Pages

*പെട്രോള്‍, ഡീസല്‍ ജിഎസ്ടിയിലെങ്കിൽ ലാഭം ജനത്തിന്; സര്‍ക്കാരിന്‌ 8,000 കോടി കുറയും*


17-Sep-2021

തിരുവനന്തപുരം∙ പെട്രോളും ഡീസലും ചരക്കുസേവന നികുതിയിൽ (ജിഎസ്ടി) ഉൾപ്പെടുത്തിയാൽ സംസ്ഥാനത്ത് ഇന്ധനവില കുറയും. വരുമാനത്തിൽ 8,000 കോടിയോളം രൂപയുടെ കുറവ് ഉണ്ടാകുമെന്നതിനാലാണ് സംസ്ഥാനം ഈ നീക്കത്തെ ശക്തമായി എതിർക്കുന്നത്. മദ്യവും ഇന്ധനവുമാണ് സംസ്ഥാന സർക്കാരിന്റെ പ്രധാന നികുതി മാർഗം.

ജിഎസ്ടിയിലെ പ്രധാന സ്ലാബുകള്‍ 5,12,18,28 ഇങ്ങനെയാണ്. ഇതിൽ മാറ്റം വരുത്താൻ ജിഎസ്ടി കൗൺസിലിൽ 60% പേരുടെ പിന്തുണ വേണം. ഇന്ധനത്തെ ജിഎസ്ടിയുടെ പരിധിയിൽ കൊണ്ടുവന്നാൽ നിശ്ചയിക്കപ്പെടുന്ന സ്ലാബ് അനുസരിച്ച് പകുതി വരുമാനം സംസ്ഥാനത്തിനും പകുതി കേന്ദ്രത്തിനും ലഭിക്കും. ഇന്ധനത്തിന്റെ അടിസ്ഥാന വിലയിൽ കേന്ദ്ര എക്സൈസ് ഡ്യൂട്ടിയും സംസ്ഥാന വിൽപന നികുതിയും അഡീഷനല്‍ സെയിൽ ടാക്സും സെസും മറ്റു ചെലവുകളും വരുമ്പോഴാണ് വില നൂറ് കടക്കുന്നത്. ഇന്നലെ പെട്രോളിന്റെ ഉയർന്ന വില 102.93 രൂപയും ഡീസലിന്റേത് 95.78 രൂപയുമായിരുന്നു.

∙ പെട്രോളിന്റെ നികുതി ഘടന (ഇന്നലത്തെ വില അനുസരിച്ച്)

അടിസ്ഥാന വില 41.10രൂപ

കേന്ദ്രനികുതി–32.90രൂപ

സംസ്ഥാന നികുതി–25.13

ഡീലറുടെ കമ്മിഷൻ–3.80രൂപ

ആകെ–102.93 രൂപ

∙ഡീസലിന്റെ നികുതി ഘടന

അടിസ്ഥാന വില 41.27 രൂപ

കേന്ദ്രനികുതി–31.80 രൂപ

സംസ്ഥാന നികുതി–20.12രൂപ

ഡീലറുടെ കമ്മിഷൻ–2.59രൂപ

ആകെ–95.78രൂപ

ഇന്ധനവില ജിഎസ്ടി പരിധിയിൽ കൊണ്ടുവന്ന് ഉയർന്ന സ്ലാബായ 28% ആക്കാൻ തീരുമാനിച്ചാൽ കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ വരുമാനം കുത്തനെ കുറയും. എന്നാൽ, ജനങ്ങൾക്ക് ആശ്വാസമായി പെട്രോള്‍ വില 102 രൂപയിൽനിന്ന് 56.40 രൂപയിലേക്കെത്തും. ഡീസലിനു 55.41രൂപയും. ഒരു ലീറ്റർ പെട്രോളിന്റെ അടിസ്ഥാന വിലയായ 41.10 രൂപയുടെ 28% ജിഎസ്ടി 11.50 രൂപയാണ്. ഇതിൽ പകുതി വീതം കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കു ലഭിക്കും. പെട്രോളിന് നിലവിൽ ഒരു ലീറ്ററിൽ 25 രൂപയിലേറെ നികുതി ഇനത്തിൽ ലഭിക്കുന്ന സംസ്ഥാന സർക്കാരിന് 5.75 രൂപ മാത്രമേ ലഭിക്കൂ. ഡീസലിനു 5.77രൂപയും. ഡീലർ കമ്മിഷൻ വലിയ മാറ്റമില്ലാതെ 3.80 രൂപയിൽ തുടരും.

∙ ജിഎസ്ടി 28 % നടപ്പിലാക്കിയാൽ പെട്രോൾ വില (ഇന്നലെയുള്ള വില അനുസരിച്ച്)

അടിസ്ഥാനവില–41.10രൂപ

ജിഎസ്ടി–11.50

ഡീലർ കമ്മിഷൻ–3.80രൂപ

പെട്രോൾ വില–56.40രൂപ

∙ ജിഎസ്ടി 28 % നടപ്പിലാക്കിയാൽ ഡീസൽ വില (ഇന്നലെയുള്ള വില അനുസരിച്ച്)

അടിസ്ഥാന വില–41.27രൂപ

ജിഎസ്ടി–11.50രൂപ

ഡീലർ കമ്മിഷൻ 2.59രൂപ

ഡീസൽ വില –55.41 രൂപ

ജിഎസ്ടി സ്ലാബ് 50% ആക്കിയാൽ പെട്രോളിന്റെ വില 65.45 രൂപയിലെത്തും. ഡീസലിന്റേത് 64.49 രൂപയും. സംസ്ഥാന സർക്കാരിനു ലഭിക്കുന്ന നികുതി വരുമാനം പെട്രോളിനു ലീറ്ററിനു 10.27രൂപയും ഡീസലിനു 10.31രൂപയുമാകും. ജിഎസ്ടി സ്ലാബ് 100% ആക്കിയാലും ഇന്ധന വില ലീറ്ററിനു 86 രൂപയിൽ താഴെയായിരിക്കും. ഇന്ന് ലക്നൗവിൽ ചേരുന്ന ജിഎസ്ടി കൗൺസിൽ യോഗം ഇക്കാര്യം ചർച്ച ചെയ്യുമെന്നാണ് ധാരണ. മിക്ക സംസ്ഥാനങ്ങളും വരുമാന നഷ്ടം ചൂണ്ടിക്കാട്ടി ഇതിനെ എതിർത്തേക്കും. ഇന്ധനത്തെ ജിഎസ്ടിയുടെ ഭാഗമാക്കിയാൽ സംസ്ഥാനത്തു ശമ്പളം കൊടുക്കാൻപോലും കഴിയാത്ത സ്ഥിതിയുണ്ടാകുമെന്നാണ് സംസ്ഥാനം ചൂണ്ടിക്കാട്ടുന്നത്. 

കേന്ദ്ര സർക്കാർ ചുമത്തിയ അധിക സെസ് ഒഴിവാക്കിയാൽ പെട്രോൾ വില ലീറ്ററിനു 70 രൂപയും ഡീസൽ 65 രൂപയുമാകുമെന്നാണ് സംസ്ഥാന നിലപാട്. ഇന്ധനം ജിഎസ്ടി പരിധിയിലെത്തിയാൽ കേന്ദ്ര–സംസ്ഥാന സർക്കാരുകൾക്കു ഒരുപോലെ വരുമാന നഷ്ടമുണ്ടാകും. ഇന്ധനത്തിന്റെ നികുതിഘടന തോന്നിയതുപോലെ പരിഷ്കരിക്കാനാകില്ല. ഏതു പരിഷ്ക്കരണത്തിനും ജിഎസ്ടി കൗൺസിലിൽ ഭൂരിപക്ഷം വേണ്ടിവരും.

ജിഎസ്ടി നടപ്പിലാക്കിയാൽ സംസ്ഥാന സർക്കാരിനു 8,000 കോടി രൂപ നഷ്ടം ഉണ്ടാകുമെന്ന് പറയുന്നതു ജനങ്ങൾക്കു നേട്ടമാണെന്ന് ധനകാര്യ വിദഗ്ധ മേരി ജോർജ് പറഞ്ഞു. ഈ പണം ജനങ്ങളുടെ കൈയ്യിലിരിക്കും. കേരളത്തിൽ നികുതി പിരിവ് കാര്യക്ഷമമല്ല. നികുതിയേതര വരുമാന മാര്‍ഗങ്ങൾ വർധിപ്പിക്കാൻ ശ്രമിച്ചാൽ സാമ്പത്തിക പ്രതിസന്ധി മറികടക്കാമെന്നും എന്നാൽ ഇതിനുള്ള ശ്രമങ്ങൾ ഉണ്ടാകുന്നില്ലെന്നും അവർ പറഞ്ഞു.

➖️➖️➖️➖️➖️➖️➖
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*