Pages

*സാമ്പത്തിക പ്രതിസന്ധിക്കിടയിൽ വീണ്ടും ഇരട്ട എൻജിൻ ഹെലികോപ്റ്ററിനായി ടെൻഡർ വിളിച്ച് സർക്കാർ*


12-10-2021
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖

സാമ്പത്തിക പ്രതിസന്ധിക്കിടയിൽ വീണ്ടും ഹെലികോപ്റ്റര്‍ വിവാദം. ഒന്‍പത് പേർക്ക് യാത്ര ചെയ്യാവുന്ന ഇരട്ട എൻജിൻ ഹെലികോപ്റ്ററിന് ടെൻഡർ വിളിച്ച് സർകാർ. ഹെലികോപ്റ്ററിനായി 22 കോടി രൂപ ചെലവിട്ടതിന് പിന്നാലെയാണ് വീണ്ടും ടെൻഡർ വിളിച്ചത്. കോവിഡ് ഒന്നാം തരംഗത്തിനിടയിൽ 2020 ഏപ്രിലിലാണ് പോലീസിന്‍റെ അടിയന്തരാവശ്യത്തിനെന്ന പേരിൽ ഹെലികോപ്റ്റര്‍ വാടകയ്ക്കെടുത്തത്. പൈലറ്റ് അടക്കം മൂന്ന് ജീവനക്കാരുമായി ന്യൂഡെൽഹിയിലെ പൊതുമേഖലാ സ്ഥാപനമായ പവൻഹൻസിൽ നിന്നുമാണ് 11 സീറ്റുള്ള ഇരട്ട എൻജിൻ ഹെലികോപ്റ്റര്‍ വാടകയ്ക്കെടുത്തത്. 20 മണിക്കൂർ പറത്താൻ 1.44 കോടി വാടകയും അതിൽ കൂടുതലായാൽ മണിക്കൂറിന് 67000 രൂപയുമെന്നാണ് കണക്ക്.

ഹെലികോപ്റ്റര്‍ വാടക ഇനത്തില്‍ ഇതുവരെ ജി.എസ്.ടി ഉൾപെടെ 22,21,51000 രൂപ ചെലവായെന്നാണ് കണക്കുകൾ. മാസവാടകയും അനുബന്ധ ചെലവുകൾക്കുമായി 21,64,79,000 രൂപയും ഫീസിനും അനുബന്ധ ചെലവിനുമായി 56,72,000 രൂപയുമാണ് നല്‍കിയത്. മാവോയിസ്റ്റ് നിരീക്ഷണം, പ്രളയം പോലുള്ള ദുരന്തഘട്ടങ്ങളിലെ ഉപയോഗം തുടങ്ങിയവയായിരുന്നു അടിയന്തരാവശ്യമായി ചൂണ്ടിക്കാണിച്ചിരുന്നത്. എന്നാൽ ഈ സാഹചര്യങ്ങളിലൊന്നും ഹെലികോപ്റ്ററിന്‍റെ ഉപയോഗം നടന്നില്ലെന്നും ആക്ഷേപമുണ്ട്. വാങ്ങിയ ശേഷം എത്ര തവണ ഉപയോഗിച്ചു, മാവോയിസ്റ്റ് ഓപറേഷന് ഉപയോഗിച്ചുവോ എന്നതിനടക്കമുള്ള ചോദ്യങ്ങൾക്ക് പോലീസിന് വ്യക്തമായ മറുപടിയില്ലെന്നാണ് ആരോപണം. ഇത്തരം വിവാദങ്ങൾ നിലനിൽക്കുന്നതിനിടയിലാണ് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കാന്‍ സർകാർ വീണ്ടും നീങ്ങുന്നത്.
➖➖➖➖➖➖➖➖➖➖

*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*