Pages

*ഇലക്ട്രിക് പോസ്റ്റില്‍ നിന്ന് ചാര്‍ജിങ്ങ്, യൂണിറ്റിന് 13 രൂപ നിരക്ക്; കോഴിക്കോട് മാത്രം 10 എണ്ണം*


30-Sep-2021 

വൈദ്യുതത്തൂണിൽനിന്ന് ഇലക്ട്രിക് ഓട്ടോകൾ ചാർജ് ചെയ്യാൻ നഗരത്തിൽ സൗകര്യമൊരുങ്ങുന്നത് പത്തിടങ്ങളിൽ. സംസ്ഥാനത്തുതന്നെ പരീക്ഷണാടിസ്ഥാനത്തിൽ കോഴിക്കോട്ട് നടപ്പാക്കുന്ന ചാർജിങ് പോയന്റുകൾ ഉടൻ പ്രവർത്തനം തുടങ്ങും. ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ സരോവരം ബയോപാർക്കിനുസമീപം ഒരുക്കുന്ന പോയന്റ് പൂർത്തിയാവും. അതുകഴിഞ്ഞാൽ ഓട്ടോകൾക്ക് ഇവിടെനിന്ന് ചാർജ് ചെയ്യാനാകുമെന്നാണ് കരുതുന്നത്.

സരോവരം മിനിബൈപ്പാസ് ബെവ്കോയ്ക്ക് സമീപം, വാണിജ്യനികുതി ഓഫീസ് പരിസരം, ചെറൂട്ടി നഗർ ജങ്ഷൻ, മുത്തപ്പൻകാവ്, മൂന്നാലിങ്കലിന് സമീപം, ജോസഫ് റോഡ്, വെള്ളയിൽ ഹാർബർ പ്രവേശനകവാടം, കസ്റ്റംസ് ക്വാർട്ടേഴ്സിനരികെ, മേയർ ഭവൻ ഭാഗം എന്നിവിടങ്ങളിൽ സൗകര്യമൊരുക്കാനാണ് ഉദ്ദേശിക്കുന്നത്. തൂണിൽ ചാർജിങ് പോയന്റുണ്ടാവും. മൊബൈൽ ആപ്പുമായി ബന്ധിപ്പിച്ചായിരിക്കും പ്രവർത്തനം.

ആദ്യത്തെ ചാർജിങ് പോയന്റ് പ്രവർത്തനം തുടങ്ങിയശേഷം എന്തെങ്കിലും മാറ്റങ്ങൾ വേണമോയെന്ന കാര്യം പരിശോധിക്കും. ഇതിനനുസരിച്ചായിരിക്കും ശേഷിക്കുന്നവ തുടങ്ങുകയെന്ന് കെ.എസ്.ഇ.ബി. അധികൃതർ അറിയിച്ചു. മൊബൈൽ ആപ്പ് വഴി പണമിടപാട് നടത്താൻപറ്റുന്ന രീതിയിലാണ് സൗകര്യമൊരുക്കുന്നത്. ഏറ്റവും അടുത്തുള്ള തിരക്കില്ലാത്ത ചാർജിങ് പോയന്റ് എവിടെയാണെന്ന് മനസ്സിലാക്കാനും എത്ര യൂണിറ്റ് വേണമെന്ന് രേഖപ്പെടുത്താനുമെല്ലാം ആപ്പ് വഴിയാകും.

നിലവിൽ 13 രൂപയാണ് നിരക്ക് കണക്കാക്കിയിട്ടുള്ളത്. ജി.എസ്.ടി. വേണ്ടിവരും. ഒമ്പതുരൂപ വൈദ്യുതി നിരക്കും ശേഷിക്കുന്നത് സർവീസ് ചാർജുമാണ്. കോഴിക്കോട് നഗരത്തിൽമാത്രം നിലവിൽ നൂറ്റമ്പതോളം ഇ-ഓട്ടോകളുണ്ട്. ജില്ലയിലാകെ 250 എണ്ണമുണ്ടാകുമെന്നാണ് ഓട്ടോക്കാർ പറയുന്നത്. നിലവിൽ സ്വകാര്യ ചാർജിങ് സ്റ്റേഷനുകളെയാണ് ഇവർ ആശ്രയിക്കുന്നത്. വണ്ടി ഫുൾ ചാർജ് ചെയ്താൽ 130 കിലോമീറ്റർ ഓടാനാവും.

ഏതാണ്ട് നാലുമണിക്കൂർ സമയം വേണം ഇത്തരത്തിൽ ചാർജാവാൻ. 355 രൂപയ്ക്ക് 37 യൂണിറ്റ് ചാർജ് ചെയ്യാറുണ്ടെന്നാണ് ഇവർ പറയുന്നത്. കൂടുതൽ ചാർജിങ് സ്റ്റേഷനുകൾ യാഥാർഥ്യമായാൽ ഇപ്പോഴുള്ള പ്രയാസം മാറി ആശ്വാസമാകുമെന്ന് നഗരത്തിലെ ഇ-ഓട്ടോ ഡ്രൈവർമാർ പറഞ്ഞു.
➖️➖️➖️➖️➖️➖️➖

*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*