*നിസാമുദ്ദീൻ എക്സ്പ്രസിൽ ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി കവര്‍ച്ച; അബോധാവസ്ഥയിൽ മൂന്ന് സ്ത്രീകൾ*


12-Sep-2021

തിരുവനന്തപുരം: നിസാമുദ്ദീൻ-തിരുവനന്തപുരം എക്സ്പ്രസിൽ സ്ത്രീകളെ മയക്കികിടത്തി കവർച്ച. മൂന്ന് സ്ത്രീകളാണ് തീവണ്ടിയിൽ കവർച്ചയ്ക്കിരയായത്. ഇവരിൽനിന്ന് പത്ത് പവനോളം സ്വർണവും രണ്ട് മൊബൈൽഫോണുകളുമാണ് കവർന്നത്. അബോധാവസ്ഥയിൽ തീവണ്ടിയിൽ കണ്ടെത്തിയ മൂന്ന് സ്ത്രീകളെയും തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നിസാമുദ്ദീൻ-തിരുവനന്തപുരം എക്സ്പ്രസ് രാവിലെ തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ എത്തിയതോടെയാണ് കവർച്ച നടന്നവിവരം പുറംലോകമറിയുന്നത്. തീവണ്ടിയിൽ മൂന്ന് സ്ത്രീകളെ അബോധാവസ്ഥയിൽ കണ്ടെത്തിയതോടെ പോലീസും അധികൃതരും ഇവരെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തിരുവല്ല സ്വദേശി വിജയലക്ഷ്മി, മകൾ അഞ്ജലി, തമിഴ്നാട് സ്വദേശി കൗസല്യ എന്നിവരെയാണ് അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഇവർ ബോധം വീണ്ടെടുത്തതോടെയാണ് കവർച്ച നടന്നെന്ന വിവരം സ്ഥിരീകരിച്ചത്.

വിജയലക്ഷ്മിയും മകളും ഒരു കോച്ചിലാണുണ്ടായിരുന്നത്. കൗസല്യ മറ്റൊരു കോച്ചിലായിരുന്നു. രാജലക്ഷ്മിയുടെ ബാഗുകളിൽനിന്ന് പത്ത് പവന്റെ സ്വർണവും രണ്ട് മൊബൈൽ ഫോണുകളുമാണ് മോഷണം പോയത്. കൗസല്യയുടെ സ്വർണക്കമ്മലുകളും നഷ്ടപ്പെട്ടു.

സേലത്തിനും കോയമ്പത്തൂരിനും ഇടയ്ക്കുവെച്ചാണ് കവർച്ച നടന്നതെന്നാണ് പോലീസിന്റെ നിഗമനം. സേലത്തുനിന്ന് ഭക്ഷണം വാങ്ങികഴിച്ചതായി ഇവർ മൊഴി നൽകിയിട്ടുണ്ട്. ഇതിനുശേഷമാണ് മയക്കമുണ്ടായതെന്നും പറഞ്ഞു. മയക്കുമരുന്ന് കലർത്തിയ ഭക്ഷണം നൽകിയവർ തന്നെ പിന്നീട് മോഷണം നടത്തിയിട്ടുണ്ടാകുമെന്നാണ് നിഗമനം. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഡൽഹിയിൽ താമസിക്കുന്ന വിജയലക്ഷ്മിയും മകളും ഒരു വിവാഹത്തിൽ പങ്കെടുക്കാനായാണ് നാട്ടിലേക്ക് തിരിച്ചത്. ഇരുവരും കായംകുളം സ്റ്റേഷനിലാണ് ഇറങ്ങേണ്ടിയിരുന്നത്. ഡൽഹിയിൽനിന്ന് തീവണ്ടിയിൽ കയറിയ കൗസല്യ ആലുവയിലേക്കാണ് ടിക്കറ്റെടുത്തിരുന്നത്. എന്നാൽ മയക്കുമരുന്ന് കലർത്തിയ ഭക്ഷണം കഴിച്ച് മൂവരും ബോധരഹിതരാവുകയായിരുന്നു.

➖️➖️➖️➖️➖️➖️➖
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*