"കോവിഡിനെ തുരത്താൻ ഫോണിൽ സാനിറ്റൈസർ പുരട്ടുന്ന ശീലമുണ്ടോ ...?



കോവിഡിനെ തുരത്താന്‍ മൊബൈല്‍ ഫോണുകളില്‍ സാനിറ്റൈസര്‍ പുരട്ടുന്ന ശീലമുണ്ടെങ്കില്‍ മാറ്റിവെച്ചോളൂ, അല്ലാത്ത പക്ഷം പുതിയൊരെണ്ണം വാങ്ങേണ്ട ഗതികേടിലാകും. സാനിറ്റൈസര്‍ മൊബൈല്‍ ഫോണുകള്‍ക്ക് സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഫോണ്‍ ഡിസ്പ്ലേ, സ്പീക്കര്‍, ക്യാമറ, മൈക്ക് ഒക്കെയാണ് സാനിറ്റൈസര്‍ അംശം എത്തിയാല്‍ വേഗം തകരാറിലാകുന്നത്.
ഡിസ്പ്ലേയില്‍ ഉപയോഗിച്ചിട്ടുള്ള പശ ഇതുമൂലം ഇല്ലാതാകാനും ഡിസ്പ്ലേയ്ക്ക് തകരാറുണ്ടാകാനും സാധ്യതയുണ്ട്. മൈക്കിന്റെയും സ്പീക്കറിന്റെയും ഭാഗത്ത് സാനിറ്റൈസര്‍ വീണാല്‍ പതുക്കെ ഫോണിന്റെ ഒച്ച പതറിത്തുടങ്ങും. പിന്നീട് ഫോണ്‍ നിശ്ചലമാകും.
വിരലടയാളം വെച്ച് ഫോണ്‍ തുറക്കുന്ന സംവിധാനവും നിലയ്ക്കും. സാനിറ്റൈസറാണ് വില്ലനാകുന്നതെങ്കിലും നന്നാക്കാന്‍ കൊടുക്കുമ്പോള്‍ ഇവയെ മൊബൈല്‍ കമ്പനികള്‍ പരിഗണിക്കുന്നത് വെള്ളത്തിലായതിന്റെ തകരാറ് – വാട്ടര്‍ ഡാമേജ് – എന്ന നിലയിലായിരിക്കും. നശിക്കട്ടെ സകല അണുക്കളും എന്ന നിലയില്‍ സാനിറ്റൈസര്‍ എടുത്ത് മൊബൈലില്‍ തൂക്കുകയും ആസകലം സ്പ്രേ ചെയ്യുകയും ചെയ്യുന്നവര്‍ നിരവധിയാണെന്ന് മൊബൈല്‍ സര്‍വീസിങ് സ്ഥാപനങ്ങളിലുള്ളവര്‍ പറയുന്നു. ഇത്തരത്തില്‍ ചെയ്യുന്നത് മൊബൈല്‍ ഫോണ്‍ നശിപ്പിക്കുമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു."