*കുട്ടിക്ക് നിപ്പ ബാധിച്ചത് റംബൂട്ടാനിൽ നിന്നെന്ന് പ്രാഥമിക നിഗമനം ; സമ്പർക്ക പട്ടിക കൂടാൻ സാധ്യത, വീടുകൾ തോറും സർവ്വേ*


*06-09-2021*
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖

നിപ്പ വൈറസ് ബാധിച്ച്‌ മരിച്ച 12 വയസുകാരന്റെ രോഗ ഉറവിടം റംബൂട്ടാനില്‍ നിന്നെന്ന് പ്രാഥമിക നിഗമനം. ഇക്കാര്യം കേന്ദ്രസംഘം അറിയിച്ചതായി മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. ഇതേക്കുറിച്ച്‌ മൃ​ഗസംരക്ഷണ വകുപ്പ് പ്രത്യേകം പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു. വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താനും സമ്പര്‍ക്കപ്പട്ടിക കൃത്യമായി ശേഖരിക്കാനുമാണ് പ്രത്യേക പരി​ഗണന നല്‍കുന്നതെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വീടുകള്‍ തോറും സര്‍വെ നടത്തി സമ്പര്‍ക്കമുള്ളവരെ കണ്ടെത്തും. ഇതിനായി ആശാവര്‍ക്കര്‍മാരെ നിയോ​ഗിച്ചിട്ടുണ്ട്. മരിച്ച കുട്ടിക്ക് തന്നെയാണോ ആദ്യം വൈറസ് ബാധിച്ചത് കുട്ടിക്ക് എവിടെനിന്നാണ് രോഗം കിട്ടിയത് തുടങ്ങിയ വിവരങ്ങള്‍ കണ്ടെത്തുക സുപ്രധാനമാണെന്നും ഇതിനാണ് കൂടുതല്‍ ശ്രദ്ധ നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.

ഹൈ റിസ്ക് കോണ്ടാക്‌ട് ആയി കണ്ടെത്തി നിലവില്‍ നിരീക്ഷണത്തിലുള്ള ആര്‍ക്കും കുഴപ്പമില്ലെന്നും മന്ത്രി അറിയിച്ചു. കുട്ടിയുടെ അമ്മയ്ക്കും രണ്ട് ആരോ​ഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് രോ​ഗലക്ഷണമുള്ളത്. ഹൈ റിസ്ക് കോണ്ടാക്ടിലുള്ള ഏഴ് പേരുടെ സാംപിളുകള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. നിപ്പ വൈറസ് ചികിത്സയുമായി ബന്ധപ്പെട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പ്രത്യേക ട്രെയിനിങ് നല്‍കാനുള്ള സംവിധാനവും ക്രമീകരിച്ചിട്ടുണ്ട്. രോഗിയുമായി അടുത്തിടപെടുന്നതുകൊണ്ടുതന്നെ നിപ്പ വൈറസ് ഏറ്റവും കൂടുതല്‍ ഭീഷണി ഉയര്‍ത്തുന്നത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് . ഈ സാധ്യത മുന്നില്‍കണ്ട് മുന്‍കരുതല്‍ എടുക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ പരിശീലനം നല്‍കും. നിപ്പ രോ​ഗിയെയും കോവിഡ് ബാധിച്ച ആളെയും എങ്ങനെ വേര്‍തിരിച്ചറിയും എന്നത് സംബന്ധിച്ചും പരിശീലനം നല്‍കുമെന്ന് മന്ത്രി അറിയിച്ചു.
➖️➖️➖️➖️➖️➖️➖
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*