*സ്വന്തം ഫോട്ടോ തപാൽ സ്റ്റാമ്പിൽ: സൗകര്യം ഇനി തളിപ്പറമ്പിലും*

*സ്വന്തം ഫോട്ടോ തപാൽ സ്റ്റാമ്പിൽ: സൗകര്യം ഇനി തളിപ്പറമ്പിലും*
19-Aug-2021

തളിപ്പറമ്പ്: വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സ്വന്തം ഫോട്ടോകൾ തപാൽ സ്റ്റാമ്പിൽ മുദ്രണം ചെയ്യുന്നതിനുള്ള സവിശേഷ സംവിധാനമായ 'മൈ സ്റ്റാമ്പ്' ഇനി തളിപ്പറമ്പിലും. തളിപ്പറമ്പ് ഹെഡ്പോസ്റ്റ് ഓഫീസിലാണ് പ്രത്യേക മൈസ്റ്റാമ്പ് കൗണ്ടറിന്റെ പ്രവർത്തനം. ജില്ലാ ആസ്ഥാനമെന്നനിലയിൽ ആദ്യം കണ്ണൂർ ഹെഡ് പോസ്റ്റ്‌ ഓഫീസിൽ മാത്രമായിരുന്നു സൗകര്യം ഏർപ്പെടുത്തിയിരുന്നത്. ജന്മദിനം, വിവാഹം, വാർഷികങ്ങൾ, ഉദ്ഘാടനങ്ങൾ തുടങ്ങിയ വിശേഷാവസരങ്ങളിലേക്ക് സൂക്ഷിച്ചുവെക്കാനും തപാലിൽ കത്തുകൾ അയയ്ക്കുന്നതിനും മൈ സ്റ്റാമ്പുകൾ ഉപയോഗിക്കാം.

കൗണ്ടറിൽ നേരിട്ടെത്തി ഫോട്ടോയെടുത്തും ഇഷ്ടമുള്ള ഫോട്ടോകൾ അപേക്ഷാഫോമിനോടൊപ്പം നൽകിയും മൈ സ്റ്റാമ്പ് നേടാം.

താത്പര്യമുള്ളവർക്ക് കണ്ണൂർ പോസ്റ്റൽ ഡിവിഷനിലെ എല്ലാ പോസ്റ്റ് ഓഫീസുകളിലും ഇതിനായി ബുക്ക് ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. 12 സ്റ്റാമ്പുകളുള്ള ഒരു ഷീറ്റിന് 300 രൂപയാണ് നിരക്ക്. കൂടുതൽ ഓർഡർ നൽകുമ്പോൾ കിഴിവുമുണ്ട്. ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പോസ്റ്റൽ സൂപ്രണ്ട് അഭ്യർഥിച്ചു.

തളിപ്പറമ്പിൽ പുതുതായി തുടങ്ങുന്ന സേവനം നഗരസഭാധ്യക്ഷ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു. കണ്ണൂർ പോസ്റ്റൽ സൂപ്രണ്ട് പി.കെ. ശിവദാസൻ അധ്യക്ഷത വഹിച്ചു.

തളിപ്പറമ്പ് അസിസ്റ്റന്റ് പോസ്റ്റൽ സൂപ്രണ്ട് ടി.ഇ. സീബ, പോസ്റ്റ്‌ മാസ്റ്റർ കൃഷ്ണകുമാരി, അസിസ്റ്റന്റ് പോസ്റ്റ്‌ മാസ്റ്റർ സുധീർകുമാർ എന്നിവർ സംസാരിച്ചു. സ്വന്തം ഓട്ടോറിക്ഷയിൽ ഫിലാറ്റെലി മ്യൂസിയം സ്ഥാപിച്ച പയ്യന്നൂരിലെ ഓട്ടോറിക്ഷാഡ്രൈവറും ഫിലാറ്റലിസ്റ്റുമായ സുമേഷ് ദാമോദരനെ ചടങ്ങിൽ ആദരിച്ചു.
➖➖➖➖➖➖➖➖➖➖

*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*