Pages

*ഒരു ടൗണിൽ രണ്ട് നിയമം: ഒരു വശത്ത്‌ കടുത്ത നിയന്ത്രണം; മറുവശത്ത്‌ ഇളവുകൾ*


01-Sep-2021

കരിവെള്ളൂർ: ഈ നിയന്ത്രണംകൊണ്ട് എന്തു കാര്യം? കഴിഞ്ഞ രണ്ടുദിവസമായി കരിവെള്ളൂർ, ഓണക്കുന്ന് ടൗണുകളിലെ വ്യാപാരികളും നാട്ടുകാരും ചോദിക്കുന്ന ചോദ്യമാണിത്. വാർഡുകൾ അടിസ്ഥാനമാക്കി കൺടെയ്‌ൻമെന്റ് സോണുകൾ നിശ്ചയിച്ചതോടെ കരിവെള്ളൂർ, ഓണക്കുന്ന് ടൗണുകളുടെ അവസ്ഥ കണ്ടാണ് എല്ലാവരും ഈ ചോദ്യമുന്നയിക്കുന്നത്. വിവിധ വാർഡുകൾ ഉൾപ്പെടുന്ന രണ്ട് ടൗണുകളിലും റോഡിന്റെ ഇരുവശങ്ങളിലുമുള്ള കടകൾക്കും സ്ഥാപനങ്ങൾക്കും രണ്ടുതരം നിയന്ത്രണങ്ങളാണിപ്പോൾ. രോഗസ്ഥിരീകരണനിരക്ക്‌ ഏഴിൽ കൂടുതലായതോടെ പഞ്ചായത്തിലെ ഒന്ന്, ഏഴ്, 10 വാർഡുകൾ സെപ്‌റ്റംബർ അഞ്ചുവരെ കൺടെയ്‌ൻമെന്റ് സോണുകളാണ്. ഈ വാർഡുകളിൽ ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകൾ മാത്രം രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് രണ്ടുവരെ തുറക്കാം. മറ്റ് സ്ഥാപനങ്ങളോ കടകളോ തുറക്കാൻ പാടില്ല എന്നാണ് നിർദേശം.

നാല് വാർഡുകൾ ഉൾപ്പെട്ടതാണ് കരിവെള്ളൂർ ടൗൺ പ്രദേശം. കരിവെള്ളൂർ ബസാർ-തെരു റോഡിന്റെ തെക്ക് ഭാഗം 14-ാം വാർഡും വടക്കുഭാഗം ഒന്നാം വാർഡുമാണ്. വടക്കുഭാഗത്തെ കടകളും സ്ഥാപനങ്ങളും അടഞ്ഞുകിടക്കുമ്പോൾ തൊട്ടുമുന്നിൽ റോഡിനപ്പുറത്തുള്ള കടകൾക്ക് ഒരു നിയന്ത്രണവുമില്ല.

ഇതേപോലെ മണക്കാട് റോഡിന്റെ തെക്കുഭാഗം 10-ാം വാർഡും വടക്കുഭാഗം മൂന്നാംവാർഡുമാണ്. 10-ാം വാർഡിലെ കടകൾ മുഴുവൻ അടഞ്ഞുകിടക്കുമ്പോൾ തൊട്ടുമുന്നിലെ റോഡിനപ്പുറമുള്ള കടകൾക്ക് രാത്രി ഒൻപതുവരെ തുറക്കാം. ഓണക്കുന്ന് ടൗണിലും ഇതുതന്നെയാണ് അവസ്ഥ. പത്താംവാർഡിൽപ്പെടുന്ന കടകളെല്ലാം അടഞ്ഞുകിടക്കുമ്പോൾ മറ്റ് കടകൾക്ക് ഒരു നിയന്ത്രണവുമില്ല.

*തട്ടുകടക്കാർ റോഡ് കടന്നു*

:തട്ടുകടക്കാരുടെയും മീൻവില്പനക്കാരുടെയും കാര്യമാണ് ഇതിലും രസകരം. കൺടെയ്‌ൻമെന്റ് സോണിൽ കച്ചവവടം അനുവദിക്കാതായതോടെ ഇവരെല്ലാം കച്ചവടം റോഡിനപ്പുറത്തേക്ക് മാറ്റി. കടകൾ മാറ്റാൻ കഴിയാത്ത സ്ഥിരം വ്യാപാരികൾ മാത്രം സങ്കടത്തോടെ പ്രതിഷേധം ഉള്ളിലൊതുക്കി. റോഡിനെ അതിരാക്കി കോവിഡ് വ്യാപനം തടയാൻ കഴിയുമോ എന്നാണ് വ്യാപാരികൾ ചോദിക്കുന്നത്.

പകുതി കടകൾ അടഞ്ഞുകിടന്നതുകൊണ്ട് ടൗണുകളിലെത്തുന്ന ആളുകൾക്ക് ഒരു കുറവും വന്നിട്ടില്ല. പിന്നെയെങ്ങെനെ കോവിഡ് വ്യാപനം നിയന്ത്രിക്കാൻ കഴിയുമെന്നും അവർ ചോദിക്കുന്നു. 
➖️➖️➖️➖️➖️➖️➖
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*