*ഇന്ത്യയില്‍ നിന്ന് കുവൈത്തിലെത്താന്‍ ചെലവ് ലക്ഷങ്ങള്‍; വിമാന ടിക്കറ്റിന് തീവില*


06-Sep-2021

കൊച്ചി: ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്കുള്ള വിമാന ടിക്കറ്റിന് തീവില. കൊച്ചിയില്‍ നിന്ന് കുവൈത്തിലേക്ക് നേരിട്ട് പറക്കണമെങ്കില്‍ ടിക്കറ്റിന് മൂന്ന് ലക്ഷം രൂപയിലധികം നല്‍കണം. നിരക്ക് നിയന്ത്രിക്കാന്‍ വ്യോമയാന മന്ത്രാലയം അടിയന്തരമായി ഇടപെടണമെന്ന നിലപാടിലാണ് യാത്രക്കാര്‍.

കൊവിഡില്‍ മാസങ്ങളായി അടഞ്ഞ് കിടന്ന വ്യോമപാത തുറന്നപ്പോള്‍ കുവൈത്തിലെ പ്രവാസികള്‍ സന്തോഷിച്ചു. പിന്നെ എത്രയും പെട്ടെന്ന് നാട്ടിലെത്താന്‍ ടിക്കറ്റെടുക്കാനായി ശ്രമം. എന്നാല്‍ നിരക്ക് കണ്ടപ്പോള്‍ കണ്ണ് തള്ളി. വ്യാഴാഴ്ച കുവൈത്തില്‍ നിന്ന് കൊച്ചിയില്‍ പറന്നിറങ്ങണമെങ്കില്‍ 3,11,558 രൂപ നല്‍കണം. ഈ മാസത്തെ കുറഞ്ഞ ടിക്കറ്റ് നിരക്ക് 23നാണ്, അന്നത്തേക്ക് നല്‍കേണ്ടത് 1,27,808 രൂപ.

ശരാശരി 15,000 രൂപ മാത്രം ടിക്കറ്റ് നിരക്കുണ്ടായിരുന്നിടത്ത് നിന്നാണ് ഈ കുതിപ്പ്. ഇതോടെ കുവൈത്തിലെ സാധാരണക്കാരായ പ്രവാസികള്‍ നാട്ടിലേക്കുള്ള യാത്ര വീണ്ടും നീട്ടി. കുവൈത്തിലെ ജസീറ എയര്‍വെയ്‌സിന് മാത്രമാണ് നിലവില്‍ കേരളത്തിലേക്ക് സര്‍വീസ്. ഡിമാന്‍ഡുള്ളതിനാല്‍ ഇവര്‍ നിരക്ക് കുത്തനെ ഉയര്‍ത്തുകയായിരുന്നു. ഇന്ത്യയില്‍ നിന്നുള്ള വിമാന കമ്പനികള്‍ ഇതുവരെ സര്‍വീസ് പുനരാരംഭിച്ചിട്ടില്ല.

കഴിഞ്ഞ മാസമാണ് ഇന്ത്യയിലേക്കുള്ള യാത്രവിലക്ക് കുവൈത്ത് മാറ്റിയത്. പിന്നാലെ പ്രതിവാരം 5,528 വിമാനസീറ്റുകള്‍ ഇന്ത്യക്ക് അനുവദിച്ചു. ഇതില്‍ പകുതി കുവൈത്തിലെ വിമാന കമ്പനികള്‍ക്കാണ്. മറുപാതി ഇന്ത്യയില്‍ നിന്നുള്ളവയ്ക്കും. രാജ്യത്തെ വിമാന കമ്പനികള്‍ തമ്മില്‍ സീറ്റ് പങ്കുവയ്ക്കുന്നതിലെ തര്‍ക്കമാണ് സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് വൈകിക്കുന്നതിന് പിന്നിലെന്നാണ് സൂചന.

➖️➖️➖️➖️➖️➖️➖
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*