ഇന്ത്യയിലെ പേഴ്‌സണല്‍ ലോണ്‍ ആപ്പുകള്‍ക്കെതിരേ കര്‍ശനമായ നടപടികള്‍ സ്വീകരിച്ച് ഗൂഗിള്‍. ഇതിനായുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഗൂഗിള്‍ ഇപ്പോള്‍ അവതരിപ്പിക്കുന്നു. 2021 സെപ്റ്റംബര്‍ 15 നകം ഡവലപ്പര്‍മാര്‍ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതുണ്ട്, കൂടാതെ പ്ലേ സ്‌റ്റോറില്‍ തുടരുന്നതിന് പുതിയ യോഗ്യതാ മാനദണ്ഡങ്ങളും പാലിക്കണം. അല്ലാത്തപക്ഷം, എല്ലാത്തിനെയും പടിക്കു പുറത്താക്കുമെന്നാണ് ഗൂഗിള്‍ മുന്നറിയിപ്പ്.
ഈ വര്‍ഷം ആദ്യം, പ്രാദേശിക നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കാത്ത പ്ലേസ്‌റ്റോറിലെ ലോണ്‍ ആപ്പുകള്‍ ഗൂഗിള്‍ നീക്കിയിരുന്നു. അതു കൊണ്ട് തന്നെ ഇപ്പോഴും തുടരുന്ന ആപ്പുകള്‍ നിരീക്ഷിക്കാനും അതിന്റെ ഡവലപ്പര്‍മാര്‍ക്ക് കര്‍ശനമായ മാനദണ്ഡങ്ങള്‍ ഗൂഗിള്‍ അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ ഇന്ത്യയ്ക്കായി ഒരു വായ്പാ ആപ്പ് പുറത്തിറക്കുമ്പോള്‍ അതിനായുള്ള നടപടിക്രമങ്ങള്‍ പാലിക്കണമെന്നും കൃത്യമായി അത് ഉപയോക്താക്കളെ അറിയിക്കണമെന്നും ഗൂഗിള്‍ പറയുന്നു.
ഗൂഗിളില്‍ നിന്നുള്ള അവലോകനത്തിനായി ഡിക്ലറേഷനും ആവശ്യമായ ഡോക്യുമെന്റേഷനും നല്‍കണം. പണം കടം കൊടുക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നേരിട്ട് ഇടപെടാത്തതും രജിസ്റ്റര്‍ ചെയ്ത നോണ്‍ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനികള്‍ അല്ലെങ്കില്‍ ബാങ്കുകള്‍ വഴി ഉപയോക്താക്കള്‍ക്ക് പണം വായ്പ നല്‍കുന്നത് എളുപ്പമാക്കുന്ന ഒരു പ്ലാറ്റ്‌ഫോം മാത്രം നല്‍കുന്ന ആപ്പുകളും ഈ വിവരങ്ങള്‍ കൃത്യമായി അവരുടെ പ്രഖ്യാപനത്തില്‍ പറയണം.
വ്യക്തിഗത വായ്പകള്‍ ഒരു വ്യക്തിയില്‍ നിന്നോ ഓര്‍ഗനൈസേഷനില്‍ നിന്നോ നല്‍കുമ്പോള്‍ കൃത്യമായ മാനദണ്ഡം പാലിക്കണമെന്ന് ഗൂഗിള്‍ പറയുന്നു. ഉപഭോക്താക്കള്‍ക്ക് വായ്പ നല്‍കുന്നതിനു മുന്നേ അതിന്റെ പ്രത്യേകത, അതിനു വേണ്ടി വരുന്ന ഫീസ്, തിരിച്ചടവ് ഷെഡ്യൂള്‍, അപകടസാധ്യതകള്‍, ആനുകൂല്യങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ വ്യക്തമാക്കണം. പുതിയ സുരക്ഷാ സംവിധാനവും ഡെവല്‍പ്പര്‍മാര്‍ പാലിക്കണമെന്ന് ഗൂഗിള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആപ്പുകള്‍ ഒരു തരത്തിലും ഉപയോക്താവിന്റെ മറ്റു വിവരങ്ങള്‍ ശേഖരിക്കരുതെന്നും അത്തരം ഡേറ്റാ മാനേജ്‌മെന്റ് പിന്നീട് ഒരിടത്തും ഉപയോഗിക്കരുതെന്നും ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഡവലപ്പര്‍മാര്‍ക്ക് അവരുടെ ആപ്പിന്റെ മൊത്തത്തിലുള്ള സുരക്ഷ പ്രദര്‍ശിപ്പിക്കുന്നതിനുള്ള ലളിതമായ മാര്‍ഗ്ഗവും പ്ലേസ്റ്റോറില്‍ നല്‍കുമെന്നും അറിയിച്ചിരിക്കുന്നു