*ഐക്യകേരളത്തിന്‌ ഇന്ന് 65 വയസ്സ്*


01-11-2021
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖

ദൈവത്തിന്റെ സ്വന്തം നാടിന് ഇത് പിറന്നാള്‍ പുലരി. കേരളം രൂപീകൃതമായിട്ട് ഇന്ന് 65 വര്‍ഷങ്ങള്‍. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ മേഖലകളെ കൂട്ടിച്ചേര്‍ത്ത് 1956 ലാണ് കേരളം രൂപീകരിച്ചത്. സ്വതന്ത്രാനന്തര ഇന്ത്യയില്‍ ഒരു സംസ്ഥാനമെന്ന നിലയില്‍ കേരളം ഭൂപടത്തില്‍ വരാന്‍ ഒമ്പത് വര്‍ഷത്തെ കാത്തിരിപ്പ് വേണ്ടി വന്നു. ഒടുവില്‍ ഭാഷാ അടിസ്ഥാനത്തില്‍ സംസ്ഥാനം രൂപീകരിക്കുന്നതിന് വേണ്ടി നടന്ന പോരാട്ടങ്ങള്‍ വിജയം കണ്ട ദിവസം 1956 നവംബര്‍ 1. രൂപീകരിക്കപ്പെടുമ്പോള്‍ അഞ്ച് സംസ്ഥാനങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്.

കിഴക്ക് സഹ്യനും പടിഞ്ഞാറ് അറബിക്കടലും, കേരളത്തിനായി പ്രകൃതി തന്നെ അതിര്‍ത്തികള്‍ കെട്ടി. തെക്കുമുതല്‍ വടക്കുവരെ ഇടതടവില്ലാതെ വ്യാപിച്ചു കിടക്കുന്ന പശ്ചിമഘട്ട മലനിരകള്‍. കേരളത്തിന്റ കാലാവസ്ഥയെ നിയന്ത്രിച്ച ദൈവത്തിന്റ സ്വന്തം നാടിനെ നിലനിര്‍ത്തുന്നതില്‍ പശ്ചിമഘട്ടത്തിന്റെ പങ്ക് ചെറുതല്ല. 580 കിലോമീറ്റര്‍ നീണ്ടുകിടക്കുന്നതാണ്‌ കേരളത്തിന്റെ തീരപ്രദേശം. കോട്ടയം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്‌ എന്നീ ജില്ലകളൊഴികെ ബാക്കി ജില്ലകളെയെല്ലാം അറബിക്കടല്‍ സ്പര്‍ശിക്കുന്നുണ്ട്‌.

65 വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു നവംബര്‍ മാസമെത്തുമ്പോള്‍ ജില്ലകള്‍ 14 ആണ്. രാജ്യത്തെ തന്നെ മികച്ച സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഇടം നേടി. ആരോഗ്യ-വിദ്യാഭ്യാസ-മേഖലകളില്‍ ലോകത്തിനാകെ മാതൃകയായി നമ്മുടെ കൊച്ചു കേരളം. കേരളത്തോടൊപ്പം ഈ ദിനം ആഘോഷിക്കുന്ന മറ്റു ചില സംസ്ഥാനങ്ങള്‍ കൂടിയുണ്ട്. കര്‍ണാടക, ഹരിയാന, മധ്യപ്രദേശ്, ചത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളും രൂപം കൊണ്ടത് നവംബര്‍ ഒന്നിനാണ്.

*ആശംസകളുമായി ഗവര്‍ണറും മുഖ്യമന്ത്രിയും*

മലയാളികള്‍ക്ക് കേരളപിറവി ആശംസകളുമായി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും, ഐക്യ കേരളത്തിന് 65 വയസ്സ് തികയുന്ന ഇന്ന് ഓരോ മലയാളിയ്ക്കും ആഹ്ലാദത്തിന്‍റേയും അഭിമാനത്തിന്‍റേയും മുഹൂര്‍ത്തമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഐക്യത്തിന്‍റേയും സമൃദ്ധിയുടേയും നാളെകള്‍ക്കായി ഒരുമിച്ച്‌ നില്‍ക്കാമെന്നും മുഖ്യമന്ത്രി. കേരളത്തിന്റെ പുരോഗതിക്ക് ഒറ്റക്കെട്ടായി മുന്നേറാമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും പറഞ്ഞു


➖️➖️➖️➖️➖️➖️➖
കടപ്പാട് : *🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*