*ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിന് തടയിടാന്‍ മോട്ടോര്‍ വാഹന വകുപ്പ്*

*ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിന് തടയിടാന്‍ മോട്ടോര്‍ വാഹന വകുപ്പ്*
*14-08-2021*
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖

ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിന് തടയിടാന്‍ മോട്ടോര്‍ വാഹന വകുപ്പ്. ഇത്തരത്തില്‍ ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണില്‍ വീഡിയോ പിടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പിഴ ചുമത്തും. കുറ്റം ആവര്‍ത്തിച്ചാല്‍ ലൈസന്‍സ് റദ്ദ് ചെയ്യാനാണ് തീരുമാനം. നിയമ ലംഘനത്തിന് ഇ ബുള്‍ ജെറ്റ് വ്ലോഗര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചതിന് വലിയ പിന്തുണ മോട്ടോര്‍ വാഹന വകുപ്പിന് ലഭിച്ചിരുന്നു. വാഹനം ഓടിക്കുന്നയാള്‍ നിരത്തില്‍ നിന്ന് ശ്രദ്ധമാറുന്ന മറ്റൊന്നും ചെയ്യാന്‍ പാടില്ലെന്നാണ് 2017ലെ ഡ്രൈവിംഗ് റെഗുലേഷന്‍സില്‍ പറയുന്നത്. പൂര്‍ണ ആരോഗ്യത്തോടെയും ശ്രദ്ധയോടെയും വാഹനമോടിക്കണം.

മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് വാഹനം ഓടിച്ചാല്‍ ശ്രദ്ധ മാറും. വ്ലോഗര്‍മാരില്‍ പലരും തിരക്കേറിയ റോഡിലൂടെ വാഹനം ഓടിച്ചുകൊണ്ടാണ് വിശേഷം പങ്കുവയ്‌ക്കുന്നത്. വാഹനം ഓടിച്ചുകൊണ്ട് ക്യാമമറയില്‍ നോക്കി സംസാരിക്കുമ്പോള്‍ അപകടസാധ്യതയും വര്‍ധിക്കും. വാഹനത്തിന്റെ വേഗതയാര്‍ജ്ജിക്കാനുള്ള ശേഷിവരെ ഇക്കൂട്ടര്‍ ചിത്രീകരിക്കുന്നുണ്ട്. ഇത്തരം പരീക്ഷണങ്ങള്‍ റോഡില്‍ ചെയ്യുന്നതും നിയമവിരുദ്ധമാണ്.
യാത്രയ്‌ക്കിടെ വാഹനത്തിന്റെ നാവിഗേഷന്‍ സംവിധാനം ഉപയോഗിക്കാന്‍ മാത്രമാണ് ഡ്രൈവിംഗ് റെഗുലേഷന്‍സ് പ്രകാരം ഡ്രൈവര്‍ക്ക് അനുമതിയുള്ളത്. അതും വാഹനത്തിന്റെ വേഗത കുറച്ച്‌ സുരക്ഷിതമാക്കിയശേഷം മാത്രമേ ഇത് ഉപയോഗിക്കാവൂ. ഡ്രൈവറുടെ കാഴ്ചയോ ശ്രദ്ധയോ തടസപ്പെടുത്തുന്ന വിധത്തിലുള്ള യാതൊന്നും വാഹനത്തില്‍ ഉണ്ടാകരുത്.

വാഹനത്തിലുള്ളവര്‍ അനാവശ്യമായി ഡ്രൈവറോട് സംസാരിക്കുന്നതും ഉയര്‍ന്ന ശബ്ദത്തില്‍ മ്യൂസിക് സിസ്റ്റം ഉപയോഗിക്കുന്നതും നിയമവിരുദ്ധമാണ്. ബൈക്ക് റൈഡര്‍മാര്‍ ഹെല്‍മെറ്റില്‍ ക്യാമറ ഘടിപ്പിച്ച്‌ ചിത്രീകരണം നടത്താറുണ്ട്. ഇതും അപകടകരമാണെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ പറയുന്നത്. ഇത്തരത്തില്‍ വാഹനം ഓടിക്കുന്നവരുടെ ശ്രദ്ധ ചിത്രീകരണത്തിലായിരിക്കും. ഹെല്‍മെറ്റുകള്‍ക്ക് ബി.ഐ.എസ് നിലവാരം നിര്‍ബന്ധമാണ്. അംഗീകാരം നേടിയ ഹെല്‍മെറ്റുകളൊന്നും ക്യാമറ ഘടിപ്പിച്ചവയല്ല. ഹെല്‍മെറ്റില്‍ ഘടിപ്പിക്കാവുന്ന കാമറകളും വിപണിയില്‍ ലഭ്യമാണ്. ബൈക്ക് അഭ്യാസങ്ങളും മത്സരയോട്ടവും ചിത്രീകരിക്കാനും ഇവ ഉപയോഗിക്കുന്നുണ്ട്.
➖➖➖➖➖➖➖➖➖➖

കടപ്പാട്*🌍പഞ്ചായത്ത് വാർത്തകൾ