05-10-2021
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സംയുക്ത സംരംഭ പ്രോജക്ടുകള്‍ക്കുള്ള ഫണ്ടുകളുടെ ഓണ്‍ലൈന്‍ കൈമാറ്റത്തിനുള്ള പരിമിതികള്‍ ഇല്ലാതാക്കി ഫണ്ടുകള്‍ പിന്‍വലിക്കാന്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഈ പ്രോജക്ടുകള്‍ക്ക് മാത്രമായി ട്രഷറി സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടിന്റെ ഒരു പുതിയ ശ്രേണി ആരംഭിച്ച് അത്തരം അക്കൗണ്ടുകളില്‍ ചിലവാകാതെ ബാക്കിയുള്ള തുക സോഴ്‌സ് ഹെഡ് ഓഫ് അക്കൗണ്ടിലേക്ക് സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം തിരിച്ചടയ്‌ക്കേണ്ടതുമാണെന്ന് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
സംയുക്ത സംരംഭ പ്രോജക്ടുകള്‍ നടപ്പിലാക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ഇല്ലാതെ തന്നെ ഇത്തരം അക്കൗണ്ടുകള്‍ ആരംഭിക്കാം.
തദ്ദേശ ഭരണ സ്ഥാപനത്തിലെ ഡ്രോയിംഗ് ആന്‍ഡ് ഡിസ്ബര്‍സിംഗ് ഓഫീസര്‍ക്ക്, പുതുതായി ആരംഭിച്ച ട്രഷറി സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടിലേക്ക് തുക കൈമാറ്റം ചെയ്യാം.
ട്രഷറി അക്കൗണ്ടില്‍ നിന്നും ഓണ്‍ലൈനായി ഡബ്ല്യു.എ.എം.എസ് സിസ്റ്റത്തിലൂടെ ചെക്കും ഓണ്‍ലൈനായി എടുത്ത പ്രൊസീഡിഗ്‌സും മറ്റ് അനുബന്ധ വൗച്ചറുകളും ബില്ലുകളും സമര്‍പ്പിച്ച് ഗുണഭോക്താക്കള്‍ക്ക് തുക കൈമാറ്റം ചെയ്യാന്‍ ഡ്രോയിംഗ് ആന്‍ഡ് ഡിസ്ബര്‍സിംഗ് ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഓണ്‍ലൈന്‍ പ്രൊസീഡിംഗ്‌സും ചെക്കും മറ്റ് അനുബന്ധ രേഖകളും പരിശോധിച്ച് ബോധ്യപ്പെട്ടതിന് ശേഷം മാത്രം ട്രഷറി ഓഫീസര്‍ ക്ലെയിം അംഗീകരിക്കുകയും ഡയറക്റ്റ് ബെനിഫിറ്റ് ട്രാന്‍സ്ഫറായി ഗുണഭോക്താവിന് ഫണ്ട് കൈമാറ്റം ചെയ്യുകയും വേണം. സാമ്പത്തിക വര്‍ഷാവസാനം ട്രഷറി സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടില്‍ ചിലവാകാതെ കിടക്കുന്ന തുക ട്രഷറി ഓഫീസര്‍മാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ഡ്രോയിംഗ് ആന്‍ഡ് ഡിസ്ബര്‍സിംഗ് ഓഫീസര്‍ ചിലവാക്കിയ ഹെഡ് ഓഫ് അക്കൗണ്ടിലേക്ക് തിരിച്ചടയ്ക്കണമെന്നാണ് നിര്‍ദേശം.
ഒരു സന്ദര്‍ഭത്തിലും അടുത്ത സാമ്പത്തിക വര്‍ഷത്തിലേക്ക് ബാക്കിയുള്ള തുക മാറ്റുന്നതല്ലെന്നും അങ്ങനെ സംഭവിച്ചാല്‍ ഡ്രോയിംഗ് ആന്‍ഡ് ഡിസ്ബര്‍സിംഗ് ഓഫീസര്‍ക്കും ട്രഷറി ഓഫീസര്‍ക്കുമായിരിക്കും ഉത്തരവാദിത്വമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. വീഴ്ച വന്നാല്‍ അത് ഉദ്യോഗസ്ഥരുടെ വ്യക്തിപരമായ ബാധ്യതയായി കണക്കാക്കുമെന്ന മുന്നറിയിപ്പും സര്‍ക്കാര്‍ നല്‍കുന്നുണ്ട്.
ചിലവാകാത്ത തുക പദ്ധതി പൂര്‍ത്തീകരണത്തിന് ശേഷമോ, സാമ്പത്തിക വര്‍ഷത്തിന്റെ അവസാനമോ തിരിച്ചടയ്ക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി, ഡ്രോയിംഗ് ആന്‍ഡ് ഡിസ്ബര്‍സിംഗ് ഓഫീസര്‍ പ്രൊജക്ട് വൈസ് ലെഡ്ജര്‍ സൂക്ഷിക്കണം. അതുവഴി പദ്ധതിക്ക് ആവശ്യമായ ട്രഷറി സേവിംഗ്‌സ് ബാങ്കിലുള്ള ഫണ്ട് വിനിയോഗം നിരീക്ഷിക്കുകയും വേണമെന്ന് ഉത്തരവില്‍ പറയുന്നുണ്ട്. ഇതുപയോഗിച്ച് സംയുക്ത പദ്ധതികളുടെ നിര്‍വഹണ വേഗത വര്‍ധിപ്പിക്കണമെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
➖️➖️➖️➖️➖️➖️➖
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*