✈️
//യു.എ.ഇ പ്രവേശനം ഇന്ന് മുതൽ ; മുൻകൂർ അനുമതി നിർബന്ധം, ഇന്ത്യയിൽ നിന്ന് വാക്സിൻ എടുത്തവർക്ക് മടങ്ങാനാകില്ല//
05-08-2021
ദുബായ് : യു.എ.ഇയിലേക്ക് ഇന്ന് (വ്യാഴാഴ്ച) മുതൽ വരുന്ന താമസ വിസക്കാർക്ക് മുൻകൂർ പ്രവേശന അനുമതി നിർബന്ധം. യു.എ.ഇയിൽ നിന്ന് രണ്ട് ഡോസ് വാക്സിന് എടുത്തവർക്ക് മാത്രമാണ് പ്രവേശനമെന്ന് സിവിൽ ഏവിയേഷൻ സർക്കുലറിൽ വ്യക്തമാക്കി. ദുബായിലേക്ക് വരുന്നവർക്ക് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡന്സി ആന്റ് ഫോറിന് അഫയേഴ്സന്റെ (ജി.ഡി.ആർ.എഫ്.എ) അനുമതിയാണ് വേണ്ടത്. മറ്റ് യു.എ.ഇ എമിറേറ്റിലേക്ക് വരുന്നവർക്ക് ഫെഡറൽ അതോറിറ്റിയുടെ (ഐ.സി.എ) അനുമതി നിർബന്ധം. അനുമതി ലഭിച്ച ശേഷം മാത്രമെ യാത്ര ചെയ്യാവൂവെന്നും സിവിൽ ഏവിയേഷൻ അറിയിച്ചു. യാത്രക്കാർ ജി.ഡി.ആർ.എഫ്.എ, ഐ.സി.എ വെബ്സൈറ്റുകൾ വഴി അപേക്ഷിക്കണം. യു.എ.ഇയിലെ സർക്കാർ സ്മാർട്ട് ആപ്പുകൾ വഴി ലഭിച്ച വാക്സിൻ സർട്ടിഫിക്കറ്റും അപേക്ഷക്കൊപ്പം വെക്കണം.
യാത്രക്കാർ പുറപ്പെടുന്നതിന് 48 മണിക്കൂറിനിടെ നടത്തിയ പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഇതിൽ ക്യു.ആർ കോഡ് ഉണ്ടായിരിക്കണം. വിമാനത്തിൽ കയറുന്നതിന് മുമ്പ് കോവിഡ് റാപ്പിഡ് പരിശോധന നടത്തണം. യു.എ.ഇയിൽ എത്തിയാൽ വിമാനത്താവളത്തിൽ കോവിഡ് പി.സി.ആർ പരിശോധനക്കും വിധേയമാകണമെന്ന് യു.എ.ഇ ഫെഡറൽ അതോറിറ്റി അറിയിച്ചു. ഇക്കാര്യങ്ങളും രേഖകളും എയർലൈനുകൾ ഉറപ്പുവരുത്തണം. ഇതിന് വിരുദ്ധമായി പ്രവേശിക്കുന്നവരെ വന്ന സ്ഥലത്തേക്ക് തിരിച്ചയക്കാനുള്ള ഉത്തരവാദിത്വം ബന്ധപ്പെട്ട എയർലൈൻസിനായിരിക്കും. യു.എ.ഇ അംഗീകരിച്ച വാക്സിനുകൾ ആണെങ്കിൽ പോലും യു.എ.ഇക്ക് പുറത്ത് നിന്ന് വാക്സിൻ എടുത്തവർക്ക് പ്രവേശനമുണ്ടാകില്ല.
ഇന്ത്യയിൽ നിന്ന് കോവിഷീൾഡ് വാക്സിൻ സ്വീകരിച്ച് 14 ദിവസം പൂർത്തിയാക്കിയവർക്ക് നിലവിലെ വ്യവസ്ഥ പ്രകാരം പ്രവേശനമില്ലെന്നും വിമാന കമ്പനികൾ അറിയിച്ചു. ഇന്ത്യയുൾപ്പടെ രാജ്യങ്ങളിലേക്ക് ആഗസ്ത് 15 വരെ റദ്ദാക്കിയ വിമാന സർവ്വീസുകൾ പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി എത്തിഹാദ് അറിയിച്ചു. അതേസമയം, കുടുംബവുമായി വീണ്ടും കൂടിച്ചേരാൻ കാത്തിരിക്കുന്ന മാനുഷിക പരിഗണന അർഹിക്കുന്ന കേസുകൾ, ആരോഗ്യ പ്രവർത്തകർ, അധ്യാപകരും വിദ്യാർത്ഥികളും, സർക്കാർ ജീവനക്കാർ, ചികിത്സ അത്യാവശ്യമുള്ളവർ എന്നിവർക്ക് വാക്സിൻ നിബന്ധനയിൽ ഒഴിവുണ്ട്. ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ, നൈജീരിയ, ഉഗാണ്ട എന്നീ രാജ്യക്കാർക്കാണ് യു.എ.ഇ ദുരന്ത നിവാരണ അതോറിറ്റി പ്രവേശന അനുമതി നൽകിയത്.