Pages

എയർ ഇന്ത്യ ഡീൽ: ടാറ്റയെ നോക്കി അക്ഷമരായി കേന്ദ്ര സർക്കാർ; ഏറ്റെടുക്കലിന് ഇനിയും കടമ്പകൾ


ഈ മാസം ആദ്യമാണ് 18000 കോടി രൂപയ്ക്ക് എയർ ഇന്ത്യ ഏറ്റെടുക്കാമെന്ന ടാറ്റ ഗ്രൂപ്പിന്റെ ടെണ്ടർ കേന്ദ്രം സ്വീകരിച്ചത്. അക്കാര്യം കമ്പനിയെ അറിയിക്കുകയും ചെയ്തു


ദില്ലി: നഷ്ടം കുമിഞ്ഞുകൂടിയിരിക്കുന്ന എയർ ഇന്ത്യയെ (Air India) ടാറ്റയ്ക്ക് (TATA Group) കൊടുക്കാമെന്ന ധാരണയിലേക്ക് കേന്ദ്രസർക്കാർ (Central Government) എത്തിയെങ്കിലും സ്വകാര്യവത്കരണം (Privatisation) പൂർണമാകാൻ ഇനിയും കടമ്പകളുണ്ട്. പക്ഷെ ഓരോ ദിവസവും ഈ കമ്പനിയെ തീറ്റിപ്പോറ്റാൻ കോടികൾ വാരിയെറിയണമെന്നതിനാൽ അക്ഷമരായാണ് കേന്ദ്രസർക്കാരിന്റെ നിൽപ്പ്. 20 കോടിയാണ് എയർ ഇന്ത്യയുടെ ഒരു ദിവസത്തെ നഷ്ടം. എത്രയും വേഗം ഏറ്റെടുക്കൽ നടപടി പൂർത്തിയാക്കണമെന്നാണ് ആഗ്രഹമെന്ന് ദിപം സെക്രട്ടറി (DIPAM Secretary) തുഹിൻ കൻട പാണ്ഡേ പറയുന്നു.

ഈ മാസം ആദ്യമാണ് 18000 കോടി രൂപയ്ക്ക് എയർ ഇന്ത്യ ഏറ്റെടുക്കാമെന്ന ടാറ്റ ഗ്രൂപ്പിന്റെ ടെണ്ടർ കേന്ദ്രം സ്വീകരിച്ചത്. അക്കാര്യം കമ്പനിയെ അറിയിക്കുകയും ചെയ്തു. ഓഗസ്റ്റ് 31 വരെയുള്ള കണക്ക് പ്രകാരം 61562 കോടി രൂപയാണ് എയർ ഇന്ത്യയുടെ നഷ്ടം. ഇതിലെ 46262 കോടി രൂപ കേന്ദ്രം പുതുതായി രൂപീകരിക്കുന്ന എയർ ഇന്ത്യ അസറ്റ് ഹോൾഡിങ്സ് ലിമിറ്റഡിലേക്കാണ് പോവുക. ടാറ്റയുടെ കീഴിലെ ടാലസ് പ്രൈവറ്റ് ലിമിറ്റഡിനാണ് ടെണ്ടർ കിട്ടിയിരിക്കുന്നത്. ടാലസ് നൽകുന്ന 18000 കോടിയിൽ 15300 കോടി രൂപയാണ് വായ്പാ തിരിച്ചടവിലേക്ക് പോവുക. 2700 കോടി രൂപ കേന്ദ്രസർക്കാരിന് ലഭിക്കും.

എന്നാൽ ഓരോ ദിവസവും 20 കോടി വീതം നഷ്ടം നേരിടുന്ന വിമാനക്കമ്പനിയുടെ ഏറ്റെടുക്കൽ വൈകുന്നത് വരെ നഷ്ടം ഉയർന്ന് കൊണ്ടേയിരിക്കുമെന്നതാണ് ഇപ്പോൾ ദിപം സെക്രട്ടറിയുടെ നിലപാടിന് കാരണം. എന്നാൽ ഇനി കേന്ദ്രം അയച്ചിരിക്കുന്ന കത്ത് സ്വീകരിച്ചുകൊണ്ട്, കരാർ ഒപ്പിടാമെന്ന് അറിയിച്ച് ടാറ്റ മറുപടി കത്ത് അയക്കണം. അതുകഴിഞ്ഞ് മാത്രമേ കേന്ദ്രസർക്കാരിന്റെ ഓഹരികളുടെ കൈമാറ്റം നടക്കൂ. അതും കത്തയച്ച് 14 ദിവസത്തിനുള്ളിൽ നടക്കണം. ഇപ്പോഴത്തെ നിലയിൽ ഡിസംബറോടെ ഏറ്റെടുക്കൽ പൂർത്തിയാക്കാനാണ് കേന്ദ്രം ഉദ്ദേശിക്കുന്നത്. എന്നാൽ ഒരു ദിവസം മുൻപെങ്കിൽ അത്രയും നേരത്തെ കരാർ ഒപ്പുവെക്കാനായാൽ നന്നായിരുന്നേനെയെന്നാണ് കേന്ദ്രസർക്കാരിന്റെ നിലപാട്.

കടപ്പാട് : ഏഷ്യാനെറ്റ് ന്യൂസ്