Pages

*'നീതി കിട്ടിയില്ല, വിധിയില്‍ തൃപ്‍തിയില്ല', വധശിക്ഷ പ്രതീക്ഷിച്ചിരുന്നതായി ഉത്രയുടെ അമ്മ*


13-Oct-2021

കൊല്ലം: ഉത്രയ്ക്ക് നീതി ലഭിച്ചില്ലെന്ന് കുടുബം. വിധിയില്‍ തൃപ്തയല്ലെന്ന് ഉത്രയുടെ (uthra murder case) അമ്മ മണിമേഖല പറഞ്ഞു. സൂരജിന് പരമാവധി ശിക്ഷ കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. തുടര്‍നടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നും മണിമേഖല പറഞ്ഞു. സമൂഹത്തില്‍ കുറ്റങ്ങള്‍ ആവര്‍ത്തിക്കുന്നത് നിയമത്തിലെ ഇത്തരം പിഴവ് മൂലമാണെന്നും മണിമേഖല പറഞ്ഞു. ശിക്ഷാവിധി ദിനത്തിൽ ആകാംഷയിലായിരുന്നു അഞ്ചൽ ഏറത്തെ ഉത്രയുടെ വീട്. ഉത്രയുടെ അച്ഛൻ വിജയ സേനനും സഹോദരൻ വിഷുവും രാവിലെ തന്നെ വിധി കേൾക്കാൻ കോടതിയിലേക്ക് പോയി. അമ്മ മണിമേഖലയും ഉത്രയുടെ രണ്ടര വയസുകാരൻ മകനും മാത്രമായിരുന്നു വീട്ടിൽ. പിന്നെ പതിയെ ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരുമെത്തി. സൂരജിന് ശിക്ഷ ഇരട്ട ജീവപര്യന്തമെന്ന് വിധിച്ചതോടെ വീട് മൂകമായി. നാളെ തന്നെ ഹൈക്കോടതിയെ സമീപിക്കാനാണ് കുടുംബത്തിന്‍റെ തീരുമാനം. ഉത്രയുടെ അച്ഛൻ വിജയ സേനൻ അഭിഭാഷകരെ കണ്ട് ചർച്ച നടത്തി. അന്വേഷണ ഉദ്യോഗസ്ഥരേയും കുടുംബം കാണുന്നുണ്ട്. 

ഇന്ത്യൻ കുറ്റാന്വേഷണ ചരിത്രത്തിലെ അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസ് എന്ന് വിലയിരുത്തപ്പെട്ട ഉത്ര വധക്കേസിൽ പ്രതിയായ അടൂർ സ്വദേശി സൂരജിന് കോടതി ഇരട്ടജീവപര്യന്തമാണ് ശിക്ഷയായി വിധിച്ചത്. ഉത്രയെ മൂർഖനെ ഉപയോഗിച്ച് കൊലപ്പെടുത്തിയതിന് ജീവപര്യന്തം തടവ്, ഉത്രയെ അണലിയെ ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതിന് ജീവപര്യന്തം തടവ്, വിഷവസ്‍തു ഉപയോഗിച്ചതിന് 10 വർഷം തടവ്, തെളിവ് നശിപ്പിച്ചത് ഏഴ് വർഷം തടവ് എന്നിങ്ങനെ നാല് ശിക്ഷകളാണ് കോടതി വിധിച്ചത്. ആകെ 17 വര്‍ഷം തടവുശിക്ഷ സൂരജ് ആദ്യം അനുഭവിക്കണം. ഇതിനുശേഷമായിരിക്കും ജീവപര്യന്തം തടവുശിക്ഷ ആരംഭിക്കുകയെന്ന് വിധിയിൽ കോടതി വ്യക്തമാക്കി. പ്രതിയുടെ പ്രായവും ഇതിനു മുൻപ് കുറ്റകൃത്യങ്ങളിൽ ഇടപെട്ടിട്ടില്ല എന്നതും വധശിക്ഷയിൽ നിന്നൊഴിവാക്കാൻ കോടതി പരിഗണിച്ചു. നഷ്ടപരിഹാരമായി നൽകുന്ന അഞ്ച് ലക്ഷം രൂപ ഉത്രയുടെ കുഞ്ഞിന് ലഭിക്കുമെന്നും വിധിയിൽ വ്യക്തമാക്കുന്നു. 

വിചിത്രവും പൈശാചികവുമായ കൊല ചെയ്ത പ്രതിക്ക് ഏറ്റവും കടുത്ത ശിക്ഷ തന്നെ നൽകണമെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മോഹൻരാജ് നേരത്തെ കോടതിയിൽ വാദിച്ചിരുന്നു. സമൂഹത്തിന് കൃത്യമായ സന്ദേശം നൽകുന്ന വിധിയായിരിക്കണം ഉണ്ടാകേണ്ടതെന്നും വധശിക്ഷ നൽകാവുന്ന അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസാണിതെന്ന് കോടതിയുടെ വിധിയിൽ പറയുന്നുവെങ്കിലും പ്രതിയുടെ പ്രായവും കുറ്റകൃത്യങ്ങളുടെ മുൻകാല ചരിത്രമില്ല എന്നതും പരിഗണിച്ചാണ് കോടതി വധശിക്ഷയിൽ ഇളവ് ചെയ്തത്. കൊല്ലം അസി. സെഷൻസ് ആറാം നമ്പർ കോടതി ജഡ്ജി എം.മനോജാണ് കേസിൽ വിചാരണ നടത്തിയതും വിധി പ്രസ്താവിച്ചതും. 
➖➖➖➖➖➖➖➖➖➖

*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*