Pages

*കോവിഡ് വ്യാപനം വകവെക്കാതെ മാടായിപ്പാറയിലേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്ക്*

*കോവിഡ് വ്യാപനം വകവെക്കാതെ മാടായിപ്പാറയിലേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്ക്*
23-Aug-2021

പഴയങ്ങാടി: കോവിഡ് വ്യാപനം വകവെക്കാതെ മാടായിപ്പാറയിലേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്ക്. മാടായിപ്പാറയുടെ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനായി ഹൈക്കോടതി നിർദേശപ്രകാരം സ്ഥാപിച്ച മുന്നറിയിപ്പ് ബോർഡുകൾ ആരും ഗൗനിക്കുന്നുമില്ല.

മാടായിപ്പാറയിലെത്തുന്നവരിൽ ചിലർ ഒരു നിയന്ത്രണവുമില്ലാതെ തലങ്ങും വിലങ്ങും പുൽമേടുകളിലൂടെ വാഹനമോടിക്കുന്നുമുണ്ട്.

ജില്ലയുടെ പലഭാഗത്തും കോവിഡ് രോഗവ്യാപനവും മരണവും റിപ്പോർട്ട് ചെയ്യുന്ന വേളയിൽ ദൂരസ്ഥലങ്ങളിൽനിന്നുപോലും ആളുകൾ കുടുംബസമേതം മാടായിപ്പാറയിലെത്തുന്നു.

പഴയങ്ങാടി-വെങ്ങര മെയിൻ റോഡരികിലും ശിവക്ഷേത്രത്തിലേക്ക് പോകുന്ന വഴിയിലും കോപ്പാട് റോഡ്, ഗവ. ഐ.ടി.ഐ. റോഡ് എന്നീ ഭാഗങ്ങളിലുമായാണ് വാഹനങ്ങളുടെ നീണ്ടനിര കാണുന്നത്.

വാഹനങ്ങളിലെത്തുന്നവർ പാഴ്‌സലായി കൊണ്ടുവരുന്ന ഭക്ഷണം പാറയിലിരുന്ന് കഴിച്ചശേഷം ഇതിന്റെ അവശിഷ്ടങ്ങളും പാത്രങ്ങളും കുടിവെള്ളം കൊണ്ടുവരുന്ന പ്ലാസ്റ്റിക് കുപ്പികളും പാറയിൽ അലക്ഷ്യമായി വലിച്ചെറിയുകയാണ്. ഇത്തരം അവശിഷ്ടങ്ങൾ കളയുന്നതിനായി മാടായി പഞ്ചായത്ത് പാറയുടെ പല ഭാഗങ്ങളിലായി ബൂത്തുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതിലൊന്നും കളയാതെ പാറയിൽതന്നെ ഇത്തരം മാലിന്യം വലിച്ചെറിയുന്നത് തെരുവുനായ്ക്കളുടെ ശല്യം കൂടാനുമിടയാകുന്നു. ഇതാകട്ടെ പ്രഭാത-സായാഹ്ന സവാരിക്കാർക്കും വലിയ ഭീഷണിയായി മാറുന്നുണ്ട്.

പാറയിൽ ഉല്ലാസത്തിനായി ജനക്കൂട്ടമെത്തുന്നുണ്ടെന്ന വിവരം ലഭിച്ചാൽ പഴയങ്ങാടി പോലീസ് സ്ഥലത്തെത്തി ഇവരെ ബോധവത്കരിക്കുകയും ആവർത്തിച്ചാൽ പിഴ ചുമത്തിവിടുകയുമാണ് പതിവ്. എന്നാൽ പോലീസ് ഒരുഭാഗത്തുനിന്ന് കർശന നടപടിയെടുക്കുന്നുണ്ടെന്ന വിവരം ലഭിച്ചാൽ ഫോൺസന്ദേശം വഴി വിവരം ലഭിക്കുന്നവർ പല വഴികളിലൂടെ രക്ഷപ്പെടുകയാണ് ചെയ്യുന്നത്.

പൊതുസ്ഥലങ്ങളിൽ ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ ജനം കൂട്ടംകൂടി നിൽക്കരുതെന്ന് സർക്കാർ കർശന നിർദേശം നൽകുമ്പോഴും അതൊന്നും ബാധകമല്ലെന്നാണ് ഇവിടെയെത്തുന്ന പലരുടെയും നിലപാട്. കർശന നിയന്ത്രണമേർപ്പെടുത്തിയില്ലെങ്കിൽ രോഗവ്യാപാനം തീവ്രമാകാനിടവരും.

ഞായറാഴ്ച വൈകീട്ട് പഴയങ്ങാടി പ്രിൻസിപ്പൽ എസ്.ഐ. കെ. ഷാജു, എസ്.ഐ.മാരായ കെ. മനോഹരൻ, കെ.എ. ഗിരീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ മാടായിപ്പാറയിലെ പുൽമേടുകളിൽ വാഹനം കയറ്റിയിട്ടവർക്കെതിരേ പിഴ ചുമത്തി.
➖️➖️➖️➖️➖️➖️➖️➖️

*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*