Pages

*ജനുവരിയോടെ സമ്പൂർണ വാക്സിനേഷൻ; നിര്‍ണായക ലക്ഷ്യത്തിലേക്ക് കേരളത്തിന്‍റെ കുതിപ്പ്*


19-Sep-2021

തിരുവനന്തപുരം: നിലവിലെ വേഗതയിൽ പോയാൽ സംസ്ഥാനത്ത് ജനുവരിയോടെ സമ്പൂർണ വാക്സിനേഷൻ പൂർത്തിയാക്കാനാകുമെന്ന് കണക്കുകൾ. ആദ്യ ഡോസ് വിതരണം 100 ശതമാനമാകാൻ 25 ദിവസവും രണ്ട് ഡോസിന്‍റെയും വിതരണം പൂർത്തിയാകാൻ പരമാവധി 135 ദിവസവും ഇനി വേണമെന്നാണ് വിദഗ്ധരുടെ കണക്ക്. സ്വകാര്യ മേഖലയിലെ വാക്സിനേഷന്‍റെ കൂടി വേഗം വർധിച്ചാൽ കണക്കുകൂട്ടിയതിലും വേഗത്തിൽ ലക്ഷ്യത്തിലെത്താനാകുമെന്നാണ് പ്രതീക്ഷ.

വാക്സിനെടുക്കേണ്ട ആളുകളുടെ എണ്ണത്തിൽ കേന്ദ്രം പുതുക്കിയ കണക്കനുസരിച്ച് ഇതിനോടകം സംസ്ഥാനം ആദ്യ ഡോസ് നല്‍കിയവരുടെ എണ്ണം 89 ശതമാനത്തിനടുത്ത് എത്തിക്കഴിഞ്ഞു. രണ്ടാം ഡോസ് നല്‍കിയത് 36.67 ശതമാനത്തിനാണ്. പുതിയ ജനസംഖ്യാ കണക്കനുസരിച്ച്, 2 കോടി 87 ലക്ഷത്തിൽ നിന്ന് 2 കോടി 67 ലക്ഷമായാണ് അർഹരായ ആളുകളുടെ എണ്ണം കുറഞ്ഞത്. ഇതോടെ ലക്ഷ്യത്തിലേക്ക് സര്‍ക്കാര്‍ കൂടുതൽ അടുത്തു. 29 ലക്ഷത്തോളം പേർക്കാണ് ഇനി ആദ്യഡോസ് നൽകാനുള്ളത്.

ഇവർക്ക് 84 ദിവസം പൂർത്തിയാകാനെടുക്കുന്ന ദിവസം കൂടി കണക്കാക്കിയാണ് നാല് മാസമെന്ന കണക്ക്. അതായത് 115 മുതൽ പരമാവധി 135 ദിവസം വരെ. വാക്സിൻ ഉൽപ്പാദനം വർധിച്ചതും പ്രതീക്ഷ പകരുന്ന ഘടകമാണ്. അതേസമയം, സർക്കാർ മേഖലയിൽ വാക്സിൻ ലഭ്യത കൂടിയതോടെ സ്വകാര്യ മേഖലയിൽ പണം നൽകി വാക്സിനെടുക്കുന്നത് കുറഞ്ഞിട്ടുണ്ട്. ഇത് പരിഹരിക്കാൻ സ്വകാര്യ മേഖലയിലും വാക്സിൻ സൗജന്യമാക്കാനുള്ള ഇടപെടൽ വേണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഇതുവഴി വാക്സിനേഷൻ വേഗം ഇനിയും വർധിപ്പിക്കാൻ കഴിയുമെന്നാണ് സ്വകാര്യ ആശുപത്രികൾ മുന്നോട്ടുവെക്കുന്ന നിർദേശം.

➖️➖️➖️➖️➖️➖️➖
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*