സഹകരണം പൊതു പട്ടികയിലാക്കാൻ കേന്ദ്ര നീക്കം- -വേണ്ടത് ഭരണഘടനാ ഭേദഗതി -രാജ്യസഭയും നിയമസഭകളും തടസ്സം

സഹകരണം

പൊതു പട്ടികയിലാക്കാൻ കേന്ദ്ര നീക്കം
- വേണ്ടത് ഭരണഘടനാ ഭേദഗതി
- രാജ്യസഭയും നിയമസഭകളും തടസ്സം

സഹകരണസംഘങ്ങളെ ഭരണഘടനയുടെ സംസ്ഥാനപട്ടികയില്‍ നിന്നുമാറ്റി പൊതുപട്ടികയിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീങ്ങുന്നതായി റിപ്പോര്‍ട്ട്‌ .
സഹകരണത്തിന്‌ പുതിയ മന്ത്രാലയമുണ്ടാക്കിയതിനു പിന്നാലെ, അത്‌ സംസ്ഥാന വിഷയമാണെന്ന്‌ സുപ്രീംകോടതി വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ്‌ പുതിയ സൂചനകൾ വരുന്നത്‌. പൂര്‍ണമായും സംസ്ഥാനത്തിന് അധികാരമുള്ള പട്ടികയില്‍ നിന്നുമാറ്റി കേന്ദ്രത്തിനുകൂടി നിയമനിര്‍മാണം സാധ്യകുന്ന പൊതുപട്ടികയില്‍ ഉൾപ്പെടുത്താന്‍ ഭരണഘടനാഭേദഗതി വേണം. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ അത്‌ എളുപ്പമാവില്ല. 

പാര്‍ലമെന്‍റിന്റെ ഇരുസഭകളും മൂന്നില്‍ രണ്ട്‌ ഭൂരിപക്ഷത്തോടെ പാസാക്കിയാലേ ഭരണഘടനാഭേദഗതി കൊണ്ടുവ രാനാകൂ .ബില്‍ ലോക്‌സഭ കടന്നാലും സര്‍ക്കാരിനെ നയിക്കുന്ന എന്‍ഡിഎയ്ക്ക്‌ ഭൂരിപക്ഷമില്ലാത്ത രാജ്യസഭയില്‍ പാസാക്കാനാവില്ല. ഭരണഘടനാ ഭേദഗതിക്ക്‌ പകുതി സംസ്ഥാനങ്ങളിലെ നിയമസഭകളുടെ അംഗീകാരം നേടുന്നതും ഇന്നത്തെ സാഹ ചര്യത്തില്‍ എളുപ്പമല്ല.

ഒന്നിലേറെ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സഹകരണസംഘങ്ങളുടെ കാര്യത്തില്‍മാത്രമേ കേന്ദ്രത്തിന്‌ നിയമനിര്‍മാണം സാധിക്കൂവെന്ന്‌ സുപ്രീംകോടതി കഴിഞ്ഞദിവസം വിധിച്ചിരുന്നു. സഹകരണസംഘങ്ങളില്‍ ഇടപെടാന്‍ കേന്ദ്രസര്‍ക്കാര്‍ 2012 ല്‍ കൊണ്ടുവന്ന 97-ാം ഭരണഘടനാ ഭേദഗതിയാണ്‌ കോടതി ഭാഗികമായി റദ്ദാക്കിയത്‌ . ഭേദഗതിക്ക് നിയമസഭകളുടെ അംഗീകാരം വാങ്ങാത്തതായിരുന്നു ഇതിനുള്ള ഒരുകാരണം . സംസ്ഥാനങ്ങളുടെ താത്പര്യവുമായി വൈരുധ്യമുണ്ടാകാത്ത ഭാഗംമാത്രമാണ്‌ ഭേദഗതിയില്‍ സുപ്രീംകോടതി നിലനിര്‍ത്തിയത്‌. ഇതോടെ, കേന്ദ്രത്തിന്‍െറ പുതിയ സഹകരണമന്ത്രാലയത്തിന്‍െറ അധികാര പരിധിയും ഫലത്തില്‍ ചുരുങ്ങി .

ഒന്നിലേറെ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സഹകരണസം ഘങ്ങളെ നിയന്ത്രിക്കുന്ന കേന്ദ്ര രജിസ്ട്രാറിനുകിഴില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സംസ്ഥാനത്തിനകത്തുമാത്രം പ്രവര്‍ത്തിക്കുന്ന പല സംഘങ്ങൾക്കും താത്പര്യമുണ്ടെന്നാണ്‌ സര്‍ക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്‌. സംസ്ഥാനസര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അനാവശ്യ ഇടപെടലുകളില്‍ അസ്വസ്ഥരായ സംഘങ്ങൾ കൂടുതല്‍ സ്വാതന്ത്രം തേടി അതിന്‌ തയ്യാറാകുമെന്നും കേന്ദ്രം പ്രതീക്ഷിക്കുന്നു. 

-ലക്ഷ്യം ഏകീകൃത സംവീധാനം 

പഞ്ചാബ്‌ മഹാരാഷ്ട്ര കോ- ഓപ്പറേറ്റിവ്‌ ബാങ്ക്‌ (പി. എം സി) 2019 ല്‍ നേരിട്ട പ്രതിസന്ധിയെത്തുടര്‍ന്ന്‌ സഹകരണബാങ്കുകളില്‍ റിസര്‍വ്‌ ബാങ്കിന്‍െറ നിയന്ത്രണം വര്‍ധിപ്പിക്കാന്‍ ബാങ്കിങ്‌ റെഗുലേഷന്‍ നിയമം ഭേദഗതി ചെയ്തിരുന്നു . പ്രതിസന്ധികളില്‍ നിക്ഷേപകരെ രക്ഷിക്കാനായിരുന്നു നടപടി . പല സംസ്ഥാനത്തും അയഞ്ഞരീതിയില്‍ നിയന്ത്രിക്കപ്പെടുന്ന സഹകരണമേഖലയെ ഏകീകൃത സംവിധാനത്തിലൂടെ നിയന്ത്രിക്കാനാണ്‌ കേന്ദ്രം ലക്ഷ്യ മിടുന്നത്‌ .

-ചെറുതല കണക്കുകള്‍ 

രാജ്യത്ത്‌ 34 സംസ്ഥാന സഹകരണബാങ്കുകളും 351 ജില്ലാ സെന്‍ട്രല്‍ സഹകരണ ബാങ്കുകളും 1534 അര്‍ബന്‍ സഹകരണബാങ്കുകളുമുണ്ട്‌. പ്രാഥമിക കാര്‍ഷികവായ്പ സഹകരണസംഘങ്ങൾകൂടി ചേരുമ്പോൾ എണ്ണം ഒരുലക്ഷത്തോളം വരും. അര്‍ബന്‍ സഹകരണ സംഘമങ്ങൾക്കുമാത്രം 6.5 ലക്ഷം കോടിയുടെ ആസ്തിയുണ്ടെന്ന്‌ റിസര്‍വ്‌ ബാങ്ക്‌ പറയുന്നു .ഇവയ്ക്ക് 3.1 ലക്ഷം കോടിയുടെ വായ്പയുമുണ്ട്‌ . സംസ്ഥാന സഹകരണബാങ്കുകൾക്ക്‌ 3 .4 ലക്ഷം കോടിയും ജില്ലാബാങ്കുകൾക്ക്‌ 5 .4 ലക്ഷം കോടിയുമാണ്‌ ആസ്തി. ഇവയ്ക്ക്‌ യഥാക്രമം രണ്ടുലക്ഷം കോടിയും 2 .8 ലക്ഷം കോടിയും വായ്പയുമുണ്ട്‌.

 ജില്ലാബാങ്കുകളുടെ കിട്ടാക്കടം 12.6 ശതമാനവും (35,298 കോടി), അര്‍ബന്‍ ബാങ്കുകളുടേത്‌ 11.3 ശതമാനവും (35,528 കോടി) ആണ്‌ . അതേസമയം, ഷെഡ്യൂൾഡ്‌ വാണിജ്യബാങ്കുകളുടെ കിട്ടാക്കടം 7.5 ശതമാനമാണ്‌ .