//ഇന്ന് അത്തം ; മലയാളികൾ ഓണത്തിരക്കിലേക്ക്//
12-08-2021
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖
ഇന്നേക്ക് പത്താം നാള്‍ പൊന്നോണമാണ്. മലയാളിയുടെ ഓണക്കാലം ഇന്ന് രാവിലെ മുതൽ ആരംഭിച്ചു. പൂക്കളമിടലിനും തുടക്കം ഇന്നുതന്നെയാണ്. ഇന്ന് സൂര്യോദയം കഴിഞ്ഞ അല്‍പനേരം ഉത്രം നക്ഷത്രമാണ്. രാവിലെ 8.54 മുതല്‍ അത്തം തുടങ്ങി. അത് നാളെ രാവിലെ എട്ടു മണി വരെ നീളും എന്നതിനാല്‍ ഇന്നും നാളെയും അത്തമാണെന്ന് പറയാം. കര്‍ക്കിടകത്തിലാണ് ഇത്തവണ അത്തം എന്ന പ്രത്യേകതയുമുണ്ട്. ഇനിയും അഞ്ചു നാള്‍ കഴിഞ്ഞാല്‍ മാത്രമേ ചിങ്ങം പിറക്കൂ. ആളും ആരവവുമില്ലാതെ തൃപ്പൂണിത്തുറ അത്തച്ചമയത്തിന് ഇന്ന് കൊടിയേറും. കോവിഡ് കാലമായതിനാല്‍ ആഘോഷം ചടങ്ങുകളില്‍ ഒതുങ്ങും. പ്രളയവും കോവിഡും തീര്‍ത്ത കെടുതികള്‍ക്കിടെ കഴിഞ്ഞ നാലുവര്‍ഷമായി അത്തച്ചമയത്തിന് കാര്യമായ ആഘോഷങ്ങളില്ല.
കോവിഡ് കാലത്തിന് മുമ്പ് വരെ തൃപ്പൂണിത്തുറ അത്തച്ചമയം ആഘോഷത്തിന്റേതായിരുന്നു. ആഘോഷവും സന്തോഷവും നിറയുന്ന രാജവീഥികള്‍. കൊട്ടും പാട്ടും മേളവുമായി ഓണത്തെ വരവേല്‍ക്കുന്നു. തൃപ്പൂണിത്തുറ അത്തച്ചമയത്തോടെയാണ് മലയാളിയുടെ ഓണാഘോഷങ്ങള്‍ തന്നെ തുടങ്ങുന്നത്. എന്നാല്‍ കോവിഡ് കാലമായതിനാല്‍ ഇത്തവണ കഴിഞ്ഞ വര്‍ഷത്തേതിന്‍റെ തനിയാവര്‍ത്തനാണ്. ആഘോഷങ്ങളില്ലാതെ ചടങ്ങുകളിലൊതുക്കിയിരിക്കുകയാണ് അത്തച്ചമയം. അത്തം നഗറില്‍ ഉയര്‍ത്താനുളള പതാക രാജകുടുംബത്തിന്‍റെ പ്രതിനിധിയായ നിര്‍മല തമ്പുരാനില്‍ നിന്ന് തൃപ്പൂണിത്തുറ നഗരസഭാധ്യക്ഷ ഏറ്റുവാങ്ങി. രാജകുടുംബത്തിന്‍റെ പ്രതിനിധിയായി ഒരു സ്ത്രീ അത്തം പതാക കൈമാറുന്നത് ഇതാദ്യമായിട്ടാണ്.
➖➖➖➖➖➖➖➖➖➖