*ഭാര്യാപിതാവിന്‍റെ സ്വത്തില്‍ മരുമകന് നിയമപരമായി അവകാശമില്ല: ഹൈക്കോടതി‌*


05-Oct-2021

കൊച്ചി ∙ ഭാര്യാപിതാവിന്‍റെ സ്വത്തില്‍ മരുമകനു നിയമപരമായി അവകാശമില്ലെന്നു ഹൈക്കോടതി. പയ്യന്നൂര്‍ സബ്കോടതി ഉത്തരവിനെതിരെ കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണു ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്. മകളെ വിവാഹം ചെയ്തു എന്നതു ഭാര്യാപിതാവിന്‍റെ സ്വത്തിന് അവകാശമുന്നയിക്കാന്‍ പര്യാപ്തമായ കാരണമല്ലെന്നും കോടതി വ്യക്തമാക്കി. 

വിവാഹശേഷം ഭര്‍ത്താവ് ഭാര്യവീട്ടിലെ ദത്തെടുക്കപ്പെട്ട അംഗമായി മാറുമെന്നതിനാല്‍, ഭാര്യാപിതാവിന്‍റെ വീടുള്‍പ്പെടെയുള്ള വസ്തുവകകളില്‍ തനിക്കും അവകാശമുണ്ടെന്നു കാണിച്ചാണു കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി ഹൈക്കോടതിയെ സമീപിച്ചത്. മരുമകന്‍ വീട്ടില്‍ കയറുന്നതു വിലക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ പയ്യന്നൂര്‍ സബ്കോടതി നേരത്തേ ഭാര്യാപിതാവിന് അനുകൂലമായി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് ചോദ്യം ചെയ്താണു മരുമകന്‍ ഹൈക്കോടതിയിലെത്തിയത്.
മരുമകന്‍റെ പെരുമാറ്റം സഹിക്കാന്‍ വയ്യാത്തതിനാലാണു വീട്ടില്‍ പ്രവേശിക്കുന്നതില്‍നിന്നു തടയണമെന്ന് ആവശ്യപ്പെട്ടു ഭാര്യാപിതാവ് കോടതിയെ സമീപിച്ചത്. വസ്തുവിന്‍റെ പൂര്‍ണ ഉടമസ്ഥാവകാശം ഭാര്യാപിതാവിനാണെന്ന് ഉത്തരവിട്ട കോടതി ഇതില്‍ അവകാശമുന്നയിക്കാന്‍ മരുമകനു സാധിക്കില്ലെന്നും വ്യക്തമാക്കി. മരുമകന്‍ വീട്ടില്‍ കയറുന്നതു തടഞ്ഞുകൊണ്ടുള്ള കീഴ്ക്കോടതി ഉത്തരവ് നിലനിൽക്കും. പരാതിക്കാരന്‍റെ മകളെ വിവാഹം ചെയ്തു എന്നതിന്‍റെ പേരില്‍ സ്വത്തിന് അവകാശമുണ്ടെന്ന വാദം അംഗീകരിക്കാന്‍ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ‌‌

➖️➖️➖️➖️➖️➖️➖
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*