08-10-2021
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖
സംസ്ഥാനത്തെ സ്കൂളുകള്‍ തുറക്കുന്നതിനുള്ള അന്തിമ മാര്‍ഗരേഖ സര്‍ക്കാര്‍ പുറത്തിറക്കി. 'തിരികെ സ്കൂളിലേക്ക്' എന്ന പേരിലാണ് മാര്‍ഗരേഖ പുറത്തിറക്കിയിരിക്കുന്നത്. പൊതുനിര്‍ദേശങ്ങളടക്കം എട്ട് ഭാഗങ്ങളുള്ള മാര്‍ഗരേഖയാണ് നിലവില്‍ വരിക. ആറ് വകുപ്പുകള്‍ ചേര്‍ന്ന് മാര്‍ഗരേഖ നടപ്പിലാക്കും. വിദ്യാഭ്യാസ, ആരോഗ്യ, തദ്ദേശ വകുപ്പുകള്‍ക്കാവും പ്രധാന ചുമതലയുണ്ടാവുക. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയും ആരോഗ്യമന്ത്രി വീണ ജോര്‍ജും ചേര്‍ന്നാണ് മാര്‍ഗരേഖ പുറത്തിറക്കിയത്.
രക്ഷിതാക്കളുടെ പൂര്‍ണ്ണ സമ്മതത്തോടെ വിദ്യാര്‍ഥികള്‍ സ്കൂളില്‍ വന്നാല്‍ മതിയാകും. എല്ലാവരും സ്കൂളില്‍ എത്തണമെന്ന് നിര്‍ബന്ധമില്ല. പൊതു അവധി ദിനങ്ങളല്ലാത്ത ശനിയാഴ്ചകളിലും സ്കൂള്‍ പ്രവര്‍ത്തിക്കും. ആദ്യത്തെ രണ്ടാഴ്ച ഉച്ചവരെ മാത്രമായിരിക്കും ക്ലാസുണ്ടാവുക. സ്കൂളുകളിലെ സാഹചര്യം പരിഗണിച്ചാവും വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുക. വിദ്യാര്‍ഥികള്‍ക്ക് മാത്രമായി കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തും. ഓട്ടോകളില്‍ പരമാവധി മൂന്ന് വിദ്യാര്‍ഥികള്‍ക്കാവും സഞ്ചരിക്കാന്‍ സാധിക്കുക. വിദ്യാര്‍ഥികള്‍ക്ക് യൂണിഫോം നിര്‍ബന്ധമല്ല. സ്കൂള്‍ അസംബ്ലികള്‍ തല്‍ക്കാലമുണ്ടാവില്ല.
ഡോക്ടര്‍മാരുടെ സേവനം സ്കൂളുകളില്‍ ഉറപ്പാക്കാന്‍ ശ്രദ്ധിക്കണം. കോവിഡ് മാനദണ്ഡം പാലിച്ച് പ്രവേശനോത്സവം നടത്താനാണ് ശ്രമം.സ്കൂളുകളിലെത്തുന്ന അധ്യാപക-അനധ്യാപക ജീവനക്കാര്‍ നിര്‍ബന്ധമായും രണ്ട് ഡോസ് വാക്സിന് സ്വീകരിച്ചിരിക്കണം. സ്കൂള്‍ ബസിലെ ജീവനക്കാര്‍ക്കും ഈ നിബന്ധന ബാധകമാണ്. കുട്ടികള്‍ കൂട്ടം കൂടുന്നില്ലെന്ന് അധ്യാപകര്‍ ഉറപ്പാക്കണമെന്ന് മാര്‍ഗരേഖയില്‍ പറയുന്നുണ്ട്.
➖➖➖➖➖➖➖➖➖➖
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*