Pages

*പരിശോധനയ്ക്കായി കൈകാണിച്ചിട്ടും നി‍ർത്താതെ വാഹനം ഓടിച്ചു പോകുന്നവർക്കെതിരെ നടപടി കർശനമാക്കി പൊലീസ്*

 ഇവർക്കെതിരെ 2 വകുപ്പുകൾ പ്രകാരം കേസെടുക്കാനാണു കർശന നിർദേശം. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിനു പുറമേ പൊലീസിന്റെ നിയമപരമായ ആവശ്യപ്പെടൽ നിരാകരിച്ചതിനുള്ള വകുപ്പി‍ൽ കൂടി കേസെടുക്കും. പാലക്കാട് ട്രാഫിക് എൻഫോഴ്സ്മെന്റ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ 2 മാസത്തിനിടെ ഇത്തരത്തിൽ 32 കേസുകൾ റജിസ്റ്റർ ചെയ്തതായി എസ്ഐ എം.ഹംസ അറിയിച്ചു. എല്ലാവരും ഇരുചക്രവാഹന യാത്രക്കാരാണ്. ഇവർക്കെതിരെ എഫ്ഐആർ തയാറാക്കി കോടതിയിൽ സമർപ്പിക്കും. വാഹനം നി‍ർത്താതെ പോയാലും സാധാരണ സംഭവങ്ങളിൽ പൊലീസ് പിന്തുടരില്ല.

പകരം റജിസ്ട്രേഷൻ നമ്പർ രേഖപ്പെടുത്തി വാഹനം ഓടിച്ച വ്യക്തിയെ കണ്ടെത്തി തുടർ നടപടിയെടുക്കും. റജിസ്ട്രേഷൻ വിവരങ്ങൾ വ്യക്തമല്ലെങ്കിൽ അക്കാര്യവും പരിശോധിക്കും. ഇതോടൊപ്പം ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കുന്നവർക്കെതിരെയും നടപടി കടുപ്പിക്കും. ഇവർക്കായി ട്രാഫിക് ബോധവൽക്കരണ ക്ലാസ് നൽകും. ഒപ്പം ലേണേഴ്സ് ടെസ്റ്റിനുള്ള ഉപദേശവും നൽകും. നിയമലംഘനം നടത്തുന്നവരിൽ ഭൂരിഭാഗവും ഇരുചക്രവാഹന യാത്രക്കാരാണ്.