Pages

//കേരളത്തില് യുവതികളുടെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് അധികരിക്കുന്നു ; ജാഗ്രതൈ//

//കേരളത്തില് യുവതികളുടെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് അധികരിക്കുന്നു ; ജാഗ്രതൈ//
20-07-2021


കേരളത്തില്‍ യുവതികളുടെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് അധികരിക്കുന്നു. പരാതികളുമായി കൂടുതല്‍ പേരാണ് അടുത്ത കാലങ്ങളില്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയത്. സി.എ.എ വിരുദ്ധ സമരം നടത്തിയ മുസ്ലിം യുവതികളുടെ ചിത്രങ്ങള്‍ ഓണ്‍ലൈന്‍ ആപ്പിലിട്ട് അപമാനിക്കുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. നൂറോളം യുവതികളുടെ പ്രൊഫൈലുകളാണ് ആപ്ലിക്കേഷനില്‍ വില്പനയ്ക്ക് എന്ന രീതിയില്‍ പ്രസിദ്ധീകരിച്ചതെന്നാണ് കുട്ടികളുടെ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നത്.

ആക്ടിവിസ്റ്റുകളുടെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്തതിന് സമാനമായാണ് ഈ കേസും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സദാ സജീവമായ മുസ്ലീം യുവതികളുടെ ചിത്രമടക്കം ലൈംഗിക വാണിഭ സൈറ്റില്‍ പ്രസിദ്ധീകരിച്ചാണ് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമമെന്ന് പെണ്‍കുട്ടികള്‍ പറയുന്നു.
ഇത്തരത്തില്‍ ഒരു പ്രവൃത്തി ചെയ്യാന്‍ ഈ സംഘം ആദ്യം ചെയ്യുന്നത് വ്യാജ മെയില്‍ ഐ.ഡിയും ഐ.പി അഡ്രസും ഉപയോഗിച്ച്‌ ഒരു ആപ്പ് നിര്‍മ്മിക്കുകയാണ്. പിന്നീട് കുട്ടികളുടെ ചിത്രവും സോഷ്യല്‍ മീഡിയ അക്കൗണ്ടും ചേര്‍ത്ത് വില്പനയ്ക്ക് എന്ന് പരസ്യം നല്‍കും. ഇതുകണ്ട് ആളുകള്‍ ബന്ധപ്പെടുമ്പോഴാണ് പെണ്‍കുട്ടികള്‍ ചതി മനസ്സിലാക്കുന്നത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെയാണ് അധികവും ഇത്തരത്തിലുള്ള സൈബര്‍ ആക്രമണം നടന്നതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്‌. മുന്‍പും സമാന സംഭവങ്ങള്‍ ഉണ്ടായതോടെ ഡല്‍ഹി പോലീസിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നിലവിലുള്ള ആപ്പിന് പൂട്ട് വീണു. പക്ഷെ ഇപ്പോഴും ട്വിറ്ററില്‍ അടക്കം പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ഉണ്ട്. ആപ്പുണ്ടാക്കിയവരെന്ന് സംശയിക്കുന്ന വ്യാജ ഐ.ഡികള്‍ ഇപ്പോഴും സാമുഹ്യ മാധ്യമങ്ങളില്‍ ഭീഷണിയുമായി നടക്കുന്നുണ്ട്.