*നിയമസഭാ കയ്യാങ്കളി: സർക്കാർ വാദങ്ങള്‍ മനസ്സിലാകുന്നില്ലെന്നു സുപ്രീംകോടതി; രൂക്ഷവിമർശനം*
നിയമസഭ കയ്യാങ്കളിക്കേസില്‍ നിലപാട് മാറ്റി സര്‍ക്കാര്‍. നിയമസഭയില്‍ പ്രതിഷേധിച്ചത് അന്നത്തെ സര്‍ക്കാരിന്റെ അഴിമതിക്കെതിരെയെന്ന് അഭിഭാഷകനായ രഞ്ജിത്കുമാര്‍ വാദിച്ചു. കഴിഞ്ഞതവണ വാദത്തിനിടെ കെ.എം മാണിയുട പേര് പരാമര്‍ശിച്ചിട്ടില്ലെന്നും രഞ്ജിത്കുമാര്‍ വിശദീരിച്ചു. പൊതുമുതല്‍ അടിച്ചുതകര്‍ക്കുന്നതില്‍ എന്ത് പൊതുതാല്‍പര്യമാണുള്ളതെന്ന് കോടതി ചോദിച്ചു. സഭയ്ക്കകത്ത് തോക്കുപയോഗിച്ചാലും എല്‍.എല്‍.എയ്ക്ക് പരിരക്ഷ ലഭിക്കാമോയെന്നും കോടതി ചോദിച്ചു. എല്ലാ കക്ഷികളുടെയും വാദംകേട്ട കോടതി കേസ് വിധി പറയാനായി മാറ്റി.
അഴിമതിക്കാരനായ ധനമന്ത്രിക്കെതിരെയായിരുന്നു പ്രതിഷേധം. ഈ മാസം ഏഴിന് കേസ് പരിഗണിച്ചപ്പോള്‍ സര്‍ക്കാരിനുവേണ്ടി അഭിഭാഷകനായ രഞ്ജിത് കുമാര്‍ പറഞ്ഞ വാക്കുകള്‍ ഇതായിരുന്നു. ഇത് വിവാദമായ സാഹചര്യത്തില്‍ പ്രതിഷേധം അന്നത്തെ സര്‍ക്കാരിനെതിരെയായിരുന്നുവെന്ന് ഇന്ന് മാറ്റി. കഴിഞ്ഞതവണ വാദിച്ചപ്പോള്‍ കെ.എം മാണിയുടെ പേര് പരാമര്ശിച്ചോയെന്ന് കേരളത്തിന്റെ അറ്റോര്‍ണി ജനറല്‍ തന്നെ വിളിച്ച് ചോദിച്ചു. അന്നത്തെ ധനമന്ത്രിയുടെ പേരുപോലും അറിയില്ലെന്നായിരുന്നു തന്റെ മറുപടിയെന്നും രഞ്ജിത് കുമാര്‍ കോടതിയില്‍ വിശദീകരിച്ചു. നിയമസഭയ്ക്കകത്ത് നടന്നത് രാഷ്ട്രീയ സ്വഭാവമുളള പ്രതിഷേധമായിരുന്നു. അന്നത്തെ ഭരണപക്ഷവും പ്രതിഷേധിച്ചിട്ടുണ്ട്.
ഇതില്‍ ഒരു വനിത അംഗത്തിന് പരുക്കേറ്റു. സഭയ്ക്കകത്ത് നടക്കുന്ന കാര്യങ്ങളില്‍ നടപടിയെടുക്കേണ്ടത് സഭ തന്നെയാണെന്നും അദ്ദേഹം വാദിച്ചു. എം.എല്‍.എമാര്‍ക്കുള്ള പരിരക്ഷ പൊതുതാല്പര്യം മുന്‍നിര്‍ത്തിയാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി നിയമസഭയ്ക്കകത്തെ വസ്തുവകകള്‍ തകര്‍ക്കുന്നത് എങ്ങനെയാണ് പൊതുതാല്‍പര്യമാകുന്നത് ചോദിച്ചു. കോടതിയിലും ചൂടേറിയ വാദപ്രതിവാദങ്ങള്‍ നടക്കാറുണ്ട്. ഇതിനുശേഷം ആരും കസേരയും മേശയും അടിച്ചുതകര്‍ക്കാറില്ലെന്നും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. കേസ് പിന്‍വലിക്കുന്നതിന് പബ്ലിക് പ്രോസിക്യൂട്ടര്‍ നല്കിയ അപേക്ഷയെയും കോടതി വിമര്‍ശിച്ചു. അപേക്ഷയില്‍ പറയുന്ന കാര്യങ്ങള്‍ വായിച്ചിട്ട് മനസ്സിലാകുന്നില്ലെന്ന് കോടതി പറഞ്ഞു.
പ്രധാനപ്പെട്ട വിഷയമായതിനാലാണ് കേസില്‍ വിശദമായി വാദം കേട്ടതെന്നാണ് കേസ് വിധിപറയാനായി മാറ്റവെ ജസ്റ്റിസ് .ഡി.വൈ ചന്ദ്രചൂഢ് പറഞ്ഞത്. അതിനാല്‍ വിശദമായ വിധിപ്രസ്താവം തന്നെ കേസിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.