20 ലക്ഷം പേർക്ക് ജോലി, കാർഷിക വായ്പ തള്ളും: യുപിയിൽ കോൺഗ്രസിന്റെ വാഗ്ദാന പെരുമഴ


priyanka-gandhi-1
പ്രിയങ്ക ഗാന്ധി
   

ലക്നൗ∙ ഉത്തർപ്രദേശിൽ അടുത്ത വർഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി യുപി ജനതയ്ക്ക് വമ്പൻ ഓഫറുകളുമായി കോൺഗ്രസ്. 20 ലക്ഷം പേർക്ക് ജോലി, കാർഷിക വായ്പകൾ എഴുതിത്തള്ളും, കോവിഡ് സമയത്ത് വൈദ്യുതി സൗജന്യം തുടങ്ങി നിരവധി വാഗ്ദാനങ്ങളാണ് കോൺഗ്രസ് നൽകുന്നത്. ഇക്കാര്യങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിനായി പ്രിയങ്ക ഗാന്ധി ‘പ്രതിജ്ഞ യാത്ര’യ്ക്ക് തുടക്കമിട്ടു. ബാരബങ്കി–ബുന്ദേൽഖണ്ഡ്, സഹരൻപൂർ–മഥുര, വാരണസി–റായ് ബറേലി എന്നിങ്ങനെ മൂന്ന് യാത്രകൾക്കാണ് ആഹ്വാനം ചെയ്തിരിക്കുന്നത്.

കോൺഗ്രസിന്റെ വാഗ്ദാനങ്ങൾ ഇങ്ങനെ:

∙ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനികൾക്ക് സ്മാർട്ഫോണും കോളജ് വിദ്യാർഥിനികൾക്ക് സ്കൂട്ടറും നൽകും.

∙ കർഷകരുടെ വായ്പകൾ എഴുതിത്തള്ളും. മുൻപ് 72,000 കോടി രൂപയുടെ കാർഷിക വായ്പ എഴുതിത്തള്ളി ഞങ്ങൾ തെളിയിച്ചിട്ടുണ്ട്.

∙ ചണ്ഡീഗഡിലെ പോലെ യുപിയിലും ഗോതമ്പിന്റെയും നെല്ലിന്റെയും വില 2500 രൂപയാക്കും. കരിമ്പിന്റെ താങ്ങുവില ക്വിന്റലിന് 400 രൂപയാക്കും.

∙ കോവിഡ് സമയത്ത് സൗജന്യ വൈദ്യുതി നടപ്പിലാക്കും. അതുപോലെ തന്നെ എല്ലാവരുടെയും വൈദ്യുതി നിരക്ക് പകുതിയായി കുറയ്ക്കും.

∙ കോവിഡ് പ്രതിസന്ധി നേരിടുന്ന കുടുംബങ്ങൾക്ക് 25,000 രൂപ ധനസഹായം നൽകും.

∙ 20 ലക്ഷം പേർക്ക് സർക്കാർ ജോലി നൽകും. കരാർ തൊഴിലാളികളെ ക്രമപ്പെടുത്തും.

യുപി തിരഞ്ഞെടുപ്പിൽ 40 ശതമാനം സീറ്റുകളിൽ സ്ത്രീകളെ മത്സരിപ്പിക്കുമെന്ന് പ്രിയങ്ക ഗാന്ധി നേരത്തെ അറിയിച്ചിരുന്നു. സ്ത്രീകൾക്കായി പ്രത്യേക പ്രകടനപത്രിക വരും ആഴ്ചകളിൽ പുറത്തിറക്കുമെന്നും പ്രിയങ്ക അറിയിച്ചിട്ടുണ്ട്.