*റീസർവേ രേഖകൾ പരിശോധിച്ച് ഉറപ്പു വരുത്തേണ്ടത് സംബന്ധിച്ചു പൊതുജനങ്ങൾക്ക് അറിവ് പകർന്നു നൽകുന്ന കുറിപ്പ്..*
സാധാരണ ജനങ്ങൾക്ക് മനസ്സിലാക്കുവാൻ വേണ്ടി, സർവേ രേഖകൾ സർവേ നമ്പർ എന്നിവ എന്താണെന്നും എന്തിനാണെന്നും ഞാൻ ഒന്ന് വിവരിക്കുകയാണ്.
ഈ കാരൃങ്ങൾ ഒട്ടും അറിയാത്ത സാധാരണക്കാർ മാത്രം വായിച്ചു മനസ്സിലാക്കുക.
എന്താണ് ഭൂമിയുടെ സർവേ രേഖകൾ? എന്താണ് സർവേ നമ്പർ?
എന്തിനാണ് റീ സർവേ ചെയ്തു പുതിയ സർവേ നമ്പർ ഇടുന്നത്?
എന്തിനാണ് ഭൂ ഉടമകൾ റീസ൪വേ രേഖകൾ പരിശോധിച്ച് തെറ്റില്ല എന്ന് ഉറപ്പു വരുത്തേണ്ടത്?
ഓരോ ഭൂ ഉടമയും ഈ ചോദ്യങ്ങൾക്ക് ഉത്തരം വ്യക്തമായി ഒന്ന് മനസിലാക്കണം. അതിനു ശേഷം ഇത് നിങ്ങളുടെ മക്കളേയും അനന്തരാവ കാശികളെയും പറഞ്ഞു മനസ്സിലാക്കണം .
സാധാരണക്കാരായ നിങ്ങൾക്ക് കാരൃങ്ങൾ വേഗത്തിൽ മനസ്സിലാ ക്കുവാൻ ഞാൻ ചില ഉദാഹരണങ്ങൾ ആദ്യം പറയാം.
നമ്മുടെ വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ നമുക്കറിയാം . അത് നമ്മുടെ വാഹനത്തിന്റെ നമ്പർപ്ലേറ്റിൽ രേഖപ്പെടുത്തി വച്ചിട്ടുണ്ട്. വാഹനത്തിന്റെ എഞ്ചിൻ നമ്പർ എഞ്ചിനിൽ കൃതൃമായി രേഖപ്പെടുത്തി വച്ചിട്ടുണ്ട്. നമ്മുടെ വീടിന്റെ കെട്ടിട നമ്പർ നമ്മുടെ വീടിന്റെ മുൻവശത്തെ കട്ടിളപ്പടിയിൽ ഒരു ചെറിയ തകിടിൽ രേഖപ്പെടുത്തി വച്ചിട്ടുണ്ട്. നമ്മുടെ ഡ്രൈവിംഗ് ലൈസൻസിന്റെ നമ്പർ നമ്മുടെ ലൈസൻസിൽ രേഖപ്പെടുത്തി നൽകിയിട്ടുണ്ട്. ഇതെല്ലാം നാം നിതൃ ജീവിതത്തിൽ ഉപയോഗിക്കുന്ന ചില നമ്പരുകളാണ്.
നാം ടൗണിൽ കാർ പാർക്ക് ചെയ്ത സ്ഥലത്ത് അതേ കളറിൽ അതേ ഇൻറീരിയർ കളറും എല്ലാം ഒരുപോലെയുള്ള രണ്ടു കാറുകൾ കൂടി നമ്മുടെ കാറിന് സമീപം പാർക്ക് ചെയ്തു എന്ന് വിചാരിക്കുക. നമ്മൾക്ക് നമ്മുടെ കാറിന്റെ നമ്പർ പ്ലേറ്റ് നോക്കി നമ്മുടെ കാർ തിരിച്ചറിയാം അല്ലേ.
ഇതുപോലെ നമ്മുടെ പേരിൽ കരം ഒടുക്കുന്ന ഭൂമിക്കും, നമ്മുടെ അയൽക്കാരുടെ ഭൂമിക്കും , നമ്മുടെ വീടിന് സമീപത്തെ പബ്ലിക് റോഡിനും, ടൗണിലെ മെയിൻ റോഡിനും, ബസ് സ്റ്റാൻഡിനും, സിവിൽ സ്റ്റേഷനും, പോലീസ് സ്റ്റേഷനും, സ്വകാരൃ കെട്ടിടങ്ങൾ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങൾക്കും എല്ലാം വേറെ വേറെ സർവേ നമ്പരുകൾ ഉണ്ട്. അത് എവിടെ നോക്കിയാൽ അറിയാം? അത് നമ്മുടെ കരം ഒടുക്കുന്ന രസീതിലും ആധാരത്തിലും ഉണ്ടല്ലോ. പിന്നെ എന്താ പ്രശ്നം എന്നല്ലേ നിങ്ങൾ ചിന്തിക്കുന്നത്?
അത് ഭാഗികമായി ശരിയാണ്. നമ്മുടെ കൈ വശത്തിൽ ഇരിക്കുന്ന ഭൂമിക്ക് സർക്കാർ രേഖപ്പെടുത്തിയ സർവേ നമ്പർ തന്നെ ആവണം നമ്മുടെ ആധാരത്തിലും കരം ഒടുക്കുന്ന രസീതിലും രേഖപ്പെടുത്തേണ്ടത്. അതിൽ തെറ്റ് പറ്റിയാൽ നമ്മുടെ ആധാരവും കരം ഒടുക്കിയ രസീതും വിലയില്ലാത്തതായി തീരും. എന്നാൽ നമ്മുടെ പുരയിടത്തിൽ പോയി നോക്കിയാലോ അവിടെ മണ്ണ് കുഴിച്ചു നോക്കിയാലൊ ആ ഭൂമിയുടെ സർവേ നമ്പർ കണ്ടെത്താനാവില്ല.കാരണം അത് മുകളിൽ വിവരിച്ച മറ്റുള്ള നമ്പറുകൾ പോലെ മണ്ണിൽ ഒരിടത്തും രേഖപ്പെടുത്തി വച്ചിട്ടില്ല. പിന്നെ എങ്ങനെ അത് ശരിയാണോ എന്ന് ഉറപ്പാക്കും. അതിന് ഭൂരേഖകളുടെ ഭാഗമായ സർവേ മാപ്പുകളും സർവേ സ്കെച്ചുകളും അതോടൊപ്പം തയാറാക്കിയ ഭൂമിയുടെ ലിസ്റ്റും പരിശോധിക്കണം. ഇപ്രകാരം വളരെ പഴയ ഒരു ഭൂരേഖ, രാജഭരണകാലത്ത് നമ്മുടെ നാട്ടിലും തയ്യാറാക്കിയിട്ടുണ്ട്. അതെങ്ങിനെ ആണെന്ന് ചോദിച്ചാൽ ഏകദേശം ഒരു നൂറ്റാണ്ടിനു മുമ്പ് അന്നുള്ള ഭൂ ഉടമകളുടെ ഭൂമിയും രാജൃത്തിന്റെ പൊതു സ്ഥലങ്ങളും, ക്ഷേത്രം വക സ്ഥലങ്ങളും, പള്ളികളും, മോസ്കുകളും , സ്കൂളുകളും ജലസ്രോതസ്സുകളും , രാജപാതകളും , പൊതുവഴികളും, ചന്തകളും എല്ലാം കൃതൃമായി സർവേ ചെയ്തു അളവുകളോടെ മാപ്പുകൾ വരച്ചു തയാറാക്കി. അതിനു ശേഷം ഓരോ തരം ഭൂമിക്കും പ്രത്യേകം പ്രത്യേകം സർവേ നമ്പറുകൾ ഇട്ടു, ഓരോ ഭൂ ഉടമയുടെ ഭൂമിക്കും പ്രത്യേകം പ്രത്യേക൦ സബ് ഡിവിഷൻ നമ്പറുകൾ നൽകി ഇങ്ങനെ തയാറാക്കിയ സർവേ മാപ്പുകളോടൊപ്പം ഓരോ സർവേ നമ്പർ ഭൂമിയും ആരുടെ ആണെന്ന് കാണിക്കുന്ന ഒരു ലിസ്റ്റും സർവേ നമ്പർ ക്രമത്തിൽ തയാറാക്കി. സ്ഥലങ്ങളുടെ തരവും, സർവേ നമ്പറും , വിസ്തീർണവും ഉടമയുടെ പേരും ചേർന്ന ആ ലിസ്റ്റിൽ നോക്കിയാൽ ഒരു പ്രത്യേക സർവേ നമ്പർ ഭൂമി ആരുടെ ആണെന്നും അതിന്റെ വിസ്തീർണ്ണം എത്ര ആണെന്നും അറിയാം. ഇനി ആ സർവേ സ്കെച്ചുകൾ ചേർത്ത് തയ്യാറാക്കിയ വില്ലേജ് മാപ്പ് നോക്കിയാൽ ഒരു പ്രത്യേക സ്ഥലത്തെ ഭൂമിയുടെ സർവേ നമ്പർ കണ്ടെത്താം. സർവേ നമ്പർ കണ്ടെത്തിയാൽ ലിസ്റ്റ് നോക്കി അതിന്റെ ഉടമയെ കണ്ടെത്താം. ഇങ്ങനെ ഉള്ള രേഖയെ പഴയ സർവേ രേഖ എന്നും അതിൽ രേഖപ്പെടുത്തിയ സർവെ നമ്പറിനെ പഴയ സർവേ നമ്പർ എന്നും പറയുന്നു.
എന്നാൽ കാലം മാറി, ജനസംഖൃയും വസ്തു ഉടമകളും കൂടി . പുതുക്കിയ സർവേ രേഖകൾ തയാറാക്കേണ്ട സാഹചരൃം വന്നു ചേർന്നിരിക്കുന്നു.
എന്തിനാണ് ഭൂമിയുടെ റീസർവേ രേഖകൾ തയാറാക്കുന്നത്?
എല്ലാവരും മനസ്സിരുത്തി ഒന്ന് ചിന്തിച്ചു നോക്കുക. നൂറിലധികം വർഷം മുമ്പ് നമ്മുടെ നാട് എങ്ങനെ ആയിരുന്നു? അന്ന് എത്ര ഭൂ ഉടമകൾ ഉണ്ടായിരുന്നു? അന്ന് എത്ര റോഡുകൾ ഉണ്ടായിരുന്നു? എത്ര വീടുകളുണ്ടായിരുന്നു? എത്ര കടകൾ ഉണ്ടായിരുന്നു? ഇപ്പോൾ എത്ര വീടുകളുണ്ട് , എത്രയധികം ഭൂ ഉടമകൾ പുതുതായി വന്നു. ഏക്കർ കണക്കിന് വലിപ്പമുണ്ടായിരുന്ന സ്ഥലങ്ങൾ എല്ലാം തന്നെ പല കഷണങ്ങളായി, അവിടെല്ലാം പുതിയ ഭൂ ഉടമകൾ. എത്ര പുതിയ റോഡുകൾ വന്നു, എത്ര പുതിയ ബൈപാസുകൾ വന്നു. എത്ര പുതിയ കടകൾ വന്നു?
ഇങ്ങനെ ഉണ്ടായ ഭൂമിശാസ്ത്രപരമായ മാറ്റങ്ങൾ എല്ലാം ചേർത്ത് പുതിയ സർവേ ചെയ്തു പുതിയ സ്കെച്ചുകളും മാപ്പുകളും തയാറാക്കി ഏറ്റവും പുതിയ ഭൂ ഉടമകളുടെ ലിസ്റ്റ് തയാറാക്കിവയ്ക്കുന്നതിനെയാണ് റീ സർവേ എന്ന് പറയുന്നത്.
ഇങ്ങനെ റീസർവേ രേഖ തയാറാക്കുവാൻ ഒരു വില്ലേജിനെ പല ബ്ളോക്കുകൾ ആയും ഓരോ ബ്ളോക്കിനെയും തുടർച്ചയായി സർവേ നമ്പറുകളായും തിരിച്ചു സർവേ ചെയ്യുന്നു. ഇത്തരം സർവേ നമ്പറിനെ കൈവശം അനുസരിച്ച് സബ് ഡിവിഷൻ നമ്പരുകളായും തിരിക്കുന്നു. ഇങ്ങനെ ഒരു സർവേ നമ്പറിൽ ഉൾപ്പെട്ട സബ്ഡിവിഷൻ നമ്പരുകൾ എല്ലാം ചേർന്ന് വരുന്ന ഒരു പേപ്പറിൽ വരച്ച സ്കെച്ചിനെ FMB ( field measurement book) എന്ന് പറയുന്നു. സർവേ നമ്പറുകളുടെ ഇത്തരം സ്കെച്ചുകൾ ചെറിയ സ്കെയിലിൽ തയാറാക്കി ക്രമത്തിൽകൂട്ടി ചേർത്ത് ബ്ളോക്ക് മാപ്പുകളും, ബ്ളോക്ക് മാപ്പുകൾ ക്രമത്തിൽ കൂട്ടി ചേർത്ത് വില്ലേജ് മാപ്പുകളും തയാറാക്കുന്നു. ഇത്തരം വില്ലേജ് മാപ്പുകൾ എല്ലാം ചേർത്ത് വച്ചാൽ ഒരു താലൂക്ക് മാപ്പായി തീരും. താലൂക്ക് മാപ്പുകൾ എല്ലാം ചേർത്തു വച്ചാൽ നമ്മുടെ ജില്ലാ മാപ്പായി. ഇത്തരം വില്ലേജ് മാപ്പുകളിൽ റോഡുകൾ പുഴകൾ തോടുകൾ, ആരാധനാലയങ്ങൾ, മറ്റ് പൊതു സ്ഥാപനങ്ങൾ എല്ലാം രേഖപ്പെടുത്തിയിട്ടുണ്ടാവും. അതോടൊപ്പം ഓരോ ബ്ളോക്കിലെയും സർവേ നമ്പർ ക്രമത്തിൽ എല്ലാ സബ് ഡിവിഷൻ നമ്പറുകളുടേയും വിസ്തീർണം, ഇനം ,തരം, ഉടമയുടെ മേൽവിലാസം, തണ്ടപ്പേര് നമ്പർ ഇവയെല്ലാം ചേർത്ത് Basic Tax Register (BTR) അഥവാ അടിസ്ഥാന നികുതി രജിസ്റ്ററും തയ്യാറാക്കുന്നുണ്ട്. കൂടാതെ പഴയ സർവേ നമ്പറിന് പകരമായി നൽകിയ പുതിയ സർവേ നമ്പർ കണ്ടെത്താൻ ഒരു കോറിലേഷൻ രജിസ്റ്ററു൦ ഉണ്ടാവും.
ചുരുക്കിപ്പറഞ്ഞാൽ നമ്മുടെ മുൻസി പ്പാലിറ്റിയുടെ ഒരു പുതിയ മാപ്പ് തയാറാക്കിയിട്ടുണ്ട്. അതിൽ ഓരോ വസ്തു ഉടമകളുടെയും റോഡിന്റെയും തോടിന്റെയും സർക്കാർ സ്ഥലത്തിന്റെയും പ്ളാൻ വരച്ചിട്ടുണ്ട്. അതിന് ഒരു പുതിയ സർവേ നമ്പർ കൊടുത്തിട്ടുണ്ട്. അതിൽ നിങ്ങളുടെ വസ്തു കൃതൃമായി ശരിയായ വിസ്തീർണ്ണത്തിൽ വരച്ചു ചേർത്തിട്ടുണ്ടോയെന്ന് നോക്കണ്ടേ?
അതോടൊപ്പം തയാറാക്കിയ അടിസ്ഥാന നികുതി രജിസ്റ്ററിൽ (BTR) നിങ്ങളുടെ തന്നെ പേരും മേൽവിലാസവും തെറ്റില്ലാതെ വന്നോ എന്ന് നോക്കണ്ടേ?
ഇത് നിങ്ങളെ മാത്രമല്ല നിങ്ങളുടെ അനന്തര തലമുറകളെയും ബാധിക്കുന്ന രേഖയാണ് . ആധാര പകർപ്പും കരം ഒടുക്കിയ രസീത് പകർപ്പും സഹിതം പോയി കരട് സർവേ രേഖകൾ നോക്കുക. അവിടെ ഉള്ള ഉദ്യോഗസ്ഥരോട് ആവശൃമെന്കിൽ നമ്മുടെ ഭൂമി എവിടെയാണ് സ്ഥിതി ചെയ്യുന്നതെന്ന് പറയാൻ അറിവുള്ളവർ പോവുക. പോകുമ്പോൾ നിങ്ങളുടെ നാലതിരിലുമുള അയൽക്കാരുടെ മേൽവിലാസവും കൂടി കുറിച്ചെടുത്തു കൊണ്ടു പോവുക.
പുതുതായി ഭൂമി വാങ്ങിയവർ നിർബന്ധമായും പോയി രേഖകൾ പരിശോധിക്കുക. കാരണം നിങ്ങളുടെ കൈവശം ഭൂമി ലഭിക്കുന്നതിനു മുമ്പാണ് റീ സർവെ നടന്നതെങ്കിൽ പഴയ ഉടമയുടെ പേരാവും രേഖകളിൽ വരുക.
സാധാരണ ആളുകൾക്കു വേണ്ടി എന്റെ പരിമിതമായ അറിവ് പങ്കു വയ്ക്കുന്നു. സഹപ്രവർത്തകർ തർക്കം പറയരുത്.
ജോസ് കെ ജോസ്
സ്പെഷ്യൽ തഹസീൽദാർ
കരിമണ്ണൂർ.
➖➖➖➖➖➖➖➖➖➖
കടപ്പാട്*🌍പഞ്ചായത്ത് വാർത്തകൾ