Pages

*പോലീസ് സ്റ്റേഷനിൽ ലഭിക്കുന്ന ഒരു പരാതിയും അവഗണിക്കപ്പെടരുത് ; മുഖ്യമന്ത്രിയുടെ നിർദ്ദേശങ്ങൾ സർക്കുലറായി*


15-10-2021
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖

കഴിഞ്ഞ ആഴ്ച എസ്.ഐ റാങ്ക് മുതലുള്ള പോലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തില്‍ മുഖ്യമന്ത്രി നല്‍കിയ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ സര്‍ക്കുലറായി പുറത്തിറക്കി സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത്.
സംസ്ഥാന പോലീസുമായി ബന്ധപ്പെട്ട് സമീപകാലത്തുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഒക്ടോബര്‍ മൂന്നിന് മുഖ്യമന്ത്രി പോലീസ് ഉദ്യോഗസ്ഥരുടെ വിപുലമായ യോഗം വിളിച്ചതും പൊതുപെരുമാറ്റച്ചട്ടം നിര്‍ദേശിച്ചതും.

*സര്‍ക്കുലറിലെ പ്രധാന നിര്‍ദേശങ്ങള്‍*

പോലീസുദ്യോഗസ്ഥര്‍ ജനങ്ങളോട് മാന്യമായി പെരുമാറണം. എസ്‌.എച്ച്‌.ഒ മുതലുള്ള എല്ലാം ഓഫീസര്‍മാരുടേയും പൊതുജന സമ്പര്‍ക്കം മാന്യമായിരിക്കണം. ഇതുലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. ഗുരുതരമായ കുറ്റകൃത്യങ്ങളുടെ ചാര്‍ജ് ഷീറ്റ് സബ് ഡിവിഷണല്‍ ഓഫീസര്‍മാര്‍ സമയബന്ധിതമായി പരിശോധിച്ച്‌ അംഗീകരിക്കണം.

പോലീസ് സ്റ്റേഷനില്‍ ലഭിക്കുന്ന ഒരു പരാതിയും അവഗണിക്കപ്പെടരുത്. നടപടി സ്വീകരിക്കാന്‍ കഴിയാത്തവയുടെ കാര്യത്തില്‍ നിയമപരമായ പരിമിതി വ്യക്തമാക്കി പരാതിക്കാര്‍ക്ക് മറുപടി നല്‍കണം. കേസുകളുടെ അന്വേഷണ പുരോഗതി, എഫ്‌.ഐ.ആര്‍ പകര്‍പ്പടക്കം പരാതിക്കാര്‍ക്ക് നല്‍കാനാവുന്ന രേഖകളെല്ലാം നല്‍കണം. ഉദ്യോഗസ്ഥരുടെ പെരുമാറ്റവും ഭാഷയും പരിഷ്കൃത സമൂഹത്തിന് യോജിച്ചതാവണം.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ പരാതികള്‍ രേഖപ്പെടുത്താന്‍ പ്രത്യേക രജിസ്റ്റര്‍ ഉറപ്പാക്കണം. ഇത്തരം പരാതികളില്‍ കൃത്യമായ നിയമനടപടി സ്വീകരിച്ചുവെന്ന് എസ്‌.എച്ച്‌.ഒമാരും ഉറപ്പാക്കണം. കുട്ടികള്‍ക്കെതിരെയുള്ള അക്രമങ്ങളില്‍ അടിയന്തര നടപടി വേണം. കുട്ടികളെ ലൈംഗീകാതിക്രമത്തിന് ഇരയാക്കുന്നവരെ സമയബന്ധിതമായി അറസ്റ്റ് ചെയ്ത കര്‍ശന നടപടി സ്വീകരിക്കണം.

ഇന്റലിജന്‍സ് വെരിഫിക്കേഷന്‍ ഇല്ലാതെ സര്‍ക്കാരിതര പൊതുപരിപാടികള്‍ക്ക് പോലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കേണ്ടതില്ല. പരിശോധനയ്ക്ക് ശേഷം അത്തരം പരിപാടികളില്‍ യൂണിഫോം ഒഴിവാക്കണം. സൈബര്‍ കുറ്റകൃത്യങ്ങളില്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണം. ഓണ്‍ലൈന്‍ വഴിയുള്ള പരാതികള്‍ക്ക് രസീത് നല്‍കണം. സൈബര്‍ നിയമലംഘനം നടത്തുന്ന ഓൺലൈന്‍ മാധ്യമങ്ങള്‍ക്കെതിരേയും നടപടി വേണം.

➖️➖️➖️➖️➖️➖️➖
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*