ന്യൂഡൽഹി: സൈഡസ് കാഡിലയുടെ സൈകോവ്-ഡി കോവിഡ് വാക്സിന്റെ വില 265 രൂപയായി കുറയ്ക്കാൻ തീരുമാനിച്ചു. എന്നാൽ ഇതുസംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്തിയിട്ടില്ലെന്ന് കമ്പനി അറിയിച്ചു. 12-18 വയസ്സിനിടയിലുള്ള കുട്ടികൾക്ക് നൽകാനായി ഇന്ത്യയിൽ ആദ്യമായി അനുമതി ലഭിച്ച വാക്സിനാണ് സൈകോവ്-ഡി. നേരത്തേ ഒരു ഡോസിന് 1,900 രൂപയാണ് കമ്പനി നിശ്ചയിച്ചിരുന്നത്. സിറിഞ്ചും സൂചിയും ഉപയോഗിക്കാത്ത വാക്സിൻ ആയതിനാൽ, മറ്റ് വാക്സിനുകളുമായി താരതമ്യപ്പെടുത്തുമ്പോൾ സൈകോവ്-ഡിയ്ക്ക് വില കൂടുതലാകുമെന്നാണ് കമ്പനി പറയുന്നത്.
‘സർക്കാരുമായുള്ള ചർച്ചകൾക്കൊടുവിൽ കുത്തിവെപ്പിനായുള്ള പ്രത്യേക ഡിസ്പോസിബിൾ പെയ്ൻലെസ് ജെറ്റ് ആപ്ലിക്കേറ്ററിന്റെ വിലയായ 93 രൂപ ഉൾപ്പെടെ ഓരോ ഡോസിനും കമ്പനി 358 രൂപയായി വില കുറച്ചിട്ടുണ്ട്. ഈയാഴ്ച ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടായേക്കും. നവംബറിൽ സൈഡസ് കാഡിലയ്ക്ക് ഏകദേശം രണ്ട് കോടി ഡോസുകൾ നൽകാൻ കഴിയും’ -വൃത്തങ്ങൾ അറിയിച്ചു.