Pages

✈️*കരിപ്പൂർ വിമാന ദുരന്തം, പൈലറ്റിന്റെ വീഴ്ച ; അന്വേഷണ റിപ്പോർട്ട്‌ പുറത്ത്*


12-09-2021
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖

കരിപ്പൂര്‍ വിമാനാപകടത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. പൈലറ്റിന്റെ വീഴ്ചയാണ് കരിപ്പൂര്‍ വിമാന ദുരന്തത്തിനിടയാക്കിയതെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. വിമാനം താഴെയിറക്കിയത് റണ്‍വേയുടെ പകുതിയും കഴിഞ്ഞാണ്. റണ്‍വേയില്‍ നിന്ന് വിട്ട് വശങ്ങളിലേക്ക് വിമാനം തെന്നിമാറി. മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും അമിത വേഗത്തില്‍ മുന്‍പോട്ട് പോയി. ഇന്ധന ടാങ്കില്‍ ചോര്‍ച്ചയുണ്ടായിയെന്നും റിപ്പോര്‍ട്ട് പറയുന്നു. വിമാനത്തിന്റെ ഗതി നിശ്ചയിച്ചിരുന്ന പൈലറ്റിന്റെ തീരുമാനങ്ങള്‍ പിഴച്ചു. സമാന സാഹചര്യത്തില്‍ മുന്‍പ് വിമാനമിറക്കിയ പൈലറ്റ് അമിത ആത്മവിശ്വാസത്തിലായിരുന്നു.

മോശം കാലാവസ്ഥയില്‍ വിമാനത്തിന്റെ വൈപ്പര്‍ ശരിയായി പ്രവര്‍ത്തിച്ചില്ല. തെറ്റായ ലാന്‍ഡിംഗാണെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും അവഗണിച്ചു. 8858 അടി നീളമുള്ള റണ്‍വേയില്‍ 4438 അടിയില്‍ വിമാനം താഴെയിറക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എയര്‍ ആക്‌സിഡന്‍റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ തയ്യാറാക്കിയ റിപ്പോര്‍ട്ട് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് സമര്‍പ്പിച്ചു. കരിപ്പൂര്‍ വിമാന ദുരന്തം സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് വ്യോമയാന മന്ത്രാലയത്തിന് ലഭിച്ചെന്നും ഉടന്‍ പരസ്യപ്പെടുത്തുമെന്ന് വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ കാലതാമസമില്ലാതെ നടപ്പാക്കുമെന്നും സിന്ധ്യ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

2020 ആഗസ്റ്റ് ഏഴിനാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് അപകടത്തില്‍പ്പെട്ടത്. വിമാനത്താവളത്തിലെ ലാന്‍ഡിംഗിനിടെ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ദുബായ് - കോഴിക്കോട് വിമാനം റണ്‍വേയില്‍ നിന്നും നിയന്ത്രണം തെറ്റി കോംപൗണ്ട് വാളില്‍ ഇടിച്ചാണ് അപകടമുണ്ടായത്. വിമാനം ലാന്‍ഡിംഗ് ചെയ്തതിന് ശേഷമായിരുന്നു അപകടം എന്നതിനാലും ഇന്ധനചോര്‍ച്ച പെട്ടെന്ന് നിയന്ത്രിച്ചതിനാലും വലിയ ദുരന്തമാണ് ഒഴിവായത്. വിമാനത്തിന്റെ രണ്ട് പൈലറ്റുമാരും അപകടത്തില്‍ മരിച്ചിരുന്നു. 21 പേര്‍ മരിച്ച ദുരന്തത്തില്‍ 96 പേര്‍ക്കായിരുന്നു സാരമായി പരിക്കേറ്റത്. 73 പേര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു.

➖️➖️➖️➖️➖️➖️➖
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*