്പുകളില്‍ നിന്ന് ഇന്ധനം നിറയ്ക്കാന്‍ ഇനി മുതല്‍ ഐസിഐസിഐ ഫാസ്‍ടാഗ് ഉപയോഗിക്കാമെന്നും ഇതുസംബന്ധിച്ച് ഇന്ത്യന്‍ ഓയിലും ICICI-യും തമ്മില്‍ ധാരണയായതായും ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ സമഗ്ര ഓട്ടോമേഷന്‍ സംവിധാനത്തിന്റെ ഫലമായി ഇന്ധനം നിറയ്ക്കുന്നത് ഇപ്പോള്‍ എളുപ്പമാണ്. ഐഒസി പമ്പുകളില്‍ ഇപ്പോള്‍ കോണ്‍ടാക്ട്ലെസ്, കാഷ്ലെസ് സമ്പ്രദായമാണ് പിന്തുടരുന്നത്. പെട്രോള്‍, ഡീസല്‍, സെര്‍വോ ലൂബ്രിക്കന്റ്സ് എന്നിവ ഐസിഐസിഐ ഫാസ്ടാഗില്‍ വാങ്ങാം. തുടക്കത്തില്‍ രാജ്യത്തെ 3000 ഇന്ത്യന്‍ ഓയില്‍ റീട്ടെയ്ല്‍ ഔട്ട്ലറ്റുകളില്‍ ഈ സൗകര്യം ലഭ്യമാണ്.

ഇന്ധനം നിറയ്ക്കുമ്പോള്‍ പെട്രോള്‍ പമ്പ് ജീവനക്കാരന്‍ വാഹനത്തിന്റെ ഫാസ്‍ടാഗ് അല്ലെങ്കില്‍ നമ്പര്‍ പ്ലേറ്റ് സ്‌കാന്‍ ചെയ്യും. ഇതോടെ ഉപയോക്താവിന് ഒരു ഒടിപി ലഭിക്കും. പിഒഎസ് മഷീനില്‍ ഒടിപി നല്‍കിയാല്‍ ഇടപാട് പൂര്‍ത്തിയാകും.

ഐ‌സി‌ഐ‌സി‌ഐ ബാങ്ക് ഫാസ്‍ടാഗ് ഉപഭോക്താക്കൾക്ക് ഇപ്പോൾ ഇന്ത്യൻ ഓയിലിന്റെ ഇന്ധന സ്റ്റേഷനുകളിൽ പൂർണമായും ഡിജിറ്റൈസ് ചെയ്‍ത അനുഭവം ആസ്വദിക്കാൻ കഴിയുമെന്നും ഇത് ഉപഭോക്താക്കളുടെ കാത്തിരിപ്പ് സമയം കുറയ്ക്കുമെന്നും ഐസിഐസി അധികൃതര്‍ പറയുന്നു. ഡിജിറ്റല്‍ ഇന്ത്യ എന്ന ലക്ഷ്യത്തിലേയ്ക്കുള്ള മുന്നേറ്റത്തില്‍ നിര്‍ണായക ചുവടുവെപ്പാണ് ഇന്ത്യന്‍ ഓയില്‍ ഐസിഐസിഐ സംയുക്ത നീക്കമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും പറയുന്നു. ഇന്ധനം നിറയ്ക്കുന്നത് ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ പുതിയ അനുഭവമായിരിക്കുമെന്നും ആത്മനിര്‍ഭര്‍ ഭാരത് എന്ന ലക്ഷ്യത്തിലേയ്ക്കുള്ള സൂചിക കൂടിയാണ് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഫാസ്ടാഗ് സാങ്കേതികവിദ്യയെന്നും ഐഒസി വ്യക്തമാക്കുന്നു.