Pages

*ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിൽ ഇന്ന് ഇന്ത്യ-പാകിസ്ഥാൻ ഗ്ലാമർ പോരാട്ടം*

24-10-2021
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖

ദുബായ് : ട്വന്‍റി-20 ലോകകപ്പ് പോലുള്ള ഒരു മേജര്‍ ടൂര്‍ണമെന്റിലെ ഏറ്റവും ഗ്ലാമര്‍ പോരാട്ടമാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ളത്. ഇന്ത്യ ചിരവൈരികളായ പാകിസ്താനെതിരെ ഏറ്റുമുട്ടുമ്പോള്‍ ആരാധകര്‍ക്കുള്ള ആവേശവും അനിര്‍വചനീയമാണ്. അത്തരത്തിലൊരു ആവേശപ്പോരാട്ടമാണ് വീണ്ടും സമാഗതമായിരിക്കുന്നത്. ഇന്ന് ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ രാത്രി 7:30 മുതലാണ് മത്സരം. ട്വന്‍റി-20 ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരമാണ് പാകിസ്താനെതിരെ നടക്കുക. ഇന്ന് നടക്കാനിരിക്കുന്ന ഇന്ത്യ പാകിസ്ഥാന്‍ മത്സരത്തിനുള്ള ടിക്കറ്റുകള്‍ ഞൊടിയിടയിലാണ് വിറ്റൊഴിഞ്ഞത്. രണ്ട് ലക്ഷം രൂപ വിലയുള്ള ടിക്കറ്റുകള്‍ വരെ വിറ്റുതീര്‍ന്നു. ഇനി കാത്തിരിപ്പാണ്. ഗ്യാലറിയിലെ ഏറ്റവും ഉയര്‍ന്ന് ടിക്കറ്റ് ശ്രേണിയായ 2 ലക്ഷം രൂപയോളം വരുന്ന വി.ഐ.പി സ്യൂട്ടില്‍ ഒരു ടിക്കറ്റ് പോലും ബാക്കിയില്ല എന്നാണ് വാസ്തവം.

അതേസമയം മറ്റുള്ള മത്സരങ്ങളില്‍ സാധാരണ ടിക്കറ്റുകള്‍ ഇപ്പോഴും ഒഴിഞ്ഞ് കിടക്കുകയാണ്.
ഇതില്‍ നിന്ന് തന്നെ ഇന്ത്യ-പാക് പോരാട്ടത്തിന്റെ തലം എവിടെയാണെന്ന് നമുക്ക് മനസിലാകും. ലോകകപ്പിനുള്ള രണ്ട് സന്നാഹ മത്സരത്തില്‍ ജയിച്ചതിന്റെ ആധിപത്യത്തിലാണ് ഇന്ത്യ ബദ്ധ വൈരികള്‍ക്കെതിരെ ഇറങ്ങുന്നത്. പാകിസ്ഥാനാകാട്ടെ രണ്ടാം സന്നാഹ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ തോല്‍ക്കുകയും ചെയ്തു. ഇതുവരെ ഇന്ത്യയെ ലോകകപ്പില്‍ തോല്‍പ്പിക്കാന്‍ പാകിസ്ഥാന് സാധിച്ചിട്ടില്ല എന്ന ചരിത്രമാണ് നിലവിലുള്ളത്. ചരിത്രം നിലനിര്‍ത്താന്‍ ഇന്ത്യയും അത് തിരുത്താന്‍ പാകിസ്ഥാനും ഇറങ്ങുമ്പോള്‍ ഇത്തവണ പോരാട്ടം തീപാറുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ഏകദിന ലോകകപ്പുകളില്‍ ഇതുവരെ ഏഴ് തവണയാണ്. ഇന്ത്യയും പാകിസ്ഥാനും മുഖാമുഖം നേരിട്ടത്. ഇതില്‍ ഒരു തവണ പോലും പാകിസ്താന് ജയിക്കാനായിട്ടില്ല.

അവസാനമായി 2019 ഏകദിന ലോകകപ്പിലാണ് പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ ഏറ്റുമുട്ടിയത്. രോഹിത് ശര്‍മ്മയുടെ സെഞ്ചുറി മികവില്‍ മത്സരത്തില്‍ 89 റണ്‍സിന്റെ ഏകപക്ഷീയ വിജയം ഇന്ത്യ നേടിയിരുന്നു. ചരിത്രം ചികഞ്ഞുനോക്കുമ്പോള്‍ മത്സരത്തില്‍ മേല്‍ക്കൈ ഇന്ത്യക്ക് തന്നെ. അതേസമയം മത്സരത്തിന് മുന്നോടിയായി പാകിസ്ഥാന്‍ 12 അംഗ ടീമിനെ പ്രഖ്യാപിച്ചു. ബാബര്‍ അസം നയിക്കുന്ന ടീമില്‍ മുതിര്‍ന്ന താരങ്ങളായ മുഹമ്മദ് ഹഫീസ്, ഷൊയ്ബ് മാലിക് എന്നിവര്‍ ഇടം നേടിയപ്പോള്‍ മുന്‍ നായകന്‍ സര്‍ഫറാസ് അഹമ്മദിന് ഇടമില്ല. പാകിസ്താന്‍ ടീം : ബാബര്‍ അസം (ക്യാപ്റ്റന്‍), ആസിഫ് അലി, ഫകര്‍ സമന്‍, ഹൈദര്‍ അലി, മുഹമ്മദ് റിസ്‌വാന്‍, ഇമാദ് വസീം, മുഹമ്മദ് ഹഫീസ്, ഷദാബ് ഖാന്‍, ഷൊയ്ബ് മാലിക്, ഹാരിസ് റൗഫ്, ഹസന്‍ അലി, ഷഹീന്‍ അഫ്രീദി. എന്നിവരാണ് പാക് ടീമില്‍ ഇടം നേടിയിരിക്കുന്നത്.
➖️➖️➖️➖️➖️➖️➖
കടപ്പാട് : *🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*