Pages

*നിയമസഭ കയ്യാങ്കളി കേസ്; പ്രതികള്‍ നശിപ്പിച്ചത് രണ്ട് ലക്ഷം രൂപയുടെ പൊതുമുതലെന്ന് കോടതി*



തിരുവനന്തപുരം: നിയമസഭാ കൈയാങ്കളിക്കേസിലെ പ്രതികൾ നശിപ്പിച്ചത് സഭയിലെ 2,20,093 രൂപയുടെ പൊതു മുതലെന്ന് കോടതി. പ്രതികൾ ബഡ്ജറ്റ് അവതരണത്തിന്റെ തലേദിവസം സഭയിൽ തങ്ങിയതിൽ നിന്ന് സഭ തല്ലിത്തകർക്കാൻ ഉദ്ദേശമില്ലായിരുന്നു എന്ന പ്രതികളുടെ വാദം അംഗീകരിക്കാനാകില്ല. ബജറ്റ് തടയുക മാത്രമായിരുന്നു പ്രതികളുടെ ലക്ഷ്യം എന്ന വാദം ഈ ഘട്ടത്തിൽ തീരുമാനിക്കേണ്ട കാര്യമല്ലെന്നും കോടതി ഉത്തരവിൽ പറയുന്നു.

കേസിൽ മന്ത്രി വി. ശിവൻകുട്ടിയടക്കം ആറ് പ്രതികളുടെ വിടുതൽ ഹർജി തള്ളി. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ഹർജി തള്ളിയത്.

കേസിൽ വിചാരണ നേരിടണമെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. നവംബർ 22ന് പ്രതികളെല്ലാം കോടതിയിൽ ഹാജരാകണമെന്നും കോടതി നിർദേശിച്ചു. അന്നുതന്നെ കുറ്റപത്രം പ്രതികളെ വായിച്ചുകേൾപ്പിക്കും.

ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾ ബഡ്ജറ്റ് അവതരണത്തിന്റെ തലേദിവസം സഭയിൽ തങ്ങിയതിൽ നിന്ന് സഭ തല്ലി തകർക്കാൻ ഉദ്ദേശമില്ലായിരുന്നു എന്ന പ്രതികളുടെ വാദം അംഗീകരിക്കാനാകില്ല. സഭ തല്ലിത്തകർത്ത് പ്രതികൾ 2,20,093 രൂപയുടെ പൊതുമുതലാണ് നശിപ്പിച്ചത്. അഞ്ചോളം സാക്ഷികൾ പ്രതികളുടെ പങ്കും അവർ തല്ലിത്തകർത്ത സാധനങ്ങളേക്കുറിച്ചും വ്യക്തമായി മൊഴി നൽകിയിട്ടുണ്ട്.

ബജറ്റ് തടയുക മാത്രമായിരുന്നു പ്രതികളുടെ ലക്ഷ്യം എന്ന വാദം ഈ ഘട്ടത്തിൽ തീരുമാനിക്കേണ്ട കാര്യമല്ല. മാത്രമല്ല മുഖ്യ വിചാരണയുടെ ഭാഗമായുളള ചെറു വിചാരണയായി വിടുതൽ ഹർജിയെ കാണാനും കോടതിക്ക് ഉദ്ദേശമില്ലെന്ന് കോടതി വ്യക്തമാക്കി. പോലീസ് ഹാജരാക്കിയ സി.സി.ടി.വി ദൃശ്യങ്ങളുടെ ഡി.വി.ഡി യിൽ നിന്നും സാക്ഷി മൊഴികളിൽ നിന്നും കുറ്റകൃത്യത്തിൽ പ്രതികളുടെ പങ്ക് വളരെ വ്യക്തവും ആവശ്യത്തിലേറെ തെളിവ് നൽകുന്നതുമാണ്. അടുത്ത ദിവസമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതെന്ന പ്രതികളുടെ വാദത്തിൽ കഴമ്പില്ല.

ദൃശ്യങ്ങൾക്ക് സാക്ഷ്യപത്രം ഇല്ലാതിരുന്നതിനാൽ അതിൽ കൃത്രിമം കാണിച്ചിരിയ്ക്കാമെന്നും ദൃശ്യങ്ങൾ വ്യാജമാണെന്നുമുളള പ്രതികളുടെ വാദം അംഗീകരിക്കാനാകില്ല. നിയമസഭാ സെക്രട്ടറി ഒരു സമയത്തും ഡി.വി.ഡി അന്വേഷണ ഉദ്യോഗസ്ഥന് നേരിട്ട് നൽകിയിരുന്നില്ല. സെക്രട്ടറിയേറ്റിലെ ഇലക്ട്രോണിക്സ് അസിസ്റ്റന്റ് എഞ്ചിനീയർ നേരിട്ടാണ് ഡി.വി.ഡി യിൽ നിന്ന് പകർപ്പ് എടുത്തത്. ഇവ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കി കൃത്രിമമായി ഉണ്ടാക്കിയതല്ലെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി. പ്രതികളുടെ പ്രവൃത്തി ഗുരുതര സംശയം ജനിപ്പിക്കുന്നതും വിചാരണ നേരിടുന്നതിൽ നിന്ന് ഒഴിവാക്കാൻ പറ്റാത്തതുമാണെന്ന് കോടതി നിരീക്ഷിച്ചു.

നിയമസഭയിലെ കൈയാങ്കളിയുമായി ബന്ധപ്പെട്ട് നൽകിയ ദൃശ്യങ്ങൾ കൃത്രിമമാണെന്നും ഇത് പരിഗണിക്കരുതെന്നുമാണ് പ്രതികൾ ഹർജിയിൽ ആവശ്യപ്പെട്ടത്. എന്നാൽ ഈ വാദം തള്ളിയ കോടതി ദൃശ്യങ്ങൾ തെളിവായി പരിഗണിക്കാമെന്നും കണ്ടെത്തി.

മുൻമന്ത്രിമാരായ ഇ.പി.ജയരാജൻ, കെ.ടി.ജലീൽ, മുൻ എംഎൽഎമാരായ കെ. കുഞ്ഞമ്മദ്, സി.കെ. സദാശിവൻ, കെ. അജിത് എന്നിവരാണ് കേസിലെ മറ്റു പ്രതികൾ. വിടുതൽ ഹർജി തള്ളിയതോടെ ഇനി വിചാരണ നടപടികളുമായി കോടതി മുന്നോട്ടുപോകും.

➖➖➖➖➖➖➖➖➖➖

*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*