സി.പി.എം. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി തിരിച്ചെത്തിയേക്കും


തിരുവനന്തപുരം: സി.പി.എം. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന സൂചനനൽകി കോടിയേരി ബാലകൃഷ്ണൻ. ആരോഗ്യ കാരണങ്ങളാലാണ് സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്നു അവധിയെടുത്തത്. മകൻ ബിനീഷ് കോടിയേരി അറസ്റ്റിലായതും ഇതിനൊരു കാരണമായിരുന്നു. ആരോഗ്യം വീണ്ടെടുത്തതും ബിനീഷിന് ജാമ്യം ലഭിച്ചതും സെക്രട്ടറിസ്ഥാനത്തേക്ക് തിരിച്ചെത്തുന്നതിന് കോടിയേരിക്ക് അനുകൂലഘടകമാണ്.

തിരുവനന്തപുരം മരുതുംകുഴിയിലെ വീട്ടിൽ ഞായറാഴ്ച മാധ്യമങ്ങളോട് സംസാരിക്കവേ കോടിയേരിയുടെ മറുപടിയിലും സൂചന ഉണ്ടായിരുന്നു. സെക്രട്ടറിസ്ഥാനത്തേക്ക് തിരിച്ചുവരുമോ എന്നതൊന്നും ധൃതിപിടിച്ച് തീരുമാനം എടുക്കേണ്ട കാര്യമല്ല. പാർട്ടി തീരുമാനിക്കേണ്ട കാര്യങ്ങളാണ്. പാർട്ടിക്ക് എപ്പോൾ വേണമെങ്കിൽ തീരുമാനിക്കാമെന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കോടിയേരിയുടെ ആരോഗ്യസ്ഥിതി മാത്രമാണ് സെക്രട്ടറി ചുമതല തിരികെ ഏൽപ്പിക്കുന്നതിന് പാർട്ടിക്കു മുന്നിലുണ്ടായിരുന്ന ഏകതടസ്സം. കോടിയേരിയുടെ അവധി അംഗീകരിച്ച് താത്കാലിക ചുമതല മാത്രമാണ് എ. വിജയരാഘവന് നൽകിയത്. പാർട്ടിസമ്മേളനങ്ങൾ നടക്കുന്നതിനാൽ സ്ഥിരം സെക്രട്ടറി എന്ന നിലയിൽ ചുമതല ഏറ്റെടുക്കണമെന്ന് നേതാക്കളുടെയിടയിൽ അഭിപ്രായമുണ്ട്. സെക്രട്ടറിസ്ഥാനം ഏറ്റെടുക്കുന്നതു സംബന്ധിച്ച് കോടിയേരി സന്നദ്ധത പ്രകടിപ്പിച്ചനിലയ്ക്ക് പാർട്ടിതീരുമാനം വൈകാൻ സാധ്യതയില്ല. നവംബർ ആറിനും ഏഴിനുമായി പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന കമ്മിറ്റിയും ചേരുന്നുണ്ട്. ഇതിൽത്തന്നെ തീരുമാനം ഉണ്ടായേക്കും.

ബിനീഷിന് ജാമ്യംലഭിച്ചതിൽ ആശ്വാസം

മകൻ ബിനീഷ് കോടിയേരിക്ക് ജാമ്യം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് കോടിയേരി ബാലകൃഷ്ണൻ. ഒരുവർഷത്തിനുശേഷം ഇപ്പോഴാണ് ബിനീഷിനെ കാണുന്നത്. കോടതിയിൽ കേസ് നിലനിൽക്കുന്നതിനാൽ കൂടുതൽ കാര്യങ്ങൾ പറയാനില്ല. എൻഫോഴ്‌സ്‌മെന്റുമായി ബന്ധപ്പെട്ട്‌ നേരത്തേ ഉന്നയിക്കപ്പെട്ട ആരോപണങ്ങളൊക്കെ ശരിവെക്കുന്ന കാര്യങ്ങളാണ് പിന്നീട് ഉണ്ടായത്. മറ്റു സംസ്ഥാനങ്ങളിൽ നടക്കുന്ന കാര്യങ്ങളും അതാണ് സാക്ഷ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


കടപ്പാട്: മാതൃഭൂമി ന്യൂസ്