Pages

കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വർധിപ്പിച്ചു

പുതിയ നിരക്കുകൾ 2021 ജൂലൈ ഒന്ന് മുതലുള്ള മുൻകാല പ്രാബല്യത്തോടെ നിലവിൽ വരും


ന്യൂഡൽഹി: കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയും (ഡിയർനെസ് അലവൻസ്- ഡിഎ) കേന്ദ്രസർക്കിരിൽ നിന്ന് വിരമിച്ചവർക്ക് പെൻഷനൊപ്പം നൽകുന്ന ഡിയർനെസ് റിലീഫും (ഡിആർ) വർധിപ്പിക്കാൻ തീരുമാനം. ഡിഎ മൂന്ന് ശതമാനം വീതം വർധിപ്പിക്കുന്നതിന് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി. അടിസ്ഥാന ശമ്പളത്തിന്റെ അല്ലെങ്കിൽ പെൻഷന്റെ 28 ശതമാനമാണ് നിലവിലെ ക്ഷാമബത്താ നിരക്ക്. വർധന പ്രാബല്യത്തിൽ വന്നാൽ ഇത് 31 ശതമാനമായി ഉയരും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗത്തിലാണ് തീരുമാനം. ഡിഎ, ഡിആർ എന്നിവയുടെ പുതിയ നിരക്കുകൾ 2021 ജൂലൈ ഒന്ന് മുതലുള്ള മുൻകാല പ്രാബല്യത്തോടെ നിലവിൽ വരും.

ഈ തീരുമാനം 47.14 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാർക്കും 68.62 ലക്ഷം പെൻഷൻകാർക്കും ഗുണം ചെയ്യുമെന്ന് മന്ത്രിസഭാ തീരുമാനങ്ങളെക്കുറിച്ച് മാധ്യമപ്രവർത്തകരോട് വിശദീകരിച്ച കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് സിംഗ് ഠാക്കൂർ പറഞ്ഞു.

“ഈ വർദ്ധനവ് അംഗീകരിച്ച ഫോർമുല അനുസരിച്ചാണ്, ഇത് ഏഴാം കേന്ദ്ര ശമ്പള കമ്മീഷന്റെ ശുപാർശകളെ അടിസ്ഥാനമാക്കിയുള്ളതാണ്,” എന്ന് ഒരു ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. ഡിയർനെസ് അലവൻസ്, ഡിയർനെസ് റിലീഫ് എന്നിവ കാരണം ഖജനാവിൽ പ്രതിവർഷം 9,488.70 കോടി രൂപ ചിലവഴിക്കേണ്ടി വരുന്നതായും പ്രസ്താവനയിൽ പറയുന്നു.

മറ്റൊരു തീരുമാനത്തിൽ, സാമ്പത്തിക കാര്യങ്ങളിലുള്ള മന്ത്രിതല കമ്മിറ്റി (സിസിഇഎ) പ്രധാനമന്ത്രി ഗതിശക്തി ദേശീയ മാസ്റ്റർ പ്ലാനിന് അംഗീകാരം നൽകി. മൾട്ടി-മോഡൽ കണക്റ്റിവിറ്റി ലഭ്യമാക്കുന്നതിനുള്ള പിന്തുണ നൽകുന്നതിനുള്ള ചട്ടങ്ങൾ ഇതിൽ ഉൾപ്പെടുന്നു.