*ലീഗ് ലിംഗവിവേചനം നടത്തുന്ന പാർട്ടിയല്ല ; മുഖ്യമന്ത്രിക്ക് മറുപടിയുമായി സാദിഖലി ശിഹാബ് തങ്ങൾ*


05-10-2021
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖➖

ഹരിത വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് മുസ്‍ലിം ലീഗ് നേതാവ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ മറുപടി. ലീഗ് ലിംഗവിവേചനം നടത്തുന്ന പാര്‍ട്ടിയല്ല. ലീഗിനോളം വനിതകളെ പരിഗണിച്ചവരുണ്ടാവില്ലെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. നിയമസഭയിലായിരുന്നു ഹരിത വിഷയത്തില്‍ ലീഗിന് മുഖ്യമന്ത്രിയുടെ പരോക്ഷ വിമര്‍ശനം.

മുസ്‌ലിം ലീഗിനോളം വനിതകളെ പരിഗണിച്ചവര്‍ കുറവായിരിക്കും. തദ്ദേശ സ്ഥാപനങ്ങളില്‍ ലീഗിന് രണ്ടായിരത്തിലധികം വനിതാ പ്രതിനിധികളുണ്ട്. ഹരിതയ്ക്ക് പുതിയ കമ്മിറ്റിയെ കൊണ്ടുവരികയാണ് ചെയ്തത്. ഇതില്‍ പിന്നെ എവിടെയാണ് ലിംഗ വിവേചനമുള്ളത്..? നിയമസഭയിലെ വിവാദങ്ങള്‍ക്ക് അവിടെത്തന്നെ മറുപടി നല്‍കിയിട്ടുണ്ടെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

ഹരിതയ്‌ക്കെതിരായ ലീഗ് നടപടി പ്രതിപക്ഷമാണ് നിയമസഭയിലുന്നയിച്ചത്. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെടുത്തിയാണ് വിഷയം ഭരണപക്ഷം ചോദ്യോത്തര വേളയില്‍ ഉയര്‍ത്തിയത്. ഹരിതയ്‌ക്കെതിരായ നടപടി സമൂഹത്തിന് നല്‍കിയത് തെറ്റായ സന്ദേശമാണെന്ന് ഭരണപക്ഷം കുറ്റപ്പെടുത്തി. ഇക്കാര്യം സൂചിപ്പിച്ച്‌ മുഖ്യമന്ത്രിയും സംസാരിച്ചു.

'സ്ത്രീകള്‍ക്ക് അന്തസോടെ ജീവിക്കാനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ നടത്തുന്നുണ്ട്. പൊതുസമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുന്ന സ്ത്രീവിരുദ്ധ ഇടപെടലില്‍നിന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ മാറിനില്‍ക്കണം. അതാണ് സര്‍ക്കാര്‍ നിലപാട്. സ്ത്രീകള്‍ക്കെതിരായ നീക്കങ്ങള്‍ സമൂഹത്തില്‍ ഇല്ലാതായിട്ടില്ല. സ്ത്രീകളെ അടിച്ചമര്‍ത്തുന്നതിനെതിരെ സംസ്ഥാനം പണ്ടുമുതല്‍ എതിര്‍ത്തിട്ടുണ്ട്. സ്ത്രീ സംരക്ഷണത്തിന് സ്വീകരിച്ച പൊതുസമീപനത്തിന്റെ തുടര്‍ച്ചയുണ്ടാവണം.'' പ്രസംഗത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഏതെങ്കിലും ആളുകള്‍ക്ക് അപഭ്രംശം വന്നിട്ടുണ്ടെങ്കില്‍ തിരിച്ചറിഞ്ഞ് തിരുത്തണം. സ്ത്രീകളുടെ തുല്യപദവിയും തുല്യനീതിയും അംഗീകരിക്കാനുള്ള നിലപാടാണ് എല്ലാവരും സ്വീകരിക്കേണ്ടത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും ഒരേമനസ്സോടെ ഈ കാര്യത്തിന് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. 'ഹരിത'യുടെയും ലീഗിന്റെയും പേര് പരാമര്‍ശിക്കാതെയായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. ഹരിതയുമായി ബന്ധപ്പെട്ട ചോദ്യം റദ്ദാക്കണമെന്ന പ്രതിപക്ഷ ആവശ്യം സ്പീക്കര്‍ അംഗീകരിച്ചില്ല. ഇത് ചോദ്യോത്തര വേളയില്‍ ഭരണ-പ്രതിപക്ഷ വാക്ക്‌പോരിന് ഇടയാക്കിയിരുന്നു.

➖️➖️➖️➖️➖️➖️➖
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*