സഹകരണ സംഘങ്ങൾ സ്വീകരിക്കുന്ന നിക്ഷേപങ്ങൾ സംബന്ധിച്ച വിവരങ്ങൾ ആവശ്യപ്പെടുന്നതിന് ആദായ നികുതി വകുപ്പുദ്യോഗസ്ഥന്മാർക്ക് അധികാരം നൽകുന്ന വ്യവസ്ഥകൾ നിലവിലുണ്ടോ?
ആദായ നികുതി നിയമത്തിലെ ഏതെങ്കിലും വ്യവസ്ഥകളുനസരിച്ചുള്ള നടപടിക്രമങ്ങളുടെ ആവശ്യത്തിനല്ലാതെ വിവരങ്ങൾ ആവശ്യപ്പെടാനോ നേരിൽ ചെന്ന് നിർബന്ധപൂർവം അവ കൈക്കലാക്കാനോ ആദായനികുതി ഉദ്യോഗസ്ഥന്മാർക്ക് ആധികാരമില്ലെന്ന് ബഹു. സുപ്രീം കോടതി പല സന്ദർഭങ്ങളിൽ വ്യക്തമാക്കിയിട്ടുള്ളതാണ്. കള്ളപ്പണം കണ്ടെത്താനെന്ന വ്യാജേന മുഴുവൻ നിക്ഷേപകരുടേയും വിവരങ്ങൾ (പേര്, അഡ്രസ്സ് , PAN തുടങ്ങിയവ), പ്രതേകിച്ച് കാരണമൊന്നുമില്ലാതെ ശേഖരിക്കുന്നതിനെ സുപ്രീം കോടതി fishing inquiry/roving inquiry എന്നിങ്ങനെയാണ് വിശേഷിപ്പിക്കുന്നത്. ഇത്തരത്തിലുള്ള വിവരശേഖരണം സുപ്രീം കോടതിയുടെ വിവിധ വിധികൾ അനുസരിച്ചു് നിയമവിരുദ്ധമാണ്.
എന്നാൽ പിന്നീട്, 2013 ൽ, കതിരൂർ സർവ്വീസ് സഹകരണ ബാങ്ക് vs. ഇൻകം ടാക്സ് ആഫീസർ എന്ന കേസിൽ സുപ്രീം കോടതി വ്യത്യസ്തമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. നിക്ഷേപകരുടെ വിവരങ്ങൾ (പേര്, അഡ്രസ്സ് , PAN തുടങ്ങിയവ), പ്രതേകിച്ച് കാരണമൊന്നുമില്ലാതെ തന്നെ ശേഖരിക്കുന്നതിനായി fishing inquiry/roving inquiry നടത്തുന്നതിന് ആദായ നികുതി വകുപ്പുദ്യോഗസ്ഥന്മാർക്ക് ആധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി.
നിക്ഷേപകരെ സംബന്ധിച്ച വ്യക്തിപരമായ വിവരങ്ങൾ രഹസ്യസ്വഭാവമുള്ളതാണെന്നും സഹകരണ സംഘം രജിസ്ട്രാർക്ക് പോലും അവ പരിശോധിക്കാൻ നിയമമുള്ളതായി കാണുന്നില്ല എന്നും സ്പഷ്ടമാക്കിയ അതേ സുപ്രീംകോടതിയാണ് ഇത്തരത്തിൽ വിധിച്ചിട്ടുള്ളത്. ചോദിച്ചു വാങ്ങിയ വിധിയാണിതെന്ന് പോലും തോന്നിപ്പോകുന്ന വിധത്തിലാണ് ഈ കേസ് കൈകാര്യം ചെയ്തിട്ടുള്ളതെന്ന് വിധിന്യായത്തിലൂടെ കണ്ണോടിച്ചാൽ ആർക്കും ബോദ്ധ്യമാകുന്നതാണ്. [സുപ്രീം കോടതിയുടെ വിധിയിന്മേൽ റിവ്യൂ പെറ്റീഷൻ ഫയൽ ചെയ്യാൻ കൊണ്ടുപിടിച്ച ശ്രമങ്ങളൊക്കെ കേരളത്തിലെ സഹകരണ മേഖലയിലുണ്ടായെങ്കിലും പിന്നീടെന്തു സംഭവിച്ചു എന്നത് ഇപ്പോഴും ബന്ധപ്പെട്ടവർ രഹസ്യമാക്കി വെച്ചിരിക്കുന്നത് എന്തുകൊണ്ടാണെന്നത് വ്യക്തമല്ല.]
നിക്ഷേപകരെ സംബന്ധിച്ച വിവരങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് ആദായ നികുതി വകുപ്പിൽ നിന്ന് പല സഹകരണ സംഘങ്ങൾക്കും നോട്ടീസുകൾ വന്നുകൊണ്ടിരിക്കുന്നുണ്ട്. കതിരൂർ സർവ്വീസ് സഹകരണ ബാങ്ക് vs. ഇൻകം ടാക്സ് ആഫീസർ എന്ന കേസിൽ സുപ്രീം കോടതിയിൽ നിന്നുണ്ടായിട്ടുള്ള വിധി അനുസരിച്ചു് വിവരങ്ങൾ നല്കാൻ സംഘങ്ങൾ ബാദ്ധ്യസ്തമാണ്. വീഴ്ചയുണ്ടാകുന്ന പക്ഷം ഒരു ദിവസത്തേക്ക് 100 രൂപ വെച്ച് പിഴ ചുമത്താൻ ആദായനികുതി വകുപ്പിന് കഴിയും. സുപ്രീം കോടതിയുടെ വിധിക്കു ശേഷം പല സംഘങ്ങളുടേയും മേൽ ഇത്തരത്തിൽ പിഴ ചുമത്തപ്പെടുകയുണ്ടായിട്ടുണ്ട്.
ആദായ നികുതി വകുപ്പിൽ നിന്നുള്ള fishing inquiry/roving inquiry സംബന്ധിച്ചുള്ള സുപ്രീം കോടതിയുടെ ആദ്യ നിലപാട് സ്ഥാപിച്ചെടുക്കാൻ സഹകരണ മേഖലക്ക് കഴിയാത്ത പക്ഷം ആദായ നികുതി വകുപ്പുമായി സഹകരിച്ച് ആവശ്യപ്പെട്ട വിവരങ്ങൾ നൽകുകയോ അല്ലാത്തപക്ഷം പിഴ ശിക്ഷ ഏറ്റുവാങ്ങുകയോ ചെയ്യേണ്ടിയിരിക്കുന്നു.
കതിരൂർ സർവ്വീസ് സഹകരണ ബാങ്ക് vs. ഇൻകം ടാക്സ് ആഫീസർ എന്ന കേസിലെ വിധിയിന്മേൽ റവ്യൂ പെറ്റീഷൻ ഫയൽ ചെയ്യാനുള്ള ശ്രമത്തിന് എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കാൻ, സഹകരണ മേഖല അതിനായി ചുമതലപ്പെടുത്തിയവർ മുന്നോട്ട് വരേണ്ട സമയമാണിത്. കേരളത്തിലെ സഹകരണ സംഘങ്ങൾ കള്ളപ്പണത്തിന്റെ സുരക്ഷിത സങ്കേതമായിരിക്കുന്നു എന്ന സുപ്രീം കോടതി വിധിയിലെ പരാമർശം ഈ മേഖലക്കേൽപ്പിച്ച ആഘാതം ചെറുതല്ലെന്ന് തിരിച്ചറിയാനും അതിൽ നിന്ന് കരകയറുന്നതിനുള്ള യുക്തിഭദ്രമായ നിലപാടുകൾ സ്വീകരിക്കാനും സഹകാരികൾ ഒറ്റയ്ക്കും കൂട്ടായും തയ്യാറാകേണ്ടതുണ്ട്. പുതിയ സാഹചര്യത്തിൽ ഏറെ ദുഷ്കരമായ ദൗത്യമാണ് അതെങ്കിലും സഹകരണ മേഖലയെ സംരക്ഷിക്കാൻ സഹകാരികൾ അതേറ്റുടുത്തേ പറ്റൂ.
കടപ്പാട് : ശ്രീ. രാധാകൃഷ്ണൻ K V