കോവിഡ് പ്രതിരോധത്തിന് സർക്കാർ ഉദ്യോഗസ്ഥർ, സന്നദ്ധസേനാ വാളണ്ടിയർമാർ, പ്രദേശത്തെ സേവനസന്നദ്ധരായവർ, റസിഡൻസ് അസോസിയേഷനുകൾ എന്നിവരെ ഉൾപ്പെടുത്തി അയൽപക്ക നിരീക്ഷണ സമിതികൾ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപന അധികൃതരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പ്രാദേശികമായ കരുതലാണ് ഏറ്റവും പ്രധാനം. അയൽപക്ക നിരീക്ഷണ സമിതി, റാപ്പിഡ് റെസ്പോൺസ് ടീം, വാർഡുതല സമിതി, പോലീസ്, സെക്ടറൽ മജിസ്ട്രേറ്റ് എന്നിവരുടെ നേതൃത്വത്തിൽ നിയന്ത്രണങ്ങൾ നടപ്പാക്കണം. വ്യാപനം കുറയ്ക്കാനുള്ള ഇടപെടൽ ഓരോ പ്രദേശത്തും നടത്തണം.
പോസീറ്റീവ് ആയവരുമായി സമ്പർക്കത്തിലുള്ള മുഴുവൻ പേരെയും നിരീക്ഷണത്തിലാക്കണം. ആദ്യഘട്ടത്തിൽ ഇടപെട്ടതുപോലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ സജീവമായി മുന്നോട്ടുനീങ്ങിയാൽ പെട്ടെന്നുതന്നെ സാധാരണ അന്തരീക്ഷത്തിലേക്ക് കാര്യങ്ങൾ എത്തിക്കാൻ നമുക്കാവും.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18 - 20 ശതമാനത്തിനിടയിൽ നിൽക്കുമ്പോഴും മരണനിരക്ക് 0.5 ശതമാനത്തിൽ പിടിച്ചുനിർത്താൻ നമുക്കായെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുതിയ കോവിഡ് വകഭേദം സജീവമായ വിദേശരാജ്യങ്ങളിൽ നിന്നും വരുന്ന യാത്രക്കാരെ എയർപോർട്ടിൽ പരിശോധിക്കും. 74 ശതമാനം പേർക്ക് ഒന്നാം ഡോസും 27 ശതമാനം പേർക്ക് രണ്ടാം ഡോസും വാക്‌സിൻ നൽകിക്കഴിഞ്ഞു. ആരോഗ്യപ്രവർത്തകർക്കും മുൻനിര പ്രവർത്തകർക്കും 100 ശതമാനം ഒന്നാം ഡോസും 86 ശതമാനം രണ്ടാം ഡോസും നൽകി. വാക്സിനേഷൻ കുറഞ്ഞ തദ്ദേശസ്ഥാപനങ്ങളിൽ ശരാശരി നിലയിലേക്ക് ഉയർത്താൻ പ്രത്യേക യജ്ഞം നടത്തും. വാക്സിനേഷൻ ആവശ്യമില്ലെന്നു ചിന്തിക്കുന്നവരെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും പിന്തിരിപ്പിക്കണം.
സംസ്ഥാനവ്യാപക ലോക്ഡൗൺ പോലുള്ള നടപടികളെ ആരും അനുകൂലിക്കുന്നില്ല. ഇത് സമ്പദ്ഘടനയ്ക്കും ജീവനോപാധികൾക്കും സൃഷ്ടിക്കുന്ന പ്രതിസന്ധി വളരെ വലുതാവും. സാമൂഹിക പ്രതിരോധശേഷി കെട്ടിപ്പടുത്ത് സാധാരണ നിലയിലേക്ക് നീങ്ങണമെന്നാണ് വിദഗ്ധാഭിപ്രായം. ജാഗ്രതയിൽ ഒട്ടും വിട്ടുവീഴ്ച പാടില്ല.
വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ പുറത്തിറങ്ങരുത്. അത്തരക്കാരിൽ നിന്നും പിഴ ഈടാക്കും. അവരുടെ സ്വന്തം ചെലവിൽ ക്വാറന്റീനിലേക്ക് മാറ്റാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുൻകൈയെടുക്കണം. വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ അത്യാവശ്യം സൗകര്യമില്ലെങ്കിൽ സി.എഫ്.എൽ.ടി.സി കളിൽ പോകണം. കരുതൽ വാസകേന്ദ്രങ്ങളും സജീവമാക്കേണ്ടതുണ്ട്. അനുബന്ധ രോഗങ്ങൾ ഉള്ളവരെയും മുതിർന്ന പൗരൻമാരെയും നിർബന്ധമായും ആദ്യദിവസങ്ങളിൽ തന്നെ ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിക്കാനാകണം.
കണ്ടെയിൻമെന്റ് സോണുകളായി പ്രഖ്യാപിക്കുന്ന സ്ഥലങ്ങളിലേക്ക് മരുന്നുകൾ, അവശ്യസാധനങ്ങൾ, കോവിഡ് ഇതര രോഗങ്ങൾക്കുള്ള ചികിത്സ എന്നിവ ലഭ്യമാക്കാൻ വാർഡുതല സമിതികൾ ഉൾപ്പെടെയുള്ള സമിതികൾ മുൻഗണന നൽകണം. ആരും പട്ടിണി കിടക്കുന്നില്ല എന്ന് തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ ഉറപ്പുവരുത്തണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ, ആരോഗ്യമന്ത്രി വീണാജോർജ്ജ്, റവന്യു മന്ത്രി കെ. രാജൻ, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ, തദ്ദേശസ്വയംഭരണ സ്ഥാപന ജനപ്രതിനിധികൾ, സെക്രട്ടറിമാർ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ തുടങ്ങിയവർ സംബന്ധിച്ചു.
➖️➖️➖️➖️➖️➖️➖
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*