#ചക്രവ്യൂഹം…….


#ചക്രവ്യൂഹം…….

ചക്രം പോലെ കറങ്ങുന്ന, എപ്പോഴും സജ്ജമായ വ്യൂഹമാണ് ചക്ര വ്യൂഹം. ആകെ 18 വ്യൂഹങ്ങൾ ഉപയോഗിച്ച കുരുക്ഷേത്ര യുദ്ധത്തിലെ ഏറ്റവും അപകടകരമായ യുദ്ധ സംവിധാനം ചക്ര വ്യൂഹം ആയിരുന്നു. ആരെങ്കിലും തളരുകയോ ,
പരിക്കേൽക്കുകയോ , കൊല്ലപ്പെടുകയോ ചെയ്താൽ വ്യൂഹം തകരാതെയും യുദ്ധം നിർത്താതെയും സൈനികരെ പിൻവലിക്കാനും, മറ്റൊരാളെ യഥാസ്ഥാനത്ത് സ്വീകരിക്കുവാനും സാധിക്കും എന്നതാണ് ചക്ര വ്യൂഹത്തിൻ്റെ ഏറ്റവും വലിയ പ്രത്യേകത. സൈനികർക്ക് വിശ്രമമോ, ചികിത്സയോ നൽകുവാനും, ഭക്ഷണം കഴിക്കുവാനും മറ്റും ഇടവേള നൽകുവാനും ചക്ര വ്യൂഹത്തിന് കഴിയും.യുദ്ധമുന്നണിയിലുള്ള ഒരു മഹാരഥനെ പിന്‍‌വലിച്ചു മറ്റൊരാള്‍ക്കു് എളുപ്പം പകരക്കാരനാവാം എന്നുള്ളതാണു ഇതിൻ്റെ നേട്ടം. എതിരാളികള്‍ ഒരേ ദിശയില്‍ യുദ്ധം ചെയ്യുവാന്‍ നിര്‍ബന്ധിതരാകുകയും, വ്യൂഹം ചമച്ചവര്‍ക്കു തങ്ങളുടെ
ആക്രമണം എപ്പോഴും സജീവമായി തുടരുവാനും സാധിക്കും.
യുധിഷ്ഠിരനെ ബന്ധിക്കുന്നതിനാണ് കുരുക്ഷേത്ര യുദ്ധ സമയത്ത് ഈ നിര ദ്രോണാചാര്യർ രൂപീകരിച്ചത്. 48 * 128 കിലോമീറ്റർ വിസ്തൃതിയുള്ള ഹരിയാനയിലെ കുരുക്ഷേത്ര എന്ന സ്ഥലത്ത് അനേകലക്ഷം സൈനികരെ കൃത്യമായ അനുപാതത്തിൽ വിന്യസിച്ച് നിർമ്മിച്ച വ്യൂഹമാണിത്.യുദ്ധ രഹസ്യവും വിന്യാസ രീതികളും ചോരാതിരിക്കാൻ വാദ്യങ്ങൾ ഉപയോഗിച്ചാണ് ചക്രവ്യൂഹം നിർമ്മിച്ചത്.
ആകെ ഏഴ് നിരയിൽ ആന, കുതിര ,കാലാൾ, രഥം എന്നിവയെ കൃത്യമായ ഗണിത അനുപാതത്തിൽ വിന്യസിച്ചിരിക്കുന്ന മികച്ച രീതിയിൽ സംവിധാനം ചെയ്യപ്പെട്ട ചക്ര വ്യൂഹം ഭേദിക്കുക എന്നത് അതീവ ദുഷ്കരമാണ് ..
ഏറ്റവും പുറമേയുള്ള പാളിയിൽ കാലാൾപ്പടയും,ഓരോ നിര കടക്കും തോറും അതിശക്തമായ സൈനിക തന്ത്രങ്ങളും യുദ്ധ സംവിധാനങ്ങളും വിന്യസിക്കപ്പെടുന്നു എന്നതാണ് ചക്രവ്യൂഹത്തിൻ്റെ ഏറ്റവും വലിയ പ്രത്യേകത. ഒരിക്കൽ ശത്രു കുടുങ്ങിയാൽ ആ ഭാഗത്തുള്ള പാളികൾ സ്വയം അടഞ്ഞ ശേഷം ഒരു വൃത്തമായി മാറും. നാലുപാടുനിന്നും വരുന്ന ആക്രമണത്തെ അകത്ത് അകപ്പെട്ട ശത്രുവിനെ പ്രതിരോധിക്കാൻ കഴിയില്ല.ഗൃഹത്തിന് അകത്തേക്ക് കയറാൻ ശ്രമിച്ചവർ മറ്റു പാളികളിൽ കുടുങ്ങിയിട്ടുണ്ടാകും എന്നതാണ് അടുത്ത പ്രത്യേകത. ഇക്കാരണങ്ങളാൽ കൊണ്ടുതന്നെ
ചക്രവ്യൂഹത്തിൽ അകപ്പെടുന്നവർക്ക് മരണം സുനിശ്ചിതം.
കൃഷ്ണനും അർജുനനും ദ്രോണാചാര്യർക്കും കർണനും ഉൾപ്പെടെ ഏഴ് പേർക്ക് മാത്രമാണ് ദ്വാപരയുഗത്തിൽ ഇത് ഭേദിക്കാൻ ഉള്ള കഴിവ്.എല്ലാ തരത്തിൽ പെട്ട വ്യൂഹങ്ങളെയും തകർക്കാൻ കഴിവുള്ള വ്യക്തികൾ ശ്രീരാമൻ, രാവണൻ എന്നിവരാണ്.
സ്വന്തം സൈന്യം മുഴുവൻ പിന്തിരിഞ്ഞോടിയാലും, രഥം തകർന്നാലും ,
തേരാളി മരിച്ചാലും, ശത്രുക്കൾ ചുറ്റുപാടും പ്രതിരോധിച്ചാലും 18 തരത്തിൽപ്പെട്ട വ്യൂഹങ്ങളെ എങ്ങനെ തകർക്കണമെന്ന് രാവണൻ രാവണ ഗീതയിൽ വിശദീകരിക്കുന്നുണ്ട്.രാമ രാവണ യുദ്ധസമയത്ത് സ്വന്തം സൈന്യം പലകുറി പരാജയപ്പെട്ടു പിന്തിരിഞ്ഞോടിയപ്പോഴും ശ്രീരാമൻ്റെ ഗരുഡ വ്യുഹങ്ങളെ രാവണൻ ഒറ്റയ്ക്ക് ഭേദിക്കുകയും തടുക്കുകയും ചെയ്യുന്നുണ്ട്.
ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ഭാരതത്തിൽ ഉണ്ടായിരുന്ന ശാസ്ത്ര വിജ്ഞാനത്തിൻ്റെ ഉദാഹരണങ്ങളിൽ ഒന്നാണ് ശത്രു ഹരങ്ങളായ വ്യൂഹ സംവിധാനങ്ങൾ…