Pages

*സംശയം റമ്പൂട്ടാനില്‍ തന്നെ; വവ്വാലുകളുടെ ആവാസ വ്യവസ്ഥയും കണ്ടെത്തി- വീണ ജോര്‍ജ്‌*


07-Sep-2021

കോഴിക്കോട്: ചാത്തമംഗലത്ത് നിപ രോഗം ബാധിച്ച് 12 വയസ്സുകാരൻ മരിച്ച സംഭവത്തിൽ കുട്ടി കഴിച്ച റംമ്പൂട്ടാൻ തന്നെയാവും കാരണമെന്ന നിഗമനത്തിലേക്ക് എത്തുകയാണ് ആരോഗ്യ വകുപ്പ്. കുട്ടി റംമ്പൂട്ടാൻ കഴിച്ചിരുന്നു. മാത്രമല്ല കുട്ടിയുമായി ബന്ധപ്പെട്ട മറ്റുള്ളവരുടെ ഫലം നെഗറ്റീവ് കൂടി ആയതോടെയാണ് റംമ്പൂട്ടാൻ തന്നെയാവും രോഗ കാരണമെന്ന നിഗമനത്തിലേക്ക് ബന്ധപ്പെട്ടവർ എത്തുന്നത്.

ബന്ധുവീട്ടിൽ നിന്നായിരുന്നു കട്ടി റംമ്പൂട്ടാൻ കഴിച്ചത്. ഒപ്പം തൊട്ടടുത്തായി വവ്വാലുകളുടെ വലിയ ആവാസ വ്യവസ്ഥയും കണ്ടെത്തിയിട്ടുണ്ട്. ഇതിനിടെ കോഴിക്കോട് പകർച്ച വ്യാധികൾ പ്രത്യേകിച്ച് നിപ രണ്ടാമതും റിപ്പോർട്ട് ചെയ്തതോടെ കോഴിക്കോടിനെ പ്രത്യേക ജാഗ്രതയോടെ കാണുമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.

രോഗം വന്നയിടങ്ങളിൽ ഒരു വീട്ടിൽ മുപ്പത് പേർ എന്ന നിലയ്ക്കുള്ള വീട് അടിസ്ഥാനമാക്കിയുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്കും തുടക്കമിട്ടിട്ടുണ്ട്. നിപ ആദ്യം വന്ന അവസ്ഥയിൽ നിന്നും നമ്മൾ ഏറെ മാറിയതും ക്വാറന്റീൻ, സാമൂഹിക അകലം, മാസ്ക് പോലുള്ള കാര്യങ്ങളിൽ ജനങ്ങൾ അവബോധം നേടിയതും പ്രതിരോധ പ്രവർത്തനങ്ങളെ എളുപ്പമാക്കിയിട്ടുണ്ടെന്നാണ് വിലയിരുത്തൽ.

അടിയന്തര പ്രാധാന്യത്തോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിപ ലാബ് സഞ്ജമാക്കിയതും രോഗ നിർണയം എളുപ്പമാക്കാനും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാനും കഴിയുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. എട്ടു പേരുടെ ഫലം നെഗറ്റീവ് ആയത് താൽക്കാലികമായി ആശ്വാസം തരുന്നുണ്ടെങ്കിലും രോഗ ഉറവിടം പൂർണമായും കണ്ടെത്തുന്നത് വരെ അതി ജാഗ്രതയുണ്ടാവണമെന്ന് മന്ത്രി അറിയിച്ചു.

നിപ വൈറസ് പരിശോധനയ്ക്കാവശ്യമായ ലാബും അനുബന്ധ സംവിധാനവും കോഴിക്കോട് മെഡിക്കൽ കോളേജിലെ വി.ആർ.ഡി. ലാബിലാണ് സജ്ജമാക്കിയത്. എൻ.ഐ.വി. പുണെ, എൻ.ഐ.വി. ആലപ്പുഴ, കോഴിക്കോട് മെഡിക്കൽ കോളേജ് എന്നിവയുടെ സംയുക്ത പരിശ്രമം കൊണ്ടാണ് ഇത്ര വേഗം നിപ വൈറസ് ലാബ് സജ്ജമാക്കിയത്. ഈ മൂന്ന് സ്ഥാപനങ്ങളുടേയും ജീവനക്കാർ ചേർന്നാണ് പരിശോധന നടത്തുന്നത്. നിപ വൈറസ് പരിശോധനയ്ക്കുള്ള അർ.ടി.പി.സി.ആർ., പോയിന്റ് ഓഫ് കെയർ ടെസ്റ്റിംഗ് പരിശോധനകളാണ് ലാബിൽ നടത്തുകയെന്നും മന്ത്രി വ്യക്തമാക്കി.

പരിശോധനയ്ക്കാവശ്യമായ ടെസ്റ്റ് കിറ്റുകളും റീ ഏജന്റും അനുബന്ധ സാമഗ്രികളും എൻ.ഐ.വി. പുണെയിൽ നിന്നും എൻ.ഐ.വി. ആലപ്പുഴയിൽ നിന്നും അരോഗ്യ വകുപ്പിന്റെ ഇടപെടലിനെ തുടർന്ന് അടിയന്തരമായി എത്തിക്കുകയായിരുന്നു. അപകടകരമായ വൈറസായതിനാൽ പ്രാഥമികമായി നിപ വൈറസ് സ്ഥിരീകരിച്ചാൽ കൺഫർമേഷൻ ടെസ്റ്റ് നടത്തേണ്ടതുണ്ട്. എൻ.ഐ.വി. പൂനയിലാണ് ഇത് സ്ഥിരീകരിക്കാനുള്ള അനുമതിയുള്ളത്. 12 മണിക്കൂറിനുള്ളിൽ പരിശോധനാ ഫലം അറിയിക്കാമെന്ന് എൻ.ഐ.വി. പുണെ ഉറപ്പ് നൽകിയിട്ടുണ്ട്. കോഴിക്കോട്ട് തന്നെ ഈ ലാബ് സജ്ജമാക്കിയതിനാൽ പരിശോധനയും ചികിത്സയും വേഗത്തിലാക്കാൻ സാധിക്കുന്നതാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി

➖️➖️➖️➖️➖️➖️➖
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*