*ജി.എസ്.ടി പരിഷ്‌കരണം: ജനുവരി മുതൽ ചെരുപ്പിനും വസ്ത്രങ്ങൾക്കും വിലകൂടും*


30-Sep-2021

ന്യൂഡൽഹി: നികുതി ഘടന പരിഷ്കരിക്കുന്നതോടെ അടുത്തവർഷം ജനുവരി മുതൽ വസ്ത്രങ്ങൾക്കും ചെരുപ്പിനും വിലവർധിച്ചേക്കും. ഈ ഉത്പന്നങ്ങളുടെ് ജി.എസ്.ടി അഞ്ച് ശതമാനത്തിൽനിന്ന് 12ശതമാനമാക്കുന്നതോടെയാണ് വിലവർധനയുണ്ടാകുക.

തുണിത്തരങ്ങളുടെയും പാദരക്ഷയുടെയും തീരുവ ജനുവരി മുതൽ പരിഷ്കരിക്കാൻ സെപ്റ്റംബർ 17ന് ചേർന്ന ജി.എസ്.ടി കൗൺസിൽ യോഗമാണ് തീരുമാനിച്ചത്. അതേസമയം, നികുതി നിരക്കിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടിരുന്നില്ല.

വസ്ത്രം, ചെരുപ്പ് എന്നിവ നിർമിക്കാനാവശ്യമായ അസംസ്കൃത വസ്തുക്കൾക്ക് ഉയർന്ന നിരക്കാണ് നിലവിലുള്ളത്. വ്യാപാരത്തിനാവശ്യമായ വസ്തുക്കൾ വാങ്ങിയതിന്റെ നികുതി കുറവുചെയ്യുന്നതുസംബന്ധിച്ച(ഇൻപുട് ടാക്സ് ക്രഡിറ്റ്) ക്രമീകരണത്തിൽ അപാകമുണ്ടാകുന്നതിനാലാണ് നികുതിഘടന ഏകീകരിക്കാൻ സമിതി ശുപാർശചെയ്തത്.

നികുതി ക്രമീകരണത്തിൽ ബുദ്ധിമുട്ടുള്ളതിനാൽ അതിന്റെ ഭാരംകൂടി നിർമാതാക്കൾ നിലവിൽ ഉപഭോക്താവിന് കൈമാറുകയാണ് ചെയ്യുന്നത്. ജി.എസ്.ടി ഏകീകരിച്ചാൽ നിർമാതാക്കൾക്ക് അസംസ്കൃതവസ്തുക്കളുടെ മുഴുവൻ നികുതി കൃത്യമായി അവകാശപ്പെടാൻ എളുപ്പത്തിൽ കഴിയുമെന്നതിനാലാണ് തുണിത്തരങ്ങളുടെയും പാദരക്ഷയുടെയും നികുതി 12ശതമാനമായി ഉയർത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്.

നികുതി ഏകീകരണത്തിലൂടെ ലഭിക്കുന്ന ആനുകൂല്യം നിർമാതാക്കൾ ഉപഭോക്താക്കൾക്ക് കൈമാറിയാൽ റീട്ടെയിൽ വിലയിലെ വർധന താരതമ്യേന കുറവാകുമെന്നാണ് വിലയിരുത്തൽ. 12ശതമാനമെന്ന ഏകീകൃത നികുതിയായിരിക്കും വസ്തങ്ങൾക്ക് ബാധകമാകുക. അതേസമയം, പാദരക്ഷകൾക്ക് രണ്ട് നിരക്കിലുമാകും നികുതി പരിഷ്കരിച്ചേക്കുക. 1000 രൂപവരെയുള്ളവയ്ക്ക് 12ശതമാനവും അതിനുമുകളിലുള്ളവയക്ക് 18ശതമാനവും.

നിലവിൽ 1000 രൂപവരെ വിലയുള്ള വസ്ത്രങ്ങൾക്ക് 5 ശതമാനമാണ് ജി.എസ്.ടി. അതിനുമുകളിലുള്ളവയക്ക് 12ശതമാനവും. അതുപോലെതന്നെ 1000 രൂപയ്ക്കുതാഴെയുള്ള പാദരക്ഷക്ക് അഞ്ചുശതമാനവും അതിന് മുകളിലുള്ളവക്ക് 18ശതമാനവുമാണ് നികുതി ഈടാക്കുന്നത്.
➖️➖️➖️➖️➖️➖️➖

*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*